മാവേലിക്കര നഗരം തെരുവുനായ്ക്കളുടെ പിടിയിൽ

വന്ധ്യംകരണത്തിനു നടപടിയില്ല
മാവേലിക്കര : നഗരത്തിൽ തെരുവുനായ്ക്കളുടെ എണ്ണം പെരുകുമ്പോഴും അവയെ വന്ധ്യംകരിക്കാനോ പുനരധിവസിപ്പിക്കാനോ ഫലപ്രദ നടപടിയില്ല. മാവേലിക്കര നഗരത്തിൽ മാത്രം ഇരുനൂറോളം തെരുവുനായ്ക്കളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, ഉടമസ്ഥരില്ലാത്ത ആയിരത്തിലധികം നായ്ക്കൾ വിവിധ ഭാഗങ്ങളിലായുണ്ടെന്ന് ജനപ്രതിനിധികളടക്കം സമ്മതിക്കുന്നുണ്ട്. മാവേലിക്കരയിലും സമീപ പ്ര ദേശങ്ങളിലുമായി ജനങ്ങൾക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കാത്ത ഒരുദിവസം പോലും ഉണ്ടാകാറില്ല. പലതും ഒറ്റപ്പെട്ട സംഭവങ്ങളായതിനാൽ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്.
മാവേലിക്കര ജില്ല ആശുപത്രിയിൽ എല്ലാദിവസവും പത്തിൽ കുറയാതെ ആളുകൾ നായയുടെ കടിയേറ്റ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ എത്തുന്നുണ്ട്. ഇതിൽ വളർത്തുനായയുടെ കടിയേറ്റ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാമെങ്കിലും ഏറിയ പങ്കും തെരുവുനായ്ക്കളുടെ കടിയേറ്റാണ്.
മാവേലിക്കര നഗരത്തിൽ ജില്ല ആശുപത്രിവളപ്പ്, മിനി സിവിൽ സ്റ്റേഷൻ പരിസരം, ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിനു തെക്കുവശം, പുതിയകാവ് മാർക്കറ്റ്, കണ്ടിയൂർ ബൈപ്പാസ്, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, മിച്ചൽ ജങ്ഷനു വടക്കുവശം, മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ തെരുവുനായ്ക്കൾ വിഹരിക്കുകയാണ്. നായ്ക്കൾ കുറുകേ ചാടി ഇരുചക്രവാഹനം മറിഞ്ഞുള്ള അപകടങ്ങൾ രാത്രികളിൽ പതിവാണ്.
മാവേലിക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡ് വളപ്പിൽ മാത്രം അൻപതോളം തെരുവുനായ്ക്കളുണ്ട്. സ്റ്റാൻഡിൽ ബസ് കയറാനെത്തുന്നവർക്ക് ഇവ ഭീഷണിയാണ്. സ്കൂൾവിദ്യാർഥികളെ നായ്ക്കൾ കടിച്ച സംഭവം സ്റ്റാൻഡിലുണ്ടായിട്ടുണ്ട്. നഗരസഭയുടെ നഗര ജനകീയാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയെത്തുന്നവർ നായ്ക്കളെ പേടിച്ചുവേണം അകത്തേക്കു കയറാൻ. ആരോഗ്യകേന്ദ്രത്തിന്റെ വാതിലിനു സമീപം നായ്ക്കൾ കൂട്ടമായി കിടക്കുന്നത് മിക്കപ്പോഴും കാണാം.
ജില്ല ആശുപത്രിവളപ്പാണ് തെരുവുനായ്ക്കളുടെ മറ്റൊരു വിഹാരകേന്ദ്രം. നൂറ്റൻപതോളം നായ്ക്കൾ ആശുപത്രിവളപ്പിലുള്ളതായാണു കണക്ക്. ആശുപത്രി വാർഡുകളിലുൾപ്പെടെ നായ്ക്കൾ യഥേഷ്ടം വിഹരിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വയോധികയ്ക്ക് ഭക്ഷണവുമായെത്തിയ മകനെ തെരുവുനായ കടിച്ചത് രണ്ടാഴ്ച മുൻപാണ്.
കഴിഞ്ഞവർഷം പേയിളകിയ തെരുവുനായ നഗരത്തിൽ എഴുപതോളം പേരെ കടിച്ചിരുന്നു. ഒട്ടേറെ തെരുവുനായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കും അന്ന് ഇതേ നായയുടെ കടിയേറ്റു. അന്ന് മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പു നൽകാൻ ലക്ഷ്യമിട്ടെങ്കിലും വിരലിലെണ്ണാവുന്നവയ്ക്കു മാത്രമാണ് നൽകാനായത്.
വർധിക്കുന്ന തെരുവുനായ്ക്കൾ
ചെറിയ പ്രദേശത്ത് പരിധിയിലധികം തെരുവുനായ്ക്കൾ എത്തുന്നതോടെ ഭക്ഷണം അപര്യാപ്തമാകും. ഭക്ഷണം ലഭിക്കാതെ വരുമ്പോഴാണ് നായ്ക്കൾ കൂട്ടമായി മനുഷ്യരെ ആക്രമിക്കുന്ന സാഹചര്യമുണ്ടാകുന്നത്. രാത്രിയിൽ ഹോട്ടലുകളിലെ ബാക്കിവരുന്ന ഭക്ഷണാവശിഷ്ടങ്ങളും വിജനമായ സ്ഥലങ്ങളിൽ പുറത്തുനിന്ന് രഹസ്യമായി കൊണ്ടുവന്നു തള്ളുന്ന ഇറച്ചിക്കോഴി അവശിഷ്ടങ്ങളുമൊക്കെയാണ് തെരുവുനായ്ക്കളുടെ ഭക്ഷണം. ചില ദിവസങ്ങളിൽ ഇതു കിട്ടാതെ വിശന്നുകിടക്കുന്ന നായ്ക്കൾ പ്രഭാതസവാരിക്കിറങ്ങുന്നവരെ ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്.
എങ്ങുമെത്താതെ എ.ബി.സി. സെന്റർ
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനും പുനരധിവാസത്തിനുമായി ജില്ല പഞ്ചായത്തും ജില്ല മൃഗസംരക്ഷണവകുപ്പും ചേർന്നു ലക്ഷ്യമിട്ട എ.ബി.സി. കേന്ദ്രങ്ങൾ നടപ്പായില്ല. രണ്ടു ബ്ലോക്ക് പഞ്ചായത്തുകളും ഒരു നഗരസഭയും ചേർന്ന് കേന്ദ്രമാരംഭിക്കുകയായിരുന്നു ലക്ഷ്യം. ഓരോ പഞ്ചായത്തിലും എ.ബി.സി. കേന്ദ്രം തുടങ്ങാനാവശ്യമായ എണ്ണം നായ്ക്കൾ നാട്ടിലുണ്ടെന്നതാണു വസ്തുത. പ്രാദേശികമായ എതിർപ്പു ഭയന്ന് പഞ്ചായത്തുകളും നഗരസഭകളും സ്ഥലം ഏറ്റെടുത്തു നൽകാൻ വിമുഖത കാട്ടുന്നതാണ് പദ്ധതിക്കു വിനയായത്. രണ്ടുവർഷം മുൻപ് താലൂക്കിന്റെ തെക്കൻമേഖലയിൽ എ.ബി.സി. കേന്ദ്രത്തിന് സ്ഥലം കണ്ടെത്തിയെങ്കിലും തുടർനടപടികൾ മുന്നോട്ടുപോയില്ല.