കൊല്ലം-തേനി ദേശീയപാത വികസനം; സംയുക്ത ഉദ്യോഗസ്ഥസംഘം സ്ഥലപരിശോധന തുടങ്ങി

ചാരുംമൂട് : കൊല്ലം-തേനി ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സംയുക്ത സ്ഥലപരിശോധന വെള്ളിയാഴ്ച തുടങ്ങി. റോഡിന്റെ അലൈൻമെന്റ് സംബഡിച്ച പരിശോധനയാണ് തുടങ്ങിയത്.
റോഡിലെ വലിയ വളവുകൾ നിവർത്തി പഴയ റോഡിലേക്കു പ്രവേശിക്കുന്നതിന് ഏറ്റെടുക്കേണ്ടിവരുന്ന ഭാഗങ്ങളും സർവേ നമ്പരുകളും സംയുക്ത ഉദ്യോഗസ്ഥസംഘം പരിശോധിച്ചു.
ദേശീയപാത കടന്നുപോകുന്ന കൊല്ലം, ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ വയ്യാങ്കരയിൽനിന്ന് താമരക്കുളം, ചാരുംമൂട്, മാങ്കാംകുഴി, കൊല്ലകടവ് വഴി ചെങ്ങന്നൂർ ഭാഗത്തേക്കാണ് പരിശോധന നടത്തുന്നത്.
നാഷണൽ ഹൈവേ അതോറിറ്റി, ബി.എസ്.എൻ.എൽ, റവന്യൂ, പി.ഡബ്ല്യു.ഡി, വാട്ടർ അതോറിറ്റി, ഇലക്ട്രിസിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥസംഘമാണ് പരിശോധനയ്ക്കെത്തിയത്.
പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ, യൂട്ടിലിറ്റി സംവിധാനങ്ങളുടെ മാറ്റിസ്ഥാപിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സമയബദ്ധമായി പൂർത്തിയാക്കുന്നതിന് ഈ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം കൂടിയിരുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനെ നേരിൽക്കണ്ട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടിയുണ്ടായത്.
കൊല്ലം ബൈപ്പാസ് ജങ്ഷൻ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂടു വരെയുള്ള ദേശീയപാത 183-ലെ 54.37 കിലോമീറ്ററാണ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നത്. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇ.പി.സി. മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിക്ക് 1,663.15 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
ഡ്രോൺ സർവേയും ജിയോ ടാഗ് ചെയ്ത രേഖകളും ഉപയോഗിച്ച് ഭൂമിക്കൈമാറ്റത്തിന്റെയും നിർമാണപുരോഗതിയുടെയും നിരീക്ഷണസംവിധാനം ഉറപ്പാക്കും. പദ്ധതിക്കാവശ്യമായ കേന്ദ്രാനുമതിയും സാമ്പത്തിക വകയിരുത്തലും ലഭിച്ച സാഹചര്യത്തിൽ ഇനി നിർമാണം ആരംഭിക്കുന്നതിനു കാലതാമസം ഉണ്ടാകരുതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു.