മൂന്നുവർഷത്തിനിടെ പൊലിഞ്ഞത് 79 ജീവൻ

ദേശീയപാത: അനധികൃത പാർക്കിങ്, കൈയേറ്റം, സുരക്ഷാ വീഴ്ച
ആലപ്പുഴ : നിർമാണം നടക്കുന്ന ദേശീയപാതയിൽ മൂന്നുവർഷത്തിനിടെ ജില്ലയിൽമാത്രം ജീവൻ നഷ്ടമായത് 79 പേർക്ക്. ഒരുവർഷത്തിനിടെ മാത്രം ഇതുവരെ 41 പേർക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റവർ നൂറിനുമുകളിലും. നിർമാണസമയത്ത് വേണ്ട സുരക്ഷയൊരുക്കാത്തതും കൈയേറ്റവുമാണ് പ്രധാന കാരണങ്ങൾ. തൃശ്ശൂർ കയ്പമംഗലത്ത് എട്ടുപേർ മരിച്ചിട്ടും ആലപ്പുഴയിൽ അധികൃതർ കണ്ണുതുറന്നിട്ടില്ല. തുറവൂരിൽ മേൽപ്പാത നിർമാണത്തിനിടെ ആവശ്യത്തിനു സുരക്ഷയൊരുക്കാത്തതിനെത്തുടർന്നുണ്ടായ അപകടങ്ങളും അതിൽ വലിയ പ്രതിഷേധവും നടന്നിട്ടും നിർമാണക്കമ്പനികളും അധികൃതരും കാര്യമായി ഇടപെടുന്നില്ല.
സർവീസ് റോഡ്, ദിശാബോർഡുകൾ, പൊടിശല്യം ഒഴിവാക്കൽ, നിർമാണസ്ഥലവും വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കൽ എന്നിവയെല്ലാം ഒരുക്കണമെന്നാണ്. എന്നാൽ, അരൂർ മുതൽ കൃഷ്ണപുരം വരെയുള്ള 96 കിലോമീറ്റർ ദേശീയപാതയിൽ സുരക്ഷാസംവിധാനം വിരളമാണ്. ദേശീയപാതയിലൂടെ പോകുന്നവർ പൊടിയിൽ കുളിക്കുന്ന അവസ്ഥയാണ് പലയിടത്തും.
കായംകുളം: കച്ചവടം റോഡ് കൈയേറിയും ദിശാബോർഡ് മറച്ചും
:കായംകുളം ഭാഗത്ത് നിർമാണം നടക്കുന്നിടത്ത് രാത്രി വലിയ വാഹനങ്ങൾ നിർത്തിയിടാറുണ്ട്. കല്ലുംമൂട് ഭാഗത്താണ് വാഹനങ്ങൾ നിർത്തിയിടുന്നത്. സൈൻബോർഡുകൾ മറച്ചാണിത്. കരീലക്കുളങ്ങര ഭാഗത്ത് പലയിടത്തും സൈൻബോർഡില്ല. അതിനാൽ സർവീസ് റോഡിലേക്ക് അപ്രതീക്ഷിതമായി വാഹനങ്ങളെത്തും. സർവീസ് റോഡിലൂടെ വരുന്നവർക്ക് ഈ വാഹനങ്ങൾ കാണാനുമാകില്ല. ചിറക്കടവം, കല്ലുംമൂട് ഭാഗത്ത് റോഡ് കൈയേറി കച്ചവടമുണ്ട്. അടിപ്പാതകളിൽനിന്ന് സർവീസ് റോഡിലേക്ക് വാഹനങ്ങൾ കയറുന്നിടത്തും അപകടം പതിവാണ്. സർവീസ് റോഡിലൂടെ വാഹനങ്ങൾ വരുന്നത് അടിപ്പാതയിൽനിന്നാൽ കാണില്ല. രാമപുരം, ഒ.എൻ.കെ. ജങ്ഷൻ എന്നിവിടങ്ങളിലെ അടിപ്പാതയിലാണ് അപകടം പതിവ്.
അമ്പലപ്പുഴയിൽ അപകടക്കെണിയായി പാർക്കിങ്
കളർകോട് ബ്ലോക്ക് ഓഫീസിനു മുന്നിൽ പ്രധാനപാതയിൽ കണ്ടെയ്‌നർ അടക്കമുള്ള ലോറികൾ രാത്രിയും പകലും നിർത്തിയിടുന്നത് അപകടക്കെണിയാണ്. ബൈപ്പാസിറങ്ങി വേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് അനധികൃത പാർക്കിങ് ഭീഷണിയാണ്. ചിന്മയ സ്കൂളിനു സമീപം സർവീസ് റോഡിൽനിന്ന് വാഹനങ്ങൾ പ്രധാനപാതയിലേക്കു പ്രവേശിക്കുന്ന ഭാഗത്തും അനധികൃത പാർക്കിങ്ങുണ്ട്. പറവൂർ വാട്ടർ വർക്‌സിനുസമീപം, കാക്കാഴം മുതൽ തോട്ടപ്പള്ളിവരെയുള്ള ഭാഗം എന്നിവിടങ്ങളിലെല്ലാം അപകടഭീഷണിയുണ്ട്. തോട്ടപ്പള്ളി സ്പിൽവേപ്പാലം ഇറങ്ങിവരുന്ന വാഹനങ്ങൾക്കും പാർക്കിങ് ഭീഷണിയാണ്.
ഹരിപ്പാട്ടും അപകടം പതിയിരിക്കുന്നു
ഹരിപ്പാട്ട് ഡാണാപ്പടി, മാധവ ജങ്ഷൻ, കെ.എസ്.ആർ.ടി.സി. ജങ്ഷൻ, നങ്ങ്യാർകുളങ്ങര എന്നിവിടങ്ങളിലാണ് യാത്രക്കാർക്ക് ഭീഷണിയുള്ളത്. പ്രധാനറോഡിലെ ഗതാഗതം തിരിച്ചുവിട്ടാണ് നിർമാണം. തൊട്ടടുത്തെത്തുമ്പോഴാണ് വഴിമാറിപ്പോകണം എന്നറിയുന്നത്. ഇത്, സ്ഥലപരിചയമില്ലാത്തവരും രാത്രി യാത്രചെയ്യുന്നവരും അപകടത്തിൽപ്പെടാനിടയാക്കും.
ഗതാഗതം തിരിച്ചുവിടുന്നതിന്റെ സൂചന കുറഞ്ഞത് 50 മീറ്റർ മുൻപെങ്കിലും ഡ്രൈവർമാർക്കു ലഭിക്കത്തക്ക വിധത്തിലെ ക്രമീകരണമാണ് വേണ്ടത്. ഹരിപ്പാട് മേഖലയിൽ ഒരിടത്തും ഇതില്ല. ദേശീയപാത കൈയേറിയുള്ള കടകൾ കുറവാണെങ്കിലും കടകൾക്കു മുൻപിൽ ഇരുചക്രവാഹനങ്ങളും കാറുകളും നിർത്തിയിടുന്നതു ബുദ്ധിമുട്ടാകുന്നുണ്ട്. കെ.എസ്.ആർ.ടി.സി. ജങ്ഷനു തെക്ക് നടപ്പാതയിലും സർവീസ് റോഡിലേക്ക് ഇറക്കിയാണ് വാഹനങ്ങളിടുന്നത്.
ഡാണാപ്പടിയിൽ അടിപ്പാതനിർമാണവുമായി ബന്ധപ്പെട്ട് അവ്യക്തത നിലനിൽക്കുന്നതിനാൽ ഇവിടെ അരക്കിലോമീറ്ററോളം പണി നിലച്ചു. ജങ്ഷനിൽനിന്നു വടക്കോട്ടുള്ള ഭാഗത്ത് ആറുവരിപ്പാതയുടെ പണി ഏതാണ്ട് പൂർത്തിയായി. വടക്കോട്ടുള്ള വാഹനങ്ങൾ പോകാനും തിരികെവരുന്ന വാഹനങ്ങൾക്ക് ജങ്ഷനിലേക്ക് ഇറങ്ങാനുമുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രാത്രി ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കുന്ന സൂചനാ ബോർഡുകളൊന്നുമില്ല. വടക്കുനിന്ന് അതിവേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുമിടയുണ്ട്. ഹരിപ്പാട് ഗവ. ആശുപത്രിക്കു സമീപവും അപകടരമായ രീതിയിലാണ് ഗതാഗതനിയന്ത്രണം.
ചേർത്തലയിൽ സുരക്ഷയെന്നാൽ ഭാഗ്യം മാത്രം
ചേർത്തലയിലൂടെയുള്ള യാത്രയിൽ സുരക്ഷയാകുന്നത് യാത്രക്കാരുടെ ഭാഗ്യം മാത്രം. ഗതാഗത ക്രമീകരണത്തിൽ പോലീസും ഗതാഗതവകുപ്പും കണ്ണടയ്ക്കുമ്പോൾ കരാർക്കമ്പനിയുടെ ജീവനക്കാരാണ് ക്രമീകരണമൊരുക്കുന്നത്. പകൽപോലും വഴിതെറ്റുന്ന തരത്തിലാണിത്. രാത്രി വെളിച്ചവുമില്ലാത്ത സ്ഥിതിയിൽ വാഹനങ്ങൾ വഴിതെറ്റി അപകടത്തിൽപ്പെടുന്നതു പതിവാണ്. പത്മാക്ഷിക്കവല, വയലാർകവല, തങ്കിക്കവല, ഒറ്റപ്പുന്ന മേൽപ്പാതകൾ താത്കാലികമായി തുറന്നിട്ടുണ്ടെങ്കിലും ഇവിടെ തോന്നിയ തരത്തിൽ നിർമാണക്കമ്പനിയുടെ വാഹനങ്ങളടക്കം പാർക്ക് ചെയ്യുന്നുണ്ട്. ഇവിടേക്കുള്ള വഴികൾ നിയന്ത്രണങ്ങളില്ലാതെ തുറന്നിട്ടിരിക്കുന്നതും വെല്ലുവിളിയാണ്. റെയിൽവേ സ്റ്റേഷനു മുന്നിലെ പാത ഗതാഗതത്തിനു തുറന്നിട്ടും രാപകൽ ഭേദമില്ലാതെയാണ് പാർക്കിങ്. 300 മീറ്ററോളം ഭാഗത്താണ് ഇരുചക്രവാഹനങ്ങളും കാറുകളും പാർക്കുചെയ്യുന്നത്.
ടെയ്ക്ക് എ ബ്രെയ്ക്കിന് ഇടമുണ്ട്, വഴിയടച്ച് നിർമാണം
:ചേർത്തല റെയിൽവേ സ്റ്റേഷന് എതിർവശം വാഹനങ്ങൾ പാർക്കുചെയ്യുന്നതിനടക്കം ചേർത്തല നഗരസഭയ്ക്ക് അരയേക്കറോളം സ്ഥലമുണ്ട്. ഇവിടെ ദീർഘദൂര വാഹനങ്ങൾക്കടക്കം പാർക്ക് ചെയ്യാനുള്ള പദ്ധതി നഗരസഭ തയ്യാറാക്കിയെങ്കിലും ദേശീയപാതാ അതോറിറ്റി ഇവിടേക്കുള്ള വഴിപോലുമില്ലാതെ സുരക്ഷാഭിത്തി കെട്ടി അടച്ചു. അശാസ്ത്രീയ നിർമാണത്തിനെതിരേ വലിയ സമരങ്ങൾ നടക്കുകയാണ്.
വണ്ടാനം ആശുപത്രികവാടത്തിനുമുന്നിലെ അടിപ്പാത പൂർത്തിയാകുന്നതോടെ സ്റ്റോപ്പ് മാറും. സ്റ്റോപ്പ് വരുന്ന സ്ഥലത്തെ വിശ്രമകേന്ദ്രം തുറക്കാൻ ഗ്രാമപ്പഞ്ചായത്ത് മനസ്സുവെച്ചാൽ നടക്കും. കുത്തിയതോട് പഞ്ചായത്ത് പരിധിയിൽ എൻ.സി.സി. കവലയിൽ വർഷങ്ങൾക്കു മുൻപ് ടെയ്ക്ക് എ ബ്രെയ്ക്കിനായി 15 സെന്റ് സ്ഥലം നൽകിയിരുന്നു. എന്നാൽ, നിർമാണം നടത്തിയിട്ടില്ല.