എസ്.എം.എ. ബാധിച്ച കുട്ടികൾക്കായി സമാഹരിച്ച മൂന്നുലക്ഷം രൂപ കൈമാറി

മുതുകുളം: ജനിതക രോഗമായ എസ്.എം.എ. ബാധിച്ച കോഴിക്കോട് ഓമശ്ശേരി കല്ലുരുട്ടി സ്വദേശികളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നീ ഒന്നേമുക്കാൽ വയസ്സുള്ള കുട്ടികളുടെ ചികിത്സയ്ക്കായി മുതുകുളം ഗ്രാമം എസ്.എച്ച്.ജി.യുടെ നേതൃത്വത്തിൽ സമാഹരിച്ച തുക കൈമാറി. മുതുകുളം 3,4,12,13 വാർഡുകളിലും പരിസരപ്രദേശങ്ങളിൽനിന്നുമായി 3,00,867 രൂപയാണ് സമാഹരിച്ചത്.
മുതുകുളം ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ആർ. സതീഷ്കുമാർ, രഹിനാ മംഗളൻ, കെ. ശ്രീലത എന്നിവർ ചേർന്ന് തുക ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡി. സുജാതയെ ഏല്പിച്ചു. ഗ്രാമം എസ്.എച്ച്.ജി. വൈസ് പ്രസിഡന്റ് എം. ബാലചന്ദ്രൻ അധ്യക്ഷനായി. ആർ. അനിൽകുമാർ, എച്ച്. നൗഷാദ്, കെ. സുബീർ, എച്ച്. സിറാജുദീൻ എന്നിവർ സംസാരിച്ചു.
കുട്ടികളുടെ ചികിത്സയ്ക്കായി 50 കോടി രൂപയോളമാണ് വേണ്ടത്. കേരളമൊട്ടാകെ ഇതിനായി ധനസമാഹരണം നടത്തിവരുകയാണ്.
Content Highlights: A self-help group in Muthukulam handed over more than three lakh rupees collected for the treatment of three children diagnosed with Spinal Muscular Atrophy.