അപ്രതീക്ഷിത കടലേറ്റം:ആറാട്ടുപുഴയിൽ നാശം വിതച്ചു

മുതുകുളം : കള്ളക്കടൽ പ്രതിഭാസം മൂലമുണ്ടായ അപ്രതീക്ഷിത കടലേറ്റം ആറാട്ടുപുഴയിൽ നാശംവിതച്ചു. വലിയഴീക്കൽ, പെരുമ്പള്ളി, കള്ളിക്കാട് മീശമുക്ക്, എ.സി. പള്ളി ജങ്ഷൻ മുതൽ എം.ഇ.എസ്. ജങ്ഷൻ വരെ, കാർത്തിക ജങ്ഷൻ, പത്തിശ്ശേരി ജങ്ഷൻ എന്നീ ഭാഗങ്ങളിലെല്ലാം കടലേറ്റ ദുരിതമുണ്ടായി. പലസ്ഥലങ്ങളിലും റോഡിനു പടിഞ്ഞാറുഭാഗം കടൽവെള്ളത്തിൽ മുങ്ങി.

ശനിയാഴ്ച രാവിലെയാണ് കടലേറ്റം തുടങ്ങിയത്. ഞായറാഴ്ചയോടെ തിരമാലയ്ക്ക് ശക്തിയേറി. പല പ്രദേശങ്ങളിലും തീരദേശ റോഡും കവിഞ്ഞ് വെള്ളം കിഴക്കോട്ടൊഴുകി. അടിച്ചുകയറിയ തിരമാലകൾ ഒട്ടേറെ താമസക്കാർക്കും കച്ചവട സ്ഥാപനങ്ങൾക്കുമെല്ലാം ദുരിതം തീർത്തു. തിരയോടൊപ്പം മണൽ അടിച്ചുകയറിയത് ദുരിതം ഇരട്ടിയാക്കി. റോഡിൽ മണൽമൂടിയത് ഗതാഗതത്തെയും ബാധിച്ചു. വെള്ളം കെട്ടിനിന്നതും യാത്രക്കാരെ പ്രയാസപ്പെടുത്തി.

പെരുമ്പള്ളിയിൽ താത്കാലികമായി നിർമിച്ച ജിയോ ബാഗ് കടൽഭിത്തി പൂർണമായി തകർന്നതിനാൽ വലീയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡ് അപകടഭീഷണിയിലാണ്. ഇവിടെ റോഡ് പൂർണമായും കടൽമണ്ണിനടിയിലായതിനാൽ കടന്നുപോകാൻ യാത്രക്കാർ വളരെയേറെ കഷ്ടപ്പെടേണ്ടിവന്നു. ഒട്ടേറെ വാഹനങ്ങളാണ് മണ്ണിൽ താഴ്ന്നത്. തൃക്കുന്നപ്പുഴ പോലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. താഴ്ന്നുപോയ വാഹനങ്ങൾ നാട്ടുകാരും പോലീസും ചേർന്നു വളരെ ശ്രമകരമായാണു തള്ളിക്കയറ്റി വിട്ടത്.

ഗ്രാമപ്പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണൽ നീക്കുന്നതിനു വേഗത്തിൽ നടപടി കൈക്കൊണ്ടതിനാൽ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞു. വലിയഴീക്കൽ ഭാഗത്തും കടലേറ്റക്കെടുതികൾ ഏറെയുണ്ടായി.

കടലേറ്റ ഭീഷണി ശക്തമായുള്ള പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ തീരസംരക്ഷണ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.