ടിപ്പർ ലോറിയിടിച്ച് വീട്ടമ്മ മരിച്ച സംഭവം; റോഡിന്റെ വീതിക്കുറവും അശാസ്ത്രീയ ഓടനിർമാണവും വില്ലനായി

മാവേലിക്കര : ജില്ല ആശുപത്രി ജങ്ഷനു സമീപം ശനിയാഴ്ച ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചതിനു പിന്നിൽ റോഡിന്റെ വീതിക്കുറവും അശാസ്ത്രീയമായ ഓടനിർമാണവും. തട്ടാരമ്പലം-പന്തളം പാത റീബിൽഡ് കേരള പദ്ധതിയിലൂടെ 119 കോടി ചെലവഴിച്ച്‌ നവീകരിച്ചശേഷം ഏറ്റവും വീതിക്കുറവുള്ള ഭാഗമാണ് മാവേലിക്കര ജില്ല ആശുപത്രി ജങ്ഷൻ മുതൽ കരയംവട്ടം വരെയുള്ള 500 മീറ്റർ ഭാഗം.

കഷ്ടിച്ച്‌ രണ്ടു വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ മാത്രം വീതിയുള്ള ഇവിടെ പലപ്പോഴും തലനാരിഴയിടയ്ക്കാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാതെ രക്ഷപ്പെടുന്നത്.

ശനിയാഴ്ച രാവിലെ നടന്ന അപകടത്തിൽ ചെന്നിത്തല തെക്ക് മുണ്ടുവേലിക്കടവ് തട്ടാരുപറമ്പിൽ ആൻസി വില്ലയിൽ ബാബു ജോർജിന്റെ ഭാര്യ ആനി ബാബു (56) ആണ് മരിച്ചത്. റോഡിന്റെ ഇടതുവശംചേർന്ന്‌ സാവധാനത്തിൽ വരുകയായിരുന്ന സ്കൂട്ടർ യാത്രികയെ അതേദിശയിലെത്തിയ ടിപ്പർ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെ തട്ടുകയായിരുന്നു. ലോറി ഇടിക്കാതിരിക്കാൻ റോഡിന്റെ ഇടതുഭാഗത്തേക്ക് സ്കൂട്ടർ പരമാവധി ഒതുക്കാൻ ശ്രമിച്ചെങ്കിലും ഉയരത്തിൽ ഓട നിർമിച്ചിരുന്നതിനാൽ കഴിഞ്ഞില്ല. നിയന്ത്രണംവിട്ട സ്കൂട്ടർ മറിയുകയും ടിപ്പറിന്റെ പിൻചക്രങ്ങൾ ആനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

റോഡിന്റെ നവീകരണം മുതൽ ഓടനിർമാണത്തെക്കുറിച്ച് ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. അശാസ്ത്രീയമായി റോഡിൽനിന്ന് ഉയരത്തിൽ ഓട നിർമിച്ച് സ്ലാബുകൾ സ്ഥാപിച്ചത് നേരത്തേയും അപകടങ്ങൾക്കു കാരണമായിട്ടുണ്ട്. റോഡിന്റെ വശങ്ങളിൽ ഒരാൾത്താഴ്ചയിൽ ഓടനിർമിച്ച് മുകൾവശത്ത് കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചിരിക്കുകയാണ്. അപകടം നടന്ന സ്ഥലത്ത് റോഡിനു വീതിക്കുറവായതിനാൽ ഒരുവശത്തു മാത്രമാണ് ഓടയുള്ളത്.