ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ചോർന്നൊലിക്കുന്നു

 ശബരിമലയുടെ കവാടത്തിനാണ് ഈ ദുരവസ്ഥ

ചെങ്ങന്നൂർ : തീർഥാടകരെത്താൻ ഒന്നരമാസം ബാക്കിയുള്ളപ്പോൾ ശബരിമലയുടെ കവാടമായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ അവഗണനയിൽ. തിരുവനന്തപുരം ഡിവിഷന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിലൊന്നാണിത്. മണ്ഡല, മകരവിളക്കു കാലത്ത് പതിനായിരത്തോളം തീർഥാടകരാണ് ദിവസവും സ്റ്റേഷനിലെത്തുന്നത്. ഇതിനുപുറമേ. 7,000 യാത്രക്കാർ ദിവസവും സ്റ്റേഷനിൽ വന്നുപോകുന്നുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്. ഇങ്ങനെയുള്ള റെയിൽവേ സ്റ്റേഷൻ അവസ്ഥ ശോചനീയമാണ്.

മഴ പെയ്യുമ്പോൾ സ്റ്റേഷൻ കെട്ടിടം ചോരാത്ത ഒരു ഭാഗവുമില്ല. സ്റ്റേഷൻ മുറ്റത്തും വെള്ളക്കെട്ടുണ്ടാകും. പോർച്ചില്ലാത്തതിനാൽ വാഹനങ്ങൾ സ്റ്റേഷൻ കെട്ടിടത്തോടു ചേർത്തു നിർത്താനാകില്ല. ഇക്കാരണത്താൽ നനഞ്ഞുവേണം യാത്രക്കാർ വാഹനത്തിൽ കയറാനും ഇറങ്ങാനും. മഴപെയ്താൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിനിൽക്കും.

കാലപ്പഴക്കംമൂലം സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽ പായലും പുല്ലുമായി. കെട്ടിടത്തിന്റെ സുഷിരങ്ങളിലൂടെ നനഞ്ഞിറങ്ങുന്ന വെള്ളം പ്ലാറ്റ് ഫോമിലാണ് വീഴുന്നത്. ഇരിപ്പിടങ്ങളും നനയും. ഇൻഫർമേഷൻ കൗണ്ടർ, ടിക്കറ്റ് കൗണ്ടർ എന്നിവിടങ്ങളിലും ചോർച്ചയുണ്ട്. മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ 13,14 കോച്ചുകൾ നിർത്തുന്ന ഭാഗത്ത് മേൽക്കൂരയില്ല. മഴയാണെങ്കിൽ യാത്രക്കാർ നനയേണ്ടിവരും.

എല്ലാ തീർഥാടനകാലത്തിനും മുൻപായി പേരിനൊരു അറ്റകുറ്റപ്പണി മാത്രമാണ് നടത്തുന്നത്. സ്റ്റേഷൻ നവീകരണപദ്ധതി നിലവിലുള്ളതിനാൽ കൂടുതൽ പണം ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്താൻ റെയിൽവേ തയ്യാറല്ല. അതേസമയം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ സ്റ്റേഷൻ നവീകരണപദ്ധതി തുടങ്ങിയിട്ടില്ല. 98.46 കോടിയുടെ പദ്ധതിക്കാണ് അംഗീകാരമായത്. 2024 ഫ്രെബുവരിയിൽ പദ്ധതിയുടെ ഉദ്ഘാടനം നടന്നെങ്കിലും ഇതുവരെ ടെൻഡറായിട്ടില്ല.

സാങ്കേതിക കുരുക്കിൽപ്പെട്ടു കിടക്കുകയാണ്. ജൂലായിൽ നടന്ന റെയിൽവേ ഉപഭോക്തൃ കൂടിയാലോചനാസമിതി യോഗത്തിൽ സ്റ്റേഷൻ നിർമാണത്തിലെ അനിശ്ചിതത്വം ചർച്ചയായി. റെയിൽവേയുടെ മെല്ലെപ്പോക്കിൽ യോഗത്തിൽ രൂക്ഷവിമർശമുണ്ടായി. വീണ്ടും പദ്ധതി ടെൻഡർ ചെയ്യുമെന്നാണ് റെയിൽവേ അധികൃതർ യോഗത്തിൽ അറിയിച്ചത്. ഈ സാഹചര്യത്തിൽ തീർഥാടകർക്ക് മതിയായ സൗകര്യങ്ങൾ ഇത്തവണയും ഒരുക്കുക വെല്ലുവിളിയാണ്.

നിർമാണം നീളുന്ന സാഹചര്യത്തിൽ സ്റ്റേഷന് ട്രസ് മേൽക്കൂര പണിയണമെന്ന ആവശ്യം ശക്തമാണ്. റെയിൽവേയുടെ സെപ്റ്റിക് ടാങ്കുകൾ കൃത്യമായി വൃത്തിയാക്കണമെന്നും പരിസരവാസികൾക്കും യാത്രക്കാർക്കും ഒരുതരത്തിലുള്ള ബുദ്ധിമുട്ടുണ്ടാകരുതെന്നും നഗരസഭ റെയിൽവയോട് ആവശ്യപ്പെട്ടിരുന്നു.