റബ്ബർത്തോട്ടത്തിൽ മനുഷ്യന്റെ ജീർണിച്ച തലയോട്ടിയും എല്ലിൻകഷണങ്ങളും

ചാരുംമൂട് : റബ്ബർത്തോട്ടത്തിൽ മനുഷ്യന്റെ ജീർണിച്ച തലയോട്ടിയും എല്ലിൻകഷണങ്ങളും. മരിച്ചത് തമിഴ്നാടു സ്വദേശിയെന്ന് സംശയം. പാലമേൽ കഞ്ചുകോട് നെല്ലിവിളമല ഭാഗത്തുള്ള സ്വകാര്യവ്യക്തിയുടെ റബ്ബർത്തോട്ടത്തിൽ ബുധനാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് തലയോട്ടിയും എല്ലുകളും പല സ്ഥലങ്ങളിലായി കിടക്കുന്നതു കണ്ടത്.
തോട്ടത്തിലെ റബ്ബർമരങ്ങളുടെ ചുവടു വൃത്തിയാക്കുകയായിരുന്ന സമീപവാസിയായ രാമചന്ദ്രനാണ് ഇവ കണ്ടത്. ഉടൻതന്നെ നൂറനാട് പോലീസിൽ അറിയിച്ചു. പോലീസെത്തി സ്ഥലത്ത് പരിശോധന നടത്തി.
തലയോട്ടി കിടന്നതിനടുത്തായി പല ഭാഗങ്ങളിലാണ് എല്ലിൻകഷണങ്ങൾ കിടന്നിരുന്നത്. മൃതദേഹം വന്യജീവികൾ വലിച്ചുകൊണ്ടുപോയതാകാനാണു സാധ്യതയെന്നാണ് കരുതുന്നത്. തലയോട്ടിക്കടുത്തായി തുണികൾ നിറച്ചിരുന്ന സഞ്ചിയും വിഷക്കുപ്പിയും പോലീസിനു ലഭിച്ചു.
റബ്ബർത്തോട്ടത്തിനടുത്ത് താമസക്കാരനായ തമിഴ്നാട് സ്വദേശി കുമാർ(52) ആണ് മരിച്ചതെന്നാണ് സാഹചര്യത്തെളിവുകളിൽനിന്ന് നാട്ടുകാർ പറയുന്നത്. വാളയാറിൽ ജോലിക്കു പോകാറുള്ള തൊഴിലാളിയായ ഇയാളെക്കുറിച്ച് സെപ്റ്റംബർ 15-നുശേഷം വിവരമില്ലെന്നാണ് അറിയുന്നത്. കുടുംബവുമായി അകന്നുകഴിയുന്ന ഇയാൾ വീടിനു സമീപത്തെ പറമ്പിലും റോഡിലുമൊക്കെ കിടന്നുറങ്ങാറുണ്ടെന്നും അയൽവാസികൾ പറയുന്നു.
ബുധനാഴ്ച സന്ധ്യയോടെ ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നൂറനാട് എസ്.എച്ച്.ഒ. രതീഷ് ബാബുവിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.