കാറും ബൈക്കും റോഡ് പേവിങ് മെഷീനും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു

​പൂച്ചാക്കൽ : കാറും ബൈക്കും റോഡ് പേവിങ്‌ മെഷീനും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു.

ബൈക്ക് യാത്രക്കാരായ പെരുമ്പളം തെക്കേ കൊച്ചുപറമ്പിൽ വീട്ടിൽ സി.എച്ച്. നിഹാൽ (20), അരിവേലിപ്പറമ്പിൽ വീട്ടിൽ ഭൂപേഷ് ജ്യോതി (26), കാർ യാത്രികരായ പാണാവള്ളി സഞ്ജു നിവാസിൽ അമൽ (26), അരൂക്കുറ്റി കോട്ടൂർ വീട്ടിൽ മിഥുൻദാസ് (33), വടുതല കിഴക്കേകോട്ടൂർ വീട്ടിൽ നിഥിൻ (33), അരൂക്കുറ്റി നദുവത്ത് നഗർ വടയനാട്ട് പറമ്പിൽ മുഹമ്മദ് ഷാഫി എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ പെരുമ്പളം പാലത്തിലായിരുന്നു അപകടം. കാറും ബൈക്കും പെരുമ്പളത്തേക്കു പോകുകയായിരുന്നു. പാലത്തിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ വാഹനഗതാഗതം ഒരുവശത്തുകൂടി മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഒരുവശത്ത് റോഡ് പേവിങ് മെഷീൻ ഉപയോഗിച്ച് ടാറിങ് ജോലികൾ നടന്നുവരുകയായിരുന്നു. ബൈക്കിന്റെ പിന്നിൽ ഇടിച്ച കാർ നിയന്ത്രണംവിട്ട് റോഡ് പേവിങ് മെഷീനിലും ഇടിക്കുകയായിരുന്നു.