നിർമാണത്തിലിരുന്ന പഴഞ്ചിറക്കുളത്തിന്റെ പാർശ്വഭിത്തികൾ തകരുന്നു

മാങ്കാംകുഴി : സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ ഉൾപ്പെടുത്തി 2025 ഒക്ടോബറിൽ നിർമാണം തുടങ്ങിയ തഴക്കര ഗ്രാമപ്പഞ്ചായത്തിലെ പഴഞ്ചിറക്കുളം നീന്തൽപരിശീലനകേന്ദ്രത്തിന്റെ പാർശ്വഭിത്തികൾ ഒന്നിനു പുറകെ മറ്റൊന്നായി തകർന്നുവീഴുന്നു. കായികവിഭാഗത്തിനാണ് നിർമാണച്ചുമതല. കഴിഞ്ഞ ജൂലായ് ആദ്യവാരത്തിൽ കുളത്തിന്റെ വടക്കുഭാഗം പൂർണമായി തകർന്നിരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് കുളത്തിന്റെ തെക്കുഭാഗം ഇടിഞ്ഞുതാണത്. നിർമാണത്തിലെ അപാകമാണ് പാർശ്വഭിത്തികൾ തകരാനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. പഴയ കൽക്കെട്ടിനു മുകളിൽ പാറ അടുക്കിയതാണ് കാരണമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.
കാലാവസ്ഥയും നീരൊഴുക്കുമാണെന്നാണ് കായികവകുപ്പ് എൻജിനിയറിങ് വിഭാഗം പറയുന്നത്. നാലു പതിറ്റാണ്ടുകൾക്കു മുൻപ് മാവേലിക്കര ഉപജില്ല സ്കൂൾ നീന്തൽമത്സരങ്ങൾ പഴഞ്ചിറക്കുളത്തിലാണ് നടന്നിരുന്നത്. പിന്നീട് പതിറ്റാണ്ടുകളായി ചെളിയും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു ഒന്നരയേക്കർ വിസ്തീർണമുള്ള പഴഞ്ചിറക്കുളം.
അശാസ്ത്രീയ നിർമാണവും അഴിമതിയും; വിജിലൻസ് അന്വേഷിക്കണം -കോൺഗ്രസ്
:സ്പോർട്സ് കൗൺസിലും എം.എൽ.എ.ഫണ്ടും ചേർത്താണ് ഒരു കോടി രൂപ പദ്ധതിക്കായി നീക്കിവെച്ചത്.
നിർമാണം തുടങ്ങിയ വേളയിൽത്തന്നെ അശാസ്ത്രീയമായാണ് പണി നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ന്യായമായും സംശയിക്കുന്നു. വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും കരാറുകാരന് ബിൽ മാറി പണം നൽകരുതെന്നും കോൺഗ്രസ് വെട്ടിയാർ മണ്ഡലം പ്രസിഡന്റ് വൈ. രമേശ് ആവശ്യപ്പെട്ടു.