നാടിന്റെ വായനവെളിച്ചമായി തെക്കേക്കര ഗ്രന്ഥശാലമന്ദിരം നാടിനു സമർപ്പിച്ചു

മണ്ണഞ്ചേരി : ജില്ല പഞ്ചായത്ത്‌ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച തെക്കേക്കര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഗ്രന്ഥശാല–വായനശാലാ മന്ദിരം നാടിനു സമർപ്പിച്ചു. ജില്ല പഞ്ചായത്തംഗം ആർ. റിയാസാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ സാംസ്‌കാരിക ഘോഷയാത്ര നടന്നു.

സാംസ്‌കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഡി. പ്രതാപൻ അധ്യക്ഷത വഹിച്ചു. ഡോ. എൻ. നൗഫൽ മുഖ്യപ്രഭാഷണം നടത്തി. വിപ്ലവ ഗായിക പി.കെ. മേദിനി മുഖ്യാതിഥിയായി.

വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. പുസ്തകദാതാക്കളെ ലൈബ്രറി കൗൺസിൽ അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി സി.കെ. രതികുമാർ ആദരിച്ചു. വിദ്യാഭ്യാസ അവാർഡുവിതരണം എസ്. സുനിൽകുമാറും ടി.എസ്. അനീഷും ചേർന്ന് നിർവഹിച്ചു. ക്ലബ്ബ് സെക്രട്ടറി കെ.പി. അനീഷ് സ്വാഗതം പറഞ്ഞു.

പഞ്ചായത്തംഗങ്ങളായ അജീഷ്‌മോൻ, അജിത്ത്കുമാർ, ബി. നിസാർ, ജി. ചന്ദ്രൻ, എസ്. ജയദേവൻ, ഡി. മനോജ് എന്നിവർ പ്രസംഗിച്ചു.

കാരാക്കേ ഗാനമേള, തിരുവാതിര, ഡാൻസ് തുടങ്ങിയ കലാപരിപാടികൾ കോർത്തിണക്കി ടീം തെക്കേക്കര അവതരിപ്പിച്ച ‘ടാസ്‌ക് ഫെസ്റ്റ് 2026’ അരങ്ങേറി.

ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസിന്റെ നിർദേശപ്രകാരം ജില്ലാ പഞ്ചായത്തിൻ്റെ 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ഗ്രന്ഥശാല മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

സമ്മേളനത്തിൽ മണ്ണഞ്ചേരി പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി.ജി. മധു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.