തുരുത്തു കടക്കാം; ഊടുപുഴ-അഞ്ചുതുരുത്ത് പാലം: നിർമാണ നടപടികളിലേക്ക്

പാലത്തിന്റെ ഉയരം സംബന്ധിച്ച് തീരുമാനമായില്ല
പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്തിലെ ഊടുപുഴ-അഞ്ചുതുരുത്ത് പാലം നിർമാണത്തിനുള്ള നടപടികൾ തുടങ്ങി. ഫെറിയിൽ പാലം നിർമിക്കുന്നതോടെ അഞ്ചുതുരുത്തു നിവാസികൾ യാത്രാക്ലേശത്തിൽനിന്നു മോചിതരാകും. പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കും. പാലത്തിന്റെ ഡിസൈൻ അംഗീകാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ അവസാനഘട്ട പരിശോധനയിലാണ്.
ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
പാലംനിർമാണ നടപടികളുടെ ഭാഗമായി പൊതുമരാമത്ത് (പാലം) വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. സൂപ്രണ്ടിങ് എൻജിനിയർ റംലാ ബീവി, എക്സിക്യുട്ടീവ് എൻജിനിയർ ടി. രേഖ, അസിസ്റ്റന്റ് എൻജിനിയർ യു. രാധാകൃഷ്ണൻ, ഓവർസിയർ ടി. സുനിൽ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. ഇവർ റിപ്പോർട്ട് തയ്യാറാക്കി ചീഫ് എൻജിനിയർക്കു സമർപ്പിക്കും. ഇപ്പോഴത്തെ വിവരങ്ങൾ മനസ്സിലാക്കി മുൻപ് തയ്യാറാക്കിയിരുന്ന വിവരശേഖരണവുമായി താരതമ്യം ചെയ്താകും അന്തിമ റിപ്പാർട്ട് തയ്യാറാക്കുന്നത്.
ഊടുപുഴ-അഞ്ചുതുരുത്ത് ഫെറിയിൽ പാലം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. 100 മീറ്ററോളം നീളവും അഞ്ചര മീറ്റർ വീതിയും ഒരുഭാഗത്ത് ഒന്നര മീറ്റർ നടപ്പാതയുമുള്ള പാലവും ഇരുവശങ്ങളിലും അനുബന്ധറോഡുമുള്ള പദ്ധതി രണ്ടുവർഷം മുൻപേ തയ്യാറായതാണ്. ഇരു കരകളിലുമായി 50 സെന്റോളം സ്ഥലമെടുപ്പിനുൾപ്പെടെ ഫണ്ട് അനുവദിച്ച് സാമൂഹികാഘാത പഠനവും നടത്തിയിരുന്നു. എന്നാൽ, പാലത്തിന്റെ രൂപകല്പന സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു. പാലത്തിന് കായൽനിരപ്പിൽനിന്ന് അഞ്ചു മീറ്റർ പൊക്കം വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. ജലയാനങ്ങൾ പോകുന്നതിനുവേണ്ടിയാണ് പാലം ഉയർത്തി നിർമിക്കണമെന്ന ആവശ്യം ഉണ്ടായത്. എന്നാൽ, പാലത്തിന്റെ ഉയരം മൂന്നു മീറ്റർ മതിയെന്ന അഭിപ്രായവും പരിസരവാസികളിൽനിന്ന് ഉയർന്നിരുന്നു. ഇക്കാര്യത്തിൽ ഇറിഗേഷൻ വകുപ്പിന്റെയും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെയും നിർദേശങ്ങൾ പരിഗണിക്കും.
പാലത്തിന് മൂന്നു മീറ്റർ ഉയരമെന്ന നിലയിലാണ് തുടക്കത്തിൽ ചർച്ചകൾ നടന്നിരുന്നത്. അഞ്ചു മീറ്റർ ഉയരത്തിൽ പാലം നിർമിക്കാനാണു സാധ്യത. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. പുതുക്കിയ എസ്റ്റിമേറ്റ് ഉൾപ്പെടെ നടപടികൾ ചെയ്തുവേണം പാലം നിർമിക്കാൻ. ഇറിഗേഷൻ വകുപ്പിന്റെ നിരാക്ഷേപപത്രം ലഭ്യമായിട്ടുണ്ടെന്നും പൊതുമരാമത്ത് പാലങ്ങൾ വിഭാഗത്തിലെ ഡിസൈൻ വിഭാഗത്തിൽനിന്ന് ഡിസൈൻ അംഗീകരിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.
പാലം അഞ്ചുതുരുത്ത് നിവാസികളുടെ സ്വപ്നം
അഞ്ചുതുരുത്തിൽനിന്ന് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻപോലും കടത്തു കടക്കണം. 50 വർഷത്തോളമായി വള്ളത്തെ ആശ്രയിച്ചാണ് തുരുത്തു നിവാസികളുടെ ജീവിതം. രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെയാണ് പഞ്ചായത്തിന്റെ കടത്തുള്ളത്. രാത്രി വൈകിയുള്ള ആശുപത്രിയാത്രകൾ ഉൾപ്പെടെ തുരുത്തു നിവാസികൾക്ക് പ്രയാസമാണ്. ശക്തമായ കാറ്റും മഴയും വരുമ്പോഴും കടത്ത് പ്രതിസന്ധിയിലാകാറുണ്ട്. കായലിലുണ്ടാകുന്ന പായൽശല്യവും തുരുത്ത് നിവാസികളുടെ യാത്രയ്ക്ക് കുരുക്കാകാറുണ്ട്.വൈദ്യുതിയും ജപ്പാൻ ശുദ്ധജലവും തുരുത്തിലുണ്ടെങ്കിലും യാത്രാക്ലേശം രൂക്ഷമാണ്.