ചെങ്ങന്നൂരിന്റെ പൈതൃകം; തൂക്കുപാലം തുലാസിൽ

ചെങ്ങന്നൂർ : ചെങ്ങന്നൂരിന്റെ പൈതൃകമായി സംരക്ഷിക്കേണ്ട ഇടനാട്ടിലെ തൂക്കുപാലം വീഴുന്നനിലയിൽ. ഒരുകാലത്ത്‌ പമ്പാനദിയുടെ ഇരുകരകളായ ഇടനാടിനെയും പുത്തൻകാവിനെയും ബന്ധിപ്പിച്ചിരുന്ന പാലം മധ്യതിരുവിതാംകൂറിന്റെ തന്നെ പൈതൃക സ്വത്താണ്. പുതുതലമുറയ്ക്ക് കേട്ടറിവുപോലുമില്ലാത്ത തൂക്കുപാലത്തിന് സംരക്ഷണം അനിവാര്യമാണെന്ന അഭിപ്രായം ശക്തമാണ്. ഇതിന് സംസ്ഥാന പുരാവസ്തുവകുപ്പിന്റെ ഇടപെടൽ അനിവാര്യമാണ്.

ഇരുമ്പുകയറുകളിൽ താങ്ങിനിർത്തുന്ന പാലം അപൂർവ നിർമിതിയാണ്. എന്നാൽ, പലകകൾ മുഴുവൻ ദ്രവിച്ച് താഴെവീണു. ഇരുമ്പുചട്ടവും തകർന്നനിലയിലാണ്. ഇനിയും വൈകിയാൽ പാലം മുഴുവനായി താഴേയ്ക്കുവീഴുന്ന നിലയിലാണ്. പാലത്തിന്റെ ഇരുകരകളിലും കാടും വളർന്നുനിൽക്കുകയാണ്.

1964-ലാണ് പമ്പയാറിനു കുറുകേ ഇടനാട്ടിലേക്ക് തൂക്കുപാലം യാഥാർഥ്യമായത്. അതുവരെ പമ്പാനദി മുറിച്ചുകടക്കാൻ കടത്തുവള്ളമായിരുന്നു ആശ്രയം. എം.എൽ.എ. ആയിരുന്ന കെ.ആർ. സരസ്വതിയമ്മയുടെ ശ്രമഫലമായിട്ടായിരുന്നു പാലം യാഥാർഥ്യമായത്. പാലം വരുമ്പോൾ ചെങ്ങന്നൂർ നഗരസഭയായിരുന്നില്ല. പഞ്ചായത്തായിരുന്നു. ചെങ്ങന്നൂർ നഗരസഭ രൂപവത്കരിച്ച് 50 വർഷമാകുമ്പോൾ ഈ പൈതൃകസ്വത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടിവരുകയാണ്.

1980-കളുടെ മധ്യത്തിൽ പുതിയ കോൺക്രീറ്റ് പാലം വന്നതോടെയാണ് തൂക്കുപാലത്തിന്റെ പ്രഭാവം മങ്ങിയത്. അഞ്ച്‌ പതിറ്റാണ്ടു മുൻപ് പാലത്തിന്റെ നിർമാണത്തിന് 15,000 രൂപയാണ് ചെലവായത്. ജനകീയ സാമ്പത്തിക സഹകരണത്തോടെയായിരുന്നു നിർമാണം. ഇരുമ്പുകയറുകളിൽ ചട്ടം സ്ഥാപിച്ച് തേക്കിന്റെ തടി നട്ടും ബോൾട്ടുമിട്ട് ഉറപ്പിച്ചായിരുന്നു പാലം നിർമിച്ചത്. ആളുകൾ കയറുമ്പോൾ ചാഞ്ചാടുന്ന പാലം ആളുകൾക്ക് വിസ്മയമായിരുന്നു. പമ്പയാർ നിറഞ്ഞൊഴുകുന്നത് ഈ പാലത്തിലൂടെ കാണുന്നത് മനോഹര കാഴ്ചയായിരുന്നുവെന്ന്‌ പഴയ ആളുകൾ പറയുന്നു.