കുട്ടികളുടെ ബാങ്ക്; ഒന്നര മാസത്തെ സമ്പാദ്യം 15,100 രൂപ

കരുവാറ്റ : വെള്ളംകുളങ്ങര ഗവ.യു.പി. സ്‌കൂളിലെ കുട്ടികളുടെ ബാങ്ക് ഒന്നരമാസം കൊണ്ട് സമാഹരിച്ചത് 15,100 രൂപ. ഭൂരിഭാഗം കുട്ടികളുടെയും പേരിൽ എസ്.ബി. അക്കൗണ്ട് തുറന്നിട്ടുണ്ട്. കുട്ടികളുടെ ചെറിയ സമ്പാദ്യങ്ങൾ നിക്ഷേപിച്ചാണ് ഇത്രയും തുകയായത്. ഏറ്റവും കൂടുതൽ തുക നിക്ഷേപിച്ചത് ആറാം ക്ലാസിലെ എ. ആരാധ്യയാണ്. 1000 രൂപയാണ് ആരാധ്യയുടെ നിക്ഷേപം. 900 രൂപ നിക്ഷേപമുള്ള എസ്. ആദർശ് രണ്ടാം സ്ഥാനത്തുണ്ട്.

ആറാം ക്ലാസിലെ സാമൂഹികശാസ്ത്രം പുസ്തകത്തിൽ സ്വരൂക്കൂട്ടാം കരുതിവെക്കാം എന്ന പാഠഭാഗമുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അനുഭവപഠനമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിലെ സാമൂഹികശാസ്ത്രം ക്ലബ്ബ്‌ വിദ്യാ ബാങ്ക് തുടങ്ങുന്നത്. സ്‌കൂളിലെ അധ്യാപകനും സാമൂഹികശാസ്ത്രം ക്ലബ്ബ്‌ കൺവീനറുമായ വി. രജനീഷാണ് സ്‌കൂളിൽ ഒരു ബാങ്ക് എന്നയാശയം മുന്നോട്ടുവെക്കുന്നത്. പുസ്തകത്തിൽ വായിച്ചു മനസ്സിലാക്കുന്നതിനെക്കാളുപരി നേരിട്ട് ബാങ്കിങ് നടപടിക്രമങ്ങൾ ചെയ്യാനുള്ള അവസരമാണ് കുട്ടികൾക്കു വിദ്യാ ബാങ്കിലുടെ ലഭ്യമാകുന്നത്. ഇതിനായി ഹരിപ്പാട്ടെ ഒരു ബാങ്ക് സന്ദർശിക്കുകയും അവിടത്തെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

ബാങ്ക് തുറന്നിട്ട് ഒന്നര മാസമായെങ്കിലും സ്‌കൂൾ ദിവസങ്ങളിൽ മാത്രമാണ് ബാങ്കിന്റെ പ്രവർത്തനം. ഒരു സാധാരണ ബാങ്ക് പോലെയാണ് വിദ്യാബാങ്ക് പ്രവർത്തിക്കുന്നത്. കാഷ്യർ, മാനേജർ, ക്ലാർക്ക് തസ്തികകളെല്ലാം വിദ്യാർഥികൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അക്കൗണ്ട് തുറക്കൽ, പണം കൈകാര്യം ചെയ്യൽ, കെ.വൈ.സി. തുടങ്ങിയ ജോലികളും ഇവർ തന്നെയാണ് ചെയ്യുന്നത്. ഒരോ തസ്തികകളും കുട്ടികൾ മാറി മാറി കൈകാര്യം ചെയ്യുന്നതിലൂടെ എല്ലാ മേഖലയിലെയും പ്രവർത്തനങ്ങൾ പഠിക്കാൻ കഴിയും.

ഒന്നാംനിലയിലെ ഹാളിലാണ് ബാങ്കിന്റെ പ്രവർത്തനം. ബാങ്കിന്റെ പ്രവർത്തനങ്ങൾക്കായി പ്രത്യേകം കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രഥമാധ്യാപിക പി.എസ്. സിന്ധുകുമാരി, അധ്യാപകർ, എസ്.എം.സി., എസ്.ഡി.സി. എന്നിവയുടെ സഹകരണത്തോടെയാണ് ബാങ്ക് പ്രവർത്തിക്കുന്നത്. സ്‌കൂളിൽ ഒരു ബാങ്ക്

എന്നയാശയം എല്ലാ സ്‌കൂളുകളിലും പ്രാവർത്തികമാക്കിയാൽ പുതുതലമുറയ്ക്ക്‌ നിക്ഷേപശീലവും സാമ്പത്തിക അച്ചടക്കവും വളർത്താൻ സഹായകരമാകുമെന്നാണ് വെള്ളംകുളങ്ങര സ്‌കൂളിലെ കുട്ടികൾ പറയുന്നത്.