തുറവൂർ മഹാക്ഷേത്രത്തിൽ ഉത്സവത്തിനു തിരക്കേറുന്നു

തുറവൂർ : തുറവൂർ മഹാക്ഷേത്രത്തിൽ ഉത്സവത്തിനു ഭക്തജനത്തിരക്കേറുന്നു.

ദീപാവലി ഉത്സവമായി കൊണ്ടാടുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമാണ് തുറവൂർ ക്ഷേത്രം. അതുകൊണ്ടുതന്നെ കൊടിയേറ്റുദിവസം മുതൽ വിവിധയിടങ്ങളിൽ നിന്നായി ധാരാളം ആളുകൾ എത്തുന്നുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കും വാഹന നിയന്ത്രണത്തിനുമായി

കുത്തിയതോട് സി.ഐ.യുടെ നേതൃത്വത്തിൽ മുഴുവൻ സമയവും പോലീസ് രംഗത്തുണ്ട്. ഉത്സവത്തിനെത്തുന്നവർ ക്ഷേത്രപരിസരത്തേക്കു വാഹനവുമാ​െയത്താതിരിക്കാൻ പരമാവധി ശ്രമിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഉത്സവത്തിന്റെ തിരക്ക് ദേശീയപാതയിലെ ഗതാഗതത്തെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. തുറവൂർ കവലയിൽനിന്നു കുമ്പളങ്ങി റോഡിലേക്കുള്ള ഗതാഗതം നിരോധിച്ചു. തൈക്കാട്ടുശ്ശേരി റോഡിൽ നിന്നെത്തുന്ന വാഹനങ്ങൾ കവലയിലേക്കു പ്രവേശിക്കാതിരിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ശനി, ഞായർ ദിവസങളിൽ വലിയ ഭക്തജനത്തിരക്കു പ്രതീക്ഷിക്കുന്നുണ്ട്. നിർമാണം പുരോഗമിക്കുന്ന ഉയരപ്പാതയുടെ അനുബന്ധറോഡ് വാഹനപാർക്കിങ്ങിനായി സഞ്ജമാക്കിയിട്ടുണ്ട്. മോഷണവും അക്രമങ്ങളും തടയുന്നതിനായി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്.

മൂന്നാം ഉത്സവമായ ചൊവ്വാഴ്ച ഭക്‌തിഗാനാർച്ചന, ഭക്തിഗാനമേള, ഭജൻസ്, സംഗീതസദസ്സ്‌, തിരുവാതിര, നങ്ങ്യാർക്കൂത്ത്. നൃത്തം എന്നിവയുണ്ടായിരുന്നു. നാലാം ഉത്സവമായ

ബുധനാഴ്ച രാവിലെ 8 30-നു നടക്കുന്ന ശ്രീബലിക്ക് തൈക്കാട്ടുശ്ശേരി മനു, പൂച്ചാക്കൽ ശ്രീനാഥ് എന്നിവരുടെ നാദസ്വരവുംതുറവൂർ ശരത്തും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളവും നടക്കും. 10.30-ന് സോപാനസംഗീതസദസ്സ്‌, 11.30-ന് സംഗീതസദസ്സ്‌, 12.30-ന് കലാമണ്ഡലം പാർവതിവർമയുടെ ഓട്ടൻതുള്ളൽ, 1.30-ന് നൃത്തനൃത്യങ്ങൾ, 2.30-ന് ഭക്തിഗാനമേള,3.30-ന് ആലപ്പുഴ അനുഷ്‌ക വിഷ്‌ണുവിന്റെ ഭരതനാട്യം, നാലിന് തുറവൂർ എസ്. ഗായത്രിയുടെ ഭരതനാട്യം, അഞ്ചിന് കാഴ്‌ചശ്രീബലി, രാത്രി ഏഴിന് എടനാട് രാജൻ നമ്പ്യാരുടെ പാഠകം, എട്ടിനും ഒൻപതിനും ഭരതനാട്യം, 10-ന് നൃത്തനൃത്യങ്ങൾ, 11 -ന് വിളക്ക്, 12 -ന് മേജർ സെറ്റ് കഥകളി.