സംരക്ഷണഭിത്തിയില്ല; വെളിച്ചവും...റോഡിനു നടുക്കുവരെ പാർക്കിങ്

കലവൂർ : ശ്രദ്ധ മാത്രം പോരാ, ഭാഗ്യവും വേണം, ദേശീയപാതയിലൂടെയുള്ള യാത്രയിൽ ജീവനോടെ തിരിച്ചെത്താൻ. അപകടങ്ങൾ തുടരുമ്പോഴും ഒരു നടപടിയും എടുക്കാതെ നോക്കുകുത്തിയായി നിൽക്കുകയാണ് ദേശീയപാത അധികൃതർ.
മാരാരിക്കുളം കളിത്തട്ടു ജങ്ഷനു സമീപം ദേശീയപാതയിൽ വ്യാഴാഴ്ച പുലർച്ചെ ദീർഘദൂര സ്വകാര്യ ബസ് മറിഞ്ഞ് യുവാവു മരിച്ചതാണ് അവസാനത്തെ അപകടം. നിർമാണം നടക്കുന്നതുകൊണ്ട് ഈ ഭാഗത്ത് 100 മീറ്റർ നീളത്തിൽ ഒറ്റവരിപ്പാതയായിട്ടാണു ദേശീയപാത പോകുന്നത്. ഇരുഭാഗത്തുനിന്നും ആറുവരിപ്പാതയിലൂടെ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ ഒറ്റവരിയിലൂടെ തിങ്ങിഞെരുങ്ങിയാണ് അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്നത്.
ഇതിനിടയിൽ ചില വാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിക്കാതിരിക്കാൻ വശങ്ങളിലേക്കു വെട്ടിക്കുമ്പോൾ വശങ്ങളിൽ പാർക്കുചെയ്തിരിക്കുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും നിത്യസംഭവമാണ്.
വ്യാഴാഴ്ച പുലർച്ചെയും മിനി ബസും ലോറിയും ധ്യാനകേന്ദ്രത്തിനു മുൻവശം കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. കഴിഞ്ഞ ആഴ്ചയിൽ വെട്ടിച്ചുമാറ്റുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി. ബസ് സ്കൂട്ടർയാത്രികയെ ഈ ഭാഗത്തുവെച്ച് ഇടിച്ചുതെറിപ്പിച്ചിരുന്നു.
പോലീസിനും മോട്ടോർവാഹന വകുപ്പിനും പാർക്കിങ് അവസാനിപ്പിക്കാം എന്നിരിക്കേ ഒരു നടപടിക്കും മുതിരാത്തത് പരാതിക്കിടയാക്കിയിട്ടുണ്ട്. ഏറെ ദുരിതപൂർണമാണ് സർവീസ് റോഡുകളുടെയും അവസ്ഥ. കൊച്ചുപള്ളി ജങ്ഷൻ മുതൽ വളവനാട് ക്ഷേത്രം വരെയുള്ള സർവീസ് റോഡുകൾ തകർന്നുകിടക്കുകയാണ്.