ഐ.ടി.ബി.പി. ജങ്ഷൻ-താമരക്കുളം പുത്തൻചന്ത ജങ്ഷൻ റോഡിൽ ദുരിതയാത്ര

ചാരുംമൂട് : കായംകുളം-പുനലൂർ സംസ്ഥാനപാതയെയും കൊല്ലം-തേനി ദേശീയപാതയെയും ബന്ധിപ്പിക്കുന്ന നൂറനാട് ഐ.ടി.ബി.പി. ജങ്ഷൻ-താമരക്കുളം പുത്തൻചന്ത ജങ്ഷൻ റോഡ് സഞ്ചാരയോഗ്യമല്ല. താമരക്കുളം ഗ്രാമപ്പഞ്ചായത്ത് ഏഴ്, എട്ട് ,ഒൻപത് വാർഡുകളിൽക്കൂടിയുള്ള റോഡിൽ വർഷങ്ങളായി ടാറിങ്ങോ അറ്റകുറ്റപ്പണികളോ ചെയ്തിട്ടില്ല.

മിക്കയിടത്തും കുഴികളാണ്. മഴപെയ്യുമ്പോൾ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡേത് കുഴിയേത് എന്നറിയാതെ ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നു. ഒരു വാഹനത്തിന്‌ കഷ്ടിച്ചു കടന്നുപോകാൻ കഴിയുന്ന വീതിയേ നിലവിൽ റോഡിനുള്ളൂ. കെ.പി.റോഡിലെ ഐ.ടി.ബി.പി. ജങ്ഷനിൽനിന്ന്‌ താമരക്കുളത്തേക്കുള്ള പ്രധാനപ്പെട്ടതും എളുപ്പമുള്ളതുമായ മാർഗമാണിത്. ചാരുംമൂട് ജങ്ഷനിലൂടെ പോകാതെ ഐ.ടി.ബി.പി. ജങ്ഷനിൽനിന്ന്‌ മൂന്നു കിലോമീറ്റർ യാത്രചെയ്താൽ താമരക്കുളത്ത് എത്താം. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ക്യാമ്പും (ഐ.ടി.ബി.പി.), പ്രസിഡൻസി പബ്ലിക് സ്‌കൂളും ഈ റോഡിന്റെ വശത്താണ്.

സ്‌കൂൾ ബസുകൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന റോഡാണ്. ഐ.ടി.ബി.പി. ക്യാമ്പിലേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് എത്തുന്നത്. ക്യാമ്പിൽ നടക്കുന്ന റിക്രൂട്മെന്റുകളുടെ ഭാഗമായി മറ്റു ജില്ലകളിൽനിന്നു വരാറുള്ള ഉദ്യോഗാർഥികളും ഇതുവഴിവേണം എത്താൻ. ഐ.ടി.ബി.പി. ക്യാമ്പിനോടനുബന്ധിച്ചു സ്ഥാപിക്കുന്ന കേന്ദ്രീയവിദ്യാലയത്തിനുള്ള സ്ഥലം അനുവദിച്ചിട്ടുള്ളതും ഈ റോഡിന്റെ വശത്താണ്. പാലമേൽ, നൂറനാട്, താമരക്കുളം പഞ്ചായത്തുകളിലെ കർഷകർ തങ്ങളുടെ കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി താമരക്കുളം മാധവപുരം മാർക്കറ്റിലേക്കു പോകുന്നതിനും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.