മാക്കേക്കവലയിൽ സുരക്ഷാക്രമീകരണം വേണമെന്നാവശ്യം

പൂച്ചാക്കൽ : മാക്കേക്കടവ്-നേരേകടവ് പാലം തുറന്നതോടെ വളരെ പ്രധാനപ്പെട്ട കവലയായി മാറിയ മാക്കേക്കവലയിൽ ഗതാഗതക്കുരുക്കേറുന്നു. ഇവിടെ

ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. ചേർത്തല-അരൂക്കുറ്റി റോഡും തുറവൂർ -പമ്പ പാതയും കൂട്ടിമുട്ടുന്ന കവലയാണിത്. മാക്കേക്കടവ്-നേരേകടവ് പാലം തുറന്നതോടെ ഇവിടം വലിയ തിരക്കേറിയ സ്ഥലമായി മാറിക്കഴിഞ്ഞു. സിഗ്നൽ ലൈറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടെ ഏർപ്പെടുത്തണമെന്നതാണ് ആവശ്യം.

നിലവിൽ തുറവൂർമുതൽ കിഴക്കോട്ട് ഒരിടത്തും ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. മാക്കേക്കവലയിൽ പാലം തുറന്നതിനുശേഷം രാവിലെയും വൈകീട്ടും ഹോംഗാർഡിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെങ്കിലും മുഴുവൻ സമയവും ഈ സേവനം കിട്ടുന്നുമില്ല. മാക്കേക്കടവ്-നേരേകടവ് പാലം മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ഒക്ടോബർ 18-നാണ് നാടിനു സമർപ്പിച്ചത്. അന്നുമുതൽ പാലംവഴി തിരക്കായി.

നേരേകടവിൽനിന്ന്‌ രണ്ടരക്കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വൈക്കം-എറണാകുളം റോഡിലെത്തും. ഇവിടെനിന്ന് രണ്ടരക്കിലോമീറ്ററോളം സഞ്ചരിച്ചാൽ വൈക്കം നഗരത്തിലുമെത്തും. ആലപ്പുഴ ജില്ലയിലെ മാക്കേക്കടവിൽനിന്ന്‌ 800 മീറ്ററുള്ള പാലം കടന്നാൽ കോട്ടയം ജില്ലയിലെ നേരേകടവിലെത്തും. നാലുവശത്തുനിന്നുമുള്ള വാഹനങ്ങൾ മാക്കേക്കവല വഴിയാണ് മാക്കേക്കടവിൽ എത്തുന്നത്. ചേർത്തല, അരൂക്കുറ്റി, തുറവൂർ, വൈക്കം മേഖലകളിലേക്കുള്ള വാഹനങ്ങൾക്ക് മാക്കേക്കവല വഴിയേ പോകാൻ കഴിയൂ.

ചേർത്തല-അരൂക്കുറ്റി റൂട്ടിലോടുന്ന സ്വകാര്യ ബസുകളും മാക്കേക്കവല വഴിയാണു പോകുന്നത്. മണിയാതൃക്കൽ, പി.എസ്.കവല, ചീരാത്തുകാട് എന്നീ കവലകളിലും അപകടസാധ്യത നിലനിൽക്കുന്നുണ്ട്. ദേശീയപാതയിൽനിന്നു നേരേ വൈക്കംവരെ പോകുന്നതിനായി ഒട്ടേറെ വാഹനങ്ങൾ ഈ റോഡിലൂടെ എത്തുന്നുണ്ട്. അരൂർ-തുറവൂർ ഉയരപ്പാതനിർമാണം അന്തിമഘട്ടത്തിലാണ്. പ്രധാന കവലയാണെങ്കിലും മാക്കേക്കവലയിൽ വേണ്ടത്ര വെളിച്ചമില്ല. ഒരു എൽ.ഇ.ഡി. വിളക്ക് മാത്രമാണു പ്രകാശിക്കുന്നത്. വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച ഉയരവിളക്കുകൾ തെളിയാതായിട്ടും മാസങ്ങളായി. പുതിയവ ഇവിടെ സ്ഥാപിക്കാൻ നടപടിയുണ്ടാകണമെന്നതാണ് ആവശ്യം.