അനധികൃത മത്സ്യബന്ധനം: രണ്ടു ബോട്ട് പിടിച്ചെടുത്തു

അർത്തുങ്കൽ : നിയമം ലംഘിച്ചു മത്സ്യബന്ധനം നടത്തിയ രണ്ടു ബോട്ടുകൾ ഫിഷറീസ് വകുപ്പു കസ്റ്റഡിയിലെടുത്തു.

ചെത്തി ഹാർബറിനു പടിഞ്ഞാറുവശം അനധികൃത മത്സ്യബന്ധനം നടത്തിയ മലപ്പുറം സ്വദേശികളുടെ പേരിലുള്ള ഇർഷാദ്, ആഷിക്മോൻ എന്നീ ബോട്ടുകളാണ് പിടികൂടിയത്. വെളുപ്പിനു ചെത്തി ഹാർബറിൽനിന്നും മത്സ്യബന്ധനത്തിനു പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് നിയമലംഘനം കണ്ട് ബോട്ടുകൾ തടഞ്ഞിട്ടത്.

കോസ്റ്റൽ പോലീസും ഫിഷറീസ് വകുപ്പും മേൽനടപടികൾ സ്വീകരിച്ചു. നിയമലംഘനം നടത്തിയ ബോട്ടുകൾക്കെതിരേ ശിക്ഷാനടപടികൾ എടുക്കുന്നതോടൊപ്പം ലൈസൻസും രജിസ്ട്രേഷനും ഇല്ലാത്ത ബോട്ടുകളാണെങ്കിൽ കണ്ടുകെട്ടണമെന്നും കേരള സ്വതന്ത്ര തൊഴിലാളി ഫെഡറേഷൻ ചെത്തീ ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു.

ട്രോളിംഗ് ബോട്ടുകൾ തീരക്കടലിൽ അനുവദനീയമല്ലാത്ത പരിധിയിൽമത്സ്യബന്ധനവും, പെയർ ട്രോളിങ്ങും നടത്തുന്നതു മൂലം മത്സ്യസമ്പത്ത് നശിക്കുന്നതായും, കടലിന്റെ പരിസ്ഥിതി നശിക്കുന്നതായും മൽസ്യത്തൊഴിലാളികൾ പറഞ്ഞു. കടലും, കടൽ പരിസ്ഥിതിയും സംരക്ഷിക്കുവാൻ ഫിഷറീസ് വകുപ്പു തയ്യാറാകണമെന്നും മൽസ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.