റോഡിലെ കുഴി കോൺക്രീറ്റ് ചെയ്തു; ഗതാഗതം ഇന്നു പുനഃസ്ഥാപിക്കും

ചക്കുളത്തുകാവ് പൊങ്കാല
എടത്വാ : ചക്കുളത്തുകാവ് ഭഗവതീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനു മുന്നോടിയായി അമ്പലപ്പുഴ– തിരുവല്ല സംസ്ഥാന പാതയിൽ വെള്ളക്കിണർ ജങ്ഷനു സമീപത്തെ റോഡിലെ കുഴി കോൺക്രീറ്റ് ചെയ്ത് അടച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമായി. കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്ന് രൂപപ്പെട്ട കുഴി അറ്റകുറ്റപ്പണി പൂർത്തിയായിട്ടും അടയ്ക്കാത്തത് സംബന്ധിച്ച് ഭക്തജനങ്ങൾക്കും നാട്ടുകാർക്കും യാത്രാദുരിതം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൊതുമരാമത്ത് അധികൃതർ ഇടപെട്ട് കുഴി കോൺക്രീറ്റ് ചെയ്ത് അടയ്ക്കുകയായിരുന്നു. ഇതോടെ ഏറെ നാളായി യാത്രക്കാർ നേരിട്ടിരുന്ന ബുദ്ധിമുട്ടിനു പരിഹാരമായി. പൊങ്കാല മഹോത്സവത്തിനു മുന്നോടിയായി റോഡു ഗതാഗതയോഗ്യമാക്കിയതിൽ ഭക്തജനങ്ങളും നാട്ടുകാരും ആശ്വാസത്തിലാണ്.