കൈവരികൾ തകർന്നു കനാൽപ്പാലം അപകടത്തിൽ

ആലാ : ആലാ പഞ്ചായത്തിലെ ആറാം വാർഡിൽ പെണ്ണുക്കര കനാൽ ജങ്ഷൻ-വാളാപ്പുഴ പി.ഡബ്ല്യു.ഡി. റോഡിൽ കനാലിനു കുറുകേയുള്ള പാലം അപകടാവസ്ഥയിൽ. പത്തടിയോളം ആഴമുള്ള ഈ കനാലിനു മുകളിലെ പാലത്തിന്റെ കൈവരികൾ നിലവിൽ തകർന്ന നിലയിലാണ്. ഇരുഭാഗത്തുനിന്നു പെട്ടെന്ന് വളവു തിരിഞ്ഞു വരുന്ന യാത്രക്കാർക്ക് പാലവും കനാലും ഉണ്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. രാത്രിയിൽ കനാലിലേക്ക് വാഹനങ്ങൾ വീണിട്ടുണ്ട്.
പി.ഡബ്ല്യു.ഡി.യുടെ നിയന്ത്രണത്തിലുള്ളതാണ് റോഡ്. അതേസമയം, കനാൽ പി.ഐ.പി.യുടെ കീഴിലാണു വരുന്നത്. പാലം പൊളിച്ച് പുതിയത് പണിയുന്നതുമായി ബന്ധപ്പെട്ട് രണ്ടു വകുപ്പുകളും യോജിപ്പിലെത്തിയില്ല. പാലം പണിയാൻ പണമില്ലെന്നാണ് പി.ഐ.പി. പറയുന്നത്. പാലം അപകടത്തിലായതോടെ നാട്ടുകാർ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. എത്രയും പെട്ടെന്ന് പാലം പൊളിച്ചു പണിയണമെന്നാണാവശ്യം.