പ്രതീക്ഷ മഴയിൽ; വിത്തുവിതച്ച് കർഷകർ

വെൺമണി : അനിശ്ചിതത്വനൊടുവിൽ വെൺമണി മാമ്പ്ര പാടശേഖരത്തിൽ പുഞ്ചക്കൃഷിക്കായി വിത തുടങ്ങി. ആവശ്യത്തിനു വെള്ളമില്ലാത്തതിനാൽ കൃഷി താമസിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയാണ് കർഷകക്കാശ്വാസമായത്. കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കാൻ അധികൃതർക്കു സാധിക്കാത്ത സാഹചര്യത്തിൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
നെൽക്കൃഷിയുടെ വിളവെടുപ്പു കഴിഞ്ഞാൽ ഫെബ്രവരിയിൽ പച്ചക്കറിക്കൃഷി ചെയ്യേണ്ടതിനാൽ ചെങ്ങന്നൂർ ബ്ലോക്കിൽ ഈ പാടശേഖരത്തിലാണ് ആദ്യം കൃഷിയിറക്കുന്നത്. നെൽകൃഷിക്കുള്ള വിത്ത് പഞ്ചായത്തിന്റെ ജനകിയാസുത്രണ പദ്ധതിയിൽ 100 ശതമാനം സബ്സിഡിയിൽ വിതരണം ചെയ്തിരുന്നു. കൃഷി വകുപ്പിന്റെ പദ്ധതിപ്രകാരം 75 ശതമാനം സബ്സിഡിയിൽ ഡോളോമൈറ്റ് വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് വിതയുദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് എ.കെ. ബീന അധ്യക്ഷയായി. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തിന്റെ സംയുക്ത പദ്ധതിയായ സൂക്ഷ്മപോഷിണിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം രശ്മി കുമാരി നിർവഹിച്ചു.
ദിലീപ് ഗാർഡൻസ്, കലാ നാരായണൻ, എ.ജെ. തങ്കച്ചൻ, രാജേന്ദ്ര കുമാർ, കെ.കെ. സുനിൽ കുമാർ, കെ.എസ്. സന്ദിപ് കുമാർ, വി.വി. അനിൽ കുമാർ, ജയചന്ദ്രൻ, പ്രീതി ഗോപിനാഥ്, ആഷ്‌ലി, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി
വെൺമണി : ചെങ്ങന്നൂർ മേഖലയിൽ ആദ്യംവിതയ്ക്കുന്ന വെൺമണി മാമ്പ്ര പാടശേഖരത്തിലെ നെൽക്കൃഷി പ്രതിസന്ധി പരിഹരിക്കാൻ എത്രയും വേഗം നടപടിയെടുക്കുമെന്ന് മന്ത്രി ടി. സിദ്ദിക്ക് ഉറപ്പുനൽകിയതായി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം രശ്മി കുമാരി അറിയിച്ചു.
ഇത് സംബന്ധിച്ച് രശ്മികുമാരി തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പ്രശ്നപരിഹാരത്തിനായി ഒരു മോട്ടോറും മോട്ടോർ പുരയും നിർമിക്കാൻ നടപടിക്കും മന്ത്രി നിർദേശം നൽകി.