ദേശീയപാത യാത്ര: കരുതൽവേണം... മുന്നിൽ അപകടക്കുരുക്കുകളുണ്ട്

ചരക്കുവാഹനങ്ങളും നിർമാണക്കമ്പനിയുടെ വാഹനങ്ങളും നിർത്തിയിടുന്നത് അപകടകരമായി
ചേർത്തല : പണി അവസാനഘട്ടത്തിലേക്കു കടക്കുന്ന ദേശീയപാതയിൽ തുറന്നുകൊടുത്ത ഇടങ്ങളിലെല്ലാം അപകടക്കുരുക്കുകൾ. നിർമാണം പൂർണമാകുന്നതിനു മുൻപാണ് കരാർക്കമ്പനികൾ ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി പാത തുറന്നത്. സൂചനാസംവിധാനങ്ങളോ നിയന്ത്രണങ്ങളോ നിർദേശങ്ങളോ ഇല്ലാത്തതിനാൽ ഒരോ ദിശയിലേക്കും മൂന്നുവരികളുള്ള പാതയിൽ വാഹനങ്ങൾ ചീറിപ്പായുന്ന സ്ഥിതിയാണ്. ഇടതുവശത്തു കൂടിയും വാഹനങ്ങളെ മറികടക്കുന്ന തരത്തിലാണ് ഓട്ടം. ഇതിനിടയിലുള്ള പാർക്കിങ്ങുകളാണു വെല്ലുവിളികൾ. തുറന്നു കൊടുത്ത പാതയിലാണ് നിയന്ത്രണമില്ലാത്ത പാർക്കിങ്. പകലും രാത്രിയിലും ഇത്തരത്തിൽ നിർത്തിയിടുന്നുണ്ട്. പാതയുടെ പ്രധാനഭാഗം കൈയേറുന്ന ചരക്കുലോറികളാണ് വലിയ ഭീഷണി. തെരുവുവിളക്കുകൾ ഇല്ലാത്തതു അപകടസാധ്യത കൂട്ടുന്നു.
അലക്ഷ്യമായി നിർമാണ വാഹനങ്ങൾ
നിർമാണക്കമ്പനിയുടെ വാഹനങ്ങളും നിർമാണസാമഗ്രികളും സുരക്ഷയൊരുക്കാതെ പാർക്കുചെയ്യുന്നതും സൂചന ലൈറ്റുകൾ പോലുമില്ലാതെ രാത്രിയിലടക്കം ഓടുന്നതും ഭീഷണിയാണ്. ഏതാനും നാളുകൾക്കു മുൻപ് നിർമാണത്തിനു ശേഷമിട്ടിരുന്ന മണ്ണുമാന്തിയന്ത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി വോൾവോ ബസ് ഇടിച്ചുകയറി ഒട്ടേറെപ്പേർക്കു പരിക്കേറ്റിരുന്നു. പലപ്പോഴും ചെറിയ വ്യത്യാസങ്ങളിലാണ് അപകടങ്ങൾ ഒഴിവാകുന്നത്.