മുന്നറിയിപ്പില്ലാതെ ഗതാഗതം നിരോധിച്ചു, പ്രതിഷേധവുമായി യാത്രക്കാർ

പൈപ്പ്‌ കണക്‌ഷൻ മാറ്റിനൽകൽ

തുറവൂർ : കുടിവെള്ള കണക്‌ഷൻ മാറ്റിനൽകുന്ന ജോലികൾക്കായി ഗതാഗതം പൂർണമായി തടസ്സപ്പെടുത്തിയതിനെതിരേ പ്രതിഷേധവുമായി യാത്രക്കാർ രംഗത്ത്. തൈക്കാട്ടുശ്ശേരി റോഡിൽനിന്നു ദേശീയപാതയിലേക്കു പ്രവേശിക്കുന്ന തുറവൂർ കവലയിലാണ് മുന്നറിയിപ്പില്ലാതെ ഗതാഗതം തടസ്സപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് റോഡിന്റെ മധ്യഭാഗത്ത് കുഴിയെടുക്കുകയായിരുന്നു.

തുറവൂർ കവല മുതൽ പൊന്നാംവെളി വരെ പുതുതായി സ്ഥാപിച്ചിരിക്കുന്ന കുടിവെള്ളക്കുഴലിലേക്ക് കണക്‌ഷൻ മാറ്റി നൽകുന്നതിനായിട്ടാണ് പണി തുടങ്ങിയത്. വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകളിലേക്കുള്ള വെള്ളംവിതരണം തടസ്സപ്പെടുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും റോഡിലെ യാത്ര നിരോധിക്കുമെന്ന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല.

മാക്കേക്കടവ് പാലം തുറന്നതിനാൽ രാവിലെമുതൽ വാഹനങ്ങളുടെ തിരക്കായിരുന്നു. ഗതാഗതം നിരോധിച്ച വിവരം അറിയാതെ

തൈക്കാട്ടുശ്ശേരി, വളമംഗലം ഭാഗത്തുനിന്നെത്തിയ വാഹനങ്ങൾ തിരികെപ്പോകേണ്ടിവന്നു. ദേശീയപാതയിലൂടെയെത്തിയ വാഹനയാത്രികർക്കും തൈക്കാട്ടുശ്ശേരി റോഡിൽ പ്രവേശിക്കാനായില്ല. ഇതോടെ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് യാത്രക്കാർ പ്രതിഷേധിച്ചു. വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ പഞ്ചായത്തുകളിലേക്ക് നിലവിൽ വെള്ളമെത്തുന്നത് തുറവൂർ കവലയിൽനിന്ന് പഴയ ദേശീയപാതയ്ക്കടിയിലൂടെ സ്ഥാപിച്ച 450 എം.എം. വ്യാസമുള്ള ജി.ആർ.പി. പൈപ്പുവഴിയാണ്.

തുറവൂർ കവല മുതൽ തെക്കോട്ട് ഉയരപ്പാതയുടെ നീളംകൂട്ടൽ ജോലിയും ദേശീയപാത വീതികൂട്ടുന്ന ജോലികളും പുരോഗമിക്കുന്ന സാഹചര്യത്തിലാണ് റോഡിനു കിഴക്കുഭാഗത്തായി സ്ഥാപിച്ച 450 എം.എം. ജി.ഐ. പൈപ്പിലേക്ക് കണക്‌ഷൻ മാറ്റിനൽകുന്നത്. ഗതാഗതം നിരോധിക്കുമെന്ന അറിയിപ്പു നൽകേണ്ടത് തങ്ങളല്ലെന്നും പണികൾ പൂർത്തിയാകാൻ ഒരാഴ്ച വേണ്ടിവരുമെന്നുമാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. റോഡിൽ ഗതാഗതം സുഗമമാകാൻ ഒരാഴ്ച സമയമെടുക്കുമെന്നും അറിയിപ്പു നൽകാൻ തങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും കുത്തിയതോട് പോലീസ് അറിയിച്ചു.