കയർമേഖലയിൽ തൊഴിൽദിനം ഉറപ്പാക്കും, മിനിമംകൂലി കൂട്ടും -രമേശ് ചെന്നിത്തല

ചേർത്തല : കയർമേഖലയിൽ തൊഴിൽദിനങ്ങൾ ഉറപ്പാക്കാനും മിനിമം കൂലി കൂട്ടാനും നടപടിയെടുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ആലപ്പുഴ കയർ ക്ലസ്റ്റർ ഡിവലപ്മെന്റ് സൊസൈറ്റിയുടെ (എ.സി.സി.ഡി.എസ്.) മാതൃകാ യന്ത്രവത്കൃത കയർപിരി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ന്യായമായ കൂലിയും ഉറപ്പായ തൊഴിൽദിനങ്ങളുമില്ലാത്തതിനാലാണ് പുതുതലമുറ കയർമേഖലയിലേക്കു വരാത്തതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 433 കയർപിരി സംഘങ്ങൾക്കു പ്രവർത്തനമൂലധനമായി 4.6 കോടി രൂപ ഉടൻ വിതരണംചെയ്യും. കയർഭൂവസ്ത്രം നൽകിയതിനുള്ള 65 കോടിയിൽ 40 കോടി രൂപ നവംബറിൽ കയർ കോർപ്പറേഷനു നൽകും. കയർമേഖലയുടെ നവീകരണത്തിനു പണമല്ല, പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാത്തതാണു പ്രശ്നമെന്നും മന്ത്രി പറഞ്ഞു.

കയർപിരിത്തൊഴിലാളികളുടെ ചുരുങ്ങിയ വേതനം 500 രൂപയാക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. അതിനായി 26-നു ചർച്ച നടത്തും. കയർമേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് എക്സ്‌ഗ്രേഷ്യയായി 2,000 രൂപ വീതം നൽകുന്ന പദ്ധതി നവംബർ വരെ നീട്ടിയെന്നും മന്ത്രി പറഞ്ഞു.

പി. പ്രസാദ് എം.എൽ.എ. അധ്യക്ഷനായി. എ.സി.സി.ഡി.എസ്. സ്വതന്ത്ര ഡയറക്ടർ എം. കുമാരസ്വാമിപിള്ള കയർപിരിമേഖലയുടെ ആധുനികീകരണത്തിനുള്ള മാർഗരേഖ അവതരിപ്പിച്ചു. കയർമേഖലയിലെ സംഭാവനകൾക്ക് വി.വി. പവിത്രൻ, വി.ആർ. പ്രസാദ്, എം. കുമാരസ്വാമിപിള്ള, റോബി ഫ്രാൻസിസ്, ടി.കെ. അഭിജിത് എന്നിവരെ ആദരിച്ചു. ആർ. നാസർ, എ.കെ. രാജൻ, സി.കെ. സുരേന്ദ്രൻ, റോബി ഫ്രാൻസിസ്, രവി പാലത്തിങ്കൽ, എൻ.വി. തമ്പി, കെ.ആർ. രാജേന്ദ്രപ്രസാദ്, പി.എൻ. സുധീർ, ആശ എസ്. നായർ എന്നിവർ പ്രസംഗിച്ചു.