തോട്ടപ്പള്ളി തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലാക്കാൻ ശ്രമം തുടങ്ങി

അമ്പലപ്പുഴ : തോട്ടപ്പള്ളി തുറമുഖത്തെ ആധുനിക സൗകര്യങ്ങളോടുകൂടിയ സുരക്ഷിതവും മനോഹരവുമായ മികച്ച മത്സ്യബന്ധന തുറമുഖമായി വികസിപ്പിക്കുന്നതിന് സമഗ്രപദ്ധതി തയ്യാറാക്കണമെന്ന് ജി. സുധാകരൻ എം.എൽ.എ. തോട്ടപ്പള്ളി തുറമുഖ പോലീസ് സ്റ്റേഷനിൽ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശം.

മത്സ്യബന്ധനം, തുറമുഖ എൻജിനിയറിങ്, ജലസേചനം എന്നീ വകുപ്പുകളുടെ ഏകോപനത്തോടെ വിശദമായ സാങ്കേതികപഠനം നടത്തി കൃത്യമായ കണക്കോടുകൂടിയ സമഗ്രപദ്ധതി അടിയന്തരമായി തയ്യാറാക്കി സമർപ്പിക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു. നിലവിലുള്ള തുറമുഖത്തിന്റെ പരിമിതികൾ പരിഹരിക്കുന്നതിനൊപ്പം പൂർണമായ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കണം. തുറമുഖത്തിനുള്ളിലെ റോഡുകളുടെ നവീകരണം, ശൗചാലയങ്ങളുടെ നിർമാണവും ശാസ്ത്രീയ പരിപാലനവും, മത്സ്യത്തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, വൈദ്യുതി-വെള്ളം സൗകര്യങ്ങൾ, മാലിന്യസംസ്‌കരണം തുടങ്ങിയവ സമഗ്രപദ്ധതിയിൽ ഉൾപ്പെടുത്തണം.

പഴയ രീതിയിലുള്ള അറ്റകുറ്റപ്പണികൾക്കു പകരം ആധുനിക നിർമാണ സാങ്കേതികവിദ്യയും നിലവാരമുള്ള നിർമാണരീതികളും സ്വീകരിച്ചുള്ള ദീർഘകാല പദ്ധതിയായിരിക്കണം വേണ്ടത്. ഭാവിയിലെ ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് ശേഷിയും പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്ന രീതിയിലായിരിക്കണം പദ്ധതി വിഭാവനം ചെയ്യേണ്ടത്.

തുറമുഖത്തിന്റെ തീരദേശഭംഗിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പ്രയോജനപ്പെടുത്തി വിനോദസഞ്ചാര സാധ്യതകൾകൂടി പരിഗണിച്ചുള്ള സൗന്ദര്യവത്‌കരണം വേണം. മത്സ്യബന്ധനമേഖലയ്ക്ക് പ്രയോജനപ്പെടുന്നതിനൊപ്പം പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾക്കുകൂടി ഉത്തേജനം നൽകുന്ന തരത്തിൽ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനു പ്രത്യേക സംവിധാനവും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണനയും നൽകണമെന്ന്‌ എം.എൽ.എ. നിർദേശിച്ചു. തീരദേശ പോലീസ് സ്റ്റേഷന്റെ റെസ്‌ക്യൂ ബോട്ട് സുരക്ഷിതമായി വിന്യസിക്കാനും അടിയന്തര ഘട്ടങ്ങളിൽ ഉടൻ പ്രവർത്തനം നടത്താനും ആവശ്യമായ സൗകര്യങ്ങളൊരുക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെടുന്ന സാഹചര്യങ്ങളിലും മറ്റ് അടിയന്തര ആവശ്യങ്ങളിലും ഉപയോഗപ്പെടുത്താൻ മത്സ്യബന്ധന വകുപ്പിന്റെ ആംബുലൻസ് ബോട്ടിനാവശ്യമായ സംവിധാനവും സജ്ജീകരിക്കണം. രക്ഷാപ്രവർത്തനം, അടിയന്തര ചികിത്സാസഹായം, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ എന്നിവ ഏകോപിപ്പിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ലക്ഷ്യമിടേണ്ടതെന്നും എം.എൽ.എ. പറഞ്ഞു.

വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതി

: തുറമുഖ എൻജിനിയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യബന്ധന, ജലസേചന വകുപ്പുകളുമായി ഏകോപിപ്പിച്ച് സമഗ്രമായ പദ്ധതി തയ്യാറാക്കുന്നതിനാണ് യോഗത്തിൽ ധാരണയായത്. ആവശ്യമായ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി വിശദമായ രൂപരേഖ തയ്യാറാക്കുകയും തുടർനടപടികൾ വേഗത്തിലാക്കുകയും വേണമെന്ന് എം.എൽ.എ. നിർദേശിച്ചു. തുറമുഖ എൻജിനിയറിങ് വിഭാഗം ചീഫ് എൻജിനിയർ കെ.പി. ഗായ, എക്സിക്യുട്ടീവ് എൻജിനിയർ എം.പി. സുനിൽ, ജനപ്രതിനിധികളായ എ. സീന, എ, സുനിൽകുമാർ, എ.ആർ. കണ്ണൻ, ആര്യാ നോജു, സിമി പൊടിയൻ തുടങ്ങിയവർ പങ്കെടുത്തു.