‘കൃഷ്ണനും കുചേലനും’ ഇന്നു വീണ്ടും കണ്ടുമുട്ടും

വിദ്യാധിരാജ സ്‌കൂളിലെ ശിശുവാടിക ജന്മാഷ്ടമി ആഘോഷത്തിൽ പങ്കെടുക്കും
മാവേലിക്കര : അഷ്ടമിരോഹിണിനാളിൽ ഗുരുവായൂരപ്പന്റെ മണ്ണിൽ ഭക്തിനിർഭര കൂടിച്ചേരൽ നടത്തിയ കൃഷ്ണനും കുചേലനും ചൊവ്വാഴ്ച മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തിൽ വീണ്ടും കണ്ടുമുട്ടും. രാവിലെ 10-ന് സ്‌കൂളിലെ ശിശുവാടിക ജന്മാഷ്ടമി ആഘോഷത്തിലാണ് ഇരുവരും പങ്കെടുക്കുക.
കൊടുങ്ങല്ലൂർ അഞ്ചപ്പാലം പഴുക്കുന്നത്ത് വീട്ടിൽ കലേഷ് കാർത്തികേയന്റെയും ലിൻസയുടെയും മകൾ കൃഷ്ണ (14) ആയിരുന്നു കൃഷ്ണനായത്. കൃഷ്ണന്റെ മുന്നിൽ കണ്ണീരണിഞ്ഞുനിന്ന കുചേലൻ ആലപ്പുഴ കൈനടി വയറ്റുവരപ്പൂത്തറയിൽ 72-കാരനായ അപ്പുക്കുട്ടൻനായരും.
അപൂർവ സംഗമത്തിനുശേഷം ഗുരുവായൂരിലെ ആൾക്കൂട്ടത്തിൽ അലിഞ്ഞ കൃഷ്ണനും കുചേലനും വീണ്ടും കണ്ടുമുട്ടുന്ന അസുലഭ മുഹൂർത്തത്തിനാണ് വിദ്യാധിരാജ വിദ്യാപീഠം സാക്ഷിയാകുക.
അഷ്ടമിരോഹിണിദിനത്തിൽ ഗുരുവായൂർ ക്ഷേത്രമുറ്റത്തെ കൂവളമരത്തിനു ചുവട്ടിൽ കൃഷ്ണന്റെ വേഷത്തിൽ ഫോട്ടോയ്ക്കു പോസ് ചെയ്യുകയായിരുന്നു കൃഷ്ണ. അതിനിടയിലാണ് ഭക്തജനത്തിരക്കിനിടയിലൂടെ കുചേലവേഷമണിഞ്ഞ പ്രായംചെന്നൊരാൾ അവിടെ പ്രത്യക്ഷപ്പെട്ടത്. കൃഷ്ണനെക്കണ്ട മാത്രയിൽ ‘കണ്ണാ’ എന്ന് വാത്സല്യത്തോടെ ഉറക്കെ വിളിച്ച് അടുത്തേക്ക് വരുകയായിരുന്നു. പിന്നീട് മനോഹരവും വികാരഭരിതവുമായ നിമിഷങ്ങളാണ് അവിടെ നടന്നത്.
പരസ്പരം പേരോ നാടോ ചോദിച്ചറിയാൻ കഴിയുംമുൻപ്, ക്ഷേത്രത്തിലെ ആൾക്കൂട്ടത്തിനിടയിൽ ഇരുവരും പിരിഞ്ഞു. ഭക്തർ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്.