കെ.എസ്.ആർ.ടി.സി. സർവീസ് തുടങ്ങാം, കാർഷികഗ്രാമങ്ങളിലൂടെ

പഴയനടക്കാവ് റോഡും പാലങ്ങളുമുണ്ട്
അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിന്റെ വടക്കേനട മുതൽ കളർകോട് മഹാദേവക്ഷേത്രം വരെ നീളുന്ന പഴയനടക്കാവ് റോഡ് തുറന്നുകൊടുത്ത കാലംമുതൽ ഇതുവഴി കെ.എസ്.ആർ.ടി.സി. സർവീസിനായി ജനങ്ങൾ കാത്തിരിക്കുകയാണ്. ആദ്യകാലത്തുണ്ടായിരുന്ന സർവീസ് പിന്നീട് നിലച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് രാവിലെ ആലപ്പുഴയിലേക്ക് ഒരു സർവീസ് മാത്രമാണുള്ളത്. നെടുമുടി-തകഴി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള പടഹാരം പാലം ഗതാഗതത്തിനു തുറന്നതോടെ കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള ഒട്ടേറെ ബസ് സർവീസുകൾക്കാണ് പഴനടക്കാവ് റോഡ് വഴിയൊരുക്കുന്നത്.
പച്ചപ്പു കണ്ട് യാത്രചെയ്യാം
: ദിവസവും രാവിലെ എട്ടിന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് പുറപ്പെട്ട് വളഞ്ഞവഴി എസ്.എൻ.കവല, കൊപ്പാറക്കടവ് വഴി പഴയനടക്കാവ് റോഡിൽ പ്രവേശിച്ച് നീർക്കുന്നത്തിന്റെയും വണ്ടാനത്തിന്റെയും പുന്നപ്രയുടെയും കിഴക്കൻമേഖലകളിലൂടെ സഞ്ചരിച്ച് കൈതവനവഴി ആലപ്പുഴയിലെത്തുന്ന സർവീസ് ഒരുപാട് ആളുകളാണ് പ്രയോജനപ്പെടുത്തുന്നത്.
ആലപ്പുഴയിൽനിന്ന് പഴയനടക്കാവ് റോഡുവഴി കൊപ്പാറക്കടവിൽ എസ്.എൻ.കവല-കഞ്ഞിപ്പാടം റോഡിൽ പ്രവേശിച്ച് കഞ്ഞിപ്പാടം-വൈശ്യംഭാഗം പാലംകയറി ചമ്പക്കുളം പാലത്തിലൂടെ എ.സി.റോഡിലേക്കും പടഹാരം പാലത്തിലൂടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലേക്കും പ്രവേശിക്കാനാകുമെന്നതാണ് റൂട്ടിന്റെ സവിശേഷത.
ആലപ്പുഴയിൽനിന്ന് ഇതുവഴി തകഴിയിലേക്കും തിരുവല്ലയിലേക്കുമെല്ലാം പോകാം. പുന്നപ്ര, അമ്പലപ്പുഴ, നെടുമുടി, തകഴി പഞ്ചായത്തുകളുടെ കാർഷികമേഖലകളിൽ ഗതാഗതം ഇതിലൂടെ സുഖകരമാകുകയും ചെയ്യും.
കാർഷികമേഖലയിലൂടെയുള്ള യാത്ര സഞ്ചാരികളെയും ആകർഷിക്കും. യാത്രയിലെ മനോഹരക്കാഴ്ചകളിലൊന്നായി പടഹാരം പാലവുമുണ്ട്.