പുതുക്കിയ അടങ്കൽ അംഗീകരിക്കണമെന്ന് പൊതുമരാമത്തുവകുപ്പിന്റെ കത്ത്

മാവേലിക്കര മിച്ചൽ ജങ്ഷൻ വികസനം
മാവേലിക്കര : മിച്ചൽ ജങ്ഷൻ വികസനത്തിനായി പുതുക്കി നിശ്ചയിച്ച അടങ്കൽത്തുക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്തുവകുപ്പ് ചീഫ് എൻജിനിയർ സർക്കാരിനു കത്തു നൽകി. ജങ്ഷൻ വികസനത്തിനായി നേരത്തേ അനുവദിച്ച 25 കോടി പുതുക്കിയ അടങ്കലിൽ 49.79 കോടിയായി ഉയർന്നിട്ടുണ്ട്. പൊതുമരാമത്തുവകുപ്പ് നിരത്തുവിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാർച്ചിലാണ് അടങ്കൽ പുതുക്കിയത്. നേരത്തേ നിശ്ചയിച്ചിരുന്നതിൽനിന്നു വ്യത്യസ്തമായ പ്രവൃത്തികളും പുതുക്കിയ അടങ്കലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2017-18 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ മിച്ചൽ ജങ്ഷൻ വികസനപദ്ധതിക്ക് 2018 സെപ്റ്റംബറിൽ ഭരണാനുമതിയും സാങ്കേതികാനുമതിയും കിട്ടി. 2020-ൽ ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചു. ജങ്ഷൻ വികസനത്തിനായി അനുവദിച്ച 25 കോടിയിൽ 22.5 കോടിയും ഏറ്റെടുക്കുന്ന ഭൂമിക്കു നഷ്ടപരിഹാരം നൽകുന്നതിനാണ് നിശ്ചയിക്കപ്പെട്ടത്.
എട്ടുവർഷം മുൻപു പ്രഖ്യാപിച്ച പദ്ധതി കോടതിക്കേസും മറ്റുമായി നീണ്ടുപോയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണു ഭൂമിയേറ്റെടുക്കുന്നതിനായി വീണ്ടും പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇക്കാലയളവിൽ ഭൂമിയുടെ വിലയും നിർമാണസാമഗ്രികളുടെ ചെലവും വർധിച്ചതിനെത്തുടർന്നാണ് അടങ്കൽ പുതുക്കിയത്. പുതുക്കിയ അടങ്കൽപ്രകാരം ഭൂമിയേറ്റെടുക്കുന്നതിനു മാത്രം 42 കോടി രൂപയാണു നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ജങ്ഷനിൽ ഒരു ആർ വസ്തുവിന് 24 ലക്ഷം രൂപ മതിപ്പുവിലയുള്ളതായി റവന്യൂ അധികൃതർ പൊതുമരാമത്തുവകുപ്പിനെ അറിയിച്ചിരുന്നു.
ജങ്ഷൻ വികസനത്തിനായി നേരത്തേയുള്ള രൂപരേഖയനുസരിച്ച് ജങ്ഷനിൽനിന്നു കിഴക്കോട്ട് 220 മീറ്ററും മറ്റ് മൂന്നു ദിശകളിലേക്കും 140 മീറ്റർ വീതവും നീളത്തിലാണ് ഇരുവശവും ഭൂമിയേറ്റെടുക്കുക. ജങ്ഷന്റെ മധ്യഭാഗത്ത് റൗണ്ട് എബൗട്ടുണ്ടാകും. നാലു ദിശകളിലേക്കും ഒന്നിനു മൂന്നര മീറ്റർ വീതം വീതിയുള്ള നാലുവരിപ്പാതയുണ്ടാകും. പാതകൾക്കു വെളിയിൽ ഇരുവശത്തും ഒന്നര മീറ്റർ വീതം നടപ്പാതയും നടുവിൽ ഒരുമീറ്റർ വീതിയിൽ മീഡിയനുമുണ്ടാകും. നടപ്പാതയ്ക്കടിയിൽ ഒരു മീറ്റർ വീതിയിൽ വെള്ളമൊഴുകാനുള്ള ഓടയും 50 സെന്റീമീറ്റർ വീതിയിൽ പൈപ്പ് ലൈനുകളും കേബിളുകളും കടന്നുപോകാനുള്ള സ്ഥലവുമുണ്ടാകും. നവീകരണം പൂർത്തിയാകുമ്പോൾ ജങ്ഷനിൽ നിലവിലെ ഏഴുമീറ്റർ വീതി 18 മീറ്ററായി ഉയരും.
പുതുക്കിയ അടങ്കലനുസരിച്ച് മിച്ചൽ ജങ്ഷനു കുറുകേ കോട്ടത്തോടു കടന്നുപോകുന്ന ഭാഗം പുനർനിർമിക്കും. ജങ്ഷനിൽനിന്നു തെക്കോട്ടും വടക്കോട്ടും 60 മീറ്റർ വീതം നീളത്തിൽ കോട്ടത്തോടിനു മേൽമൂടി സ്ഥാപിക്കും. കനത്ത മഴയിൽ ജങ്ഷനിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതൊഴിവാക്കാൻ ജങ്ഷനു തെക്കും വടക്കുമായി റോഡിനു കുറുകേ രണ്ട് കലുങ്കുകൾ നിർമിക്കാനും ലക്ഷ്യമിടുന്നു.