കന്നിമേൽ കുടിവെള്ളപദ്ധതി; ഒന്നാംഘട്ടം പൂർത്തിയാകുന്നു

മാങ്കാംകുഴി : രണ്ടരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമമിട്ട് തഴക്കര പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ കുടിവെള്ളമെത്തിക്കാനുള്ള വെട്ടിയാർ കന്നിമേൽ കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട നിർമാണം പൂർത്തിയാകുന്നു.

രാഷ്ട്രീയത്തർക്കങ്ങളും വിവാദങ്ങളും ഒപ്പം കരാറെടുക്കാൻ ആളില്ലാത്തതിനെയും തുടർന്ന് 1.40 കോടി രൂപ ജല അതോറിറ്റിയിൽ മുൻകൂറായി അടച്ച പദ്ധതി പ്രതിസന്ധിയിലായിരുന്നു. തുടർന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ.യാണ് നിർമാണോദ്ഘാടനം നടത്തിയത്.

അച്ചൻകോവിലാറിന്റെ തീരത്ത് വെട്ടിയാർ പുലക്കടവ് പാലത്തിനു സമീപം കിണറിന്റെ പണിയാണ് പൂർത്തിയാകുന്നത്. രണ്ടാംഘട്ടത്തിലാണ് ഓവർഹെഡ് ടാങ്കും പൈപ്പുകളും സ്ഥാപിക്കുക.

വെട്ടിയാർ കന്നിമേൽ കോളനിയിലെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ടാങ്ക് പണിയുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ പഞ്ചായത്തിലെ എട്ട്, ഒൻപത്, 10, 11 വാർഡുകളിലെ ജലക്ഷാമം ഇല്ലാതാകും.

തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രവീന്ദ്രനുണ്ണിത്താൻ, വൈസ് പ്രസിഡന്റ് അജിമോൻ നിറം, സ്ഥിരംസമിതി അധ്യക്ഷരായ വിഷ്ണു സുരേഷ്, അനീഷാ ഷിബു, അംഗങ്ങളായ ആർ. ശശികുമാർ, സതീഷ് വടുതല എന്നിവർ സ്ഥലത്തെത്തി നിർമാണ പുരോഗതി വിലയിരുത്തി.