കക്കുറുമ്പ് പാലം പുനർനിർമാണം തുടങ്ങാനായില്ല

ബജറ്റിൽ പണം വകയിരുത്തി ഒന്നരവർഷം കഴിഞ്ഞിട്ടും
വള്ളികുന്നം : ബജറ്റിൽ പണം വകയിരുത്തി ഒന്നരവർഷം കഴിഞ്ഞിട്ടും കാമ്പിശ്ശേരി കക്കുറമ്പ് പാലം പുനർനിർമാണം നടന്നില്ല. കാലപ്പഴക്കംമൂലം തകർച്ചയിലായ പാലം പുനർനിർമിക്കാൻ സംസ്ഥാന സർക്കാർ 2025-ലെ ബജറ്റിൽ ഒരുകോടി രൂപയാണ് വകയിരുത്തിയത്.
പാലം സ്ഥിതിചെയ്യുന്ന കക്കുറുമ്പ്-മാമ്മൂട് റോഡിലൂടെയുള്ള യാത്രയും ദുരിതത്തിലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡുപുനരുദ്ധാരണ പദ്ധതിയിൽ 20 ലക്ഷം രൂപയ്ക്ക് റോഡ് പുനർനിർമാണത്തിനു കരാർ നൽകിയെങ്കിലും നടന്നില്ല.
പുനർനിർമാണത്തിനായി നിലവിലുണ്ടായിരുന്ന ടാറിങ് യന്ത്രങ്ങളുപയോഗിച്ച് ഇളക്കിയിട്ടിട്ട് ആറുമാസം കഴിഞ്ഞു. പാറകൾ ഇളകിക്കിടക്കുന്നതുമൂലം ഇതുവഴി കാൽനടയായും ഇരുചക്രവാഹനങ്ങളിലും യാത്ര ബുദ്ധിമുട്ടിലായ നിലയിലാണ്.
ആലപ്പുഴ, കൊല്ലം ജില്ലകളുടെ അതിർത്തിയിലുള്ള കക്കുറുമ്പ് പാലത്തിന് 57 വർഷത്തെ പഴക്കമുണ്ട്. വാഹനങ്ങൾ പോകുമ്പോൾ പാലത്തിന്റെ അടിവശത്തെ കോൺക്രീറ്റ് പാളികളായി ഇളകിവീഴുന്ന നിലയിലാണ്. കോൺക്രീറ്റ് തൂണുകൾ ഉറപ്പിച്ചിരിക്കുന്ന പാറകൾ ഇളകി ഇരുവശങ്ങളിലെയും കൈവരികൾ തകർന്ന പാലത്തിലൂടെയുള്ള ഗതാഗതം അപകടഭീഷണിയിലായിട്ടു വർഷങ്ങളായി.
ഒരുസമയം കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം കടന്നുപോകാനുള്ള വീതിയാണ് പാലത്തിനുള്ളത്. സ്‌കൂൾ ബസുകളടക്കം ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.
മണപ്പള്ളി-പാവുമ്പ റോഡിൽ ഗതാഗതതടസ്സങ്ങളുണ്ടാകുമ്പോൾ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് കക്കുറുമ്പ് പാലം വഴിയാണ്. കക്കുറുമ്പ് പാലത്തിനൊപ്പം നിർമിച്ച ഭൂരിഭാഗം പാലങ്ങളും പുതുക്കിപ്പണിതിട്ട് വർഷങ്ങളായി. പാലം അപകടാവസ്ഥയിലായശേഷവും ഒട്ടേറെ തവണ കക്കുറുമ്പ്-പാവുമ്പ റോഡ് റീടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കി. എന്നാൽ, തകർച്ചയിലായ പാലത്തെ അധികൃതർ അവഗണിക്കുകയായിരുന്നു.
കക്കുറുമ്പ് പാലം അപകടാവസ്ഥയിലായത് സംബന്ധിച്ച് മാതൃഭൂമി ഒന്നിലധികം തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് പാലം വീതികൂട്ടി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് സർക്കാരിനു നൽകിയിരുന്നു.
ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റിയുടെയും പ്രദേശവാസികളുടെയും ആവശ്യം പരിഗണിച്ച് എം.എസ്. അരുൺകുമാർ എം.എൽ.എ. ഇടപെട്ടാണ് പാലത്തിന്റെ പുനർനിർമാണത്തിന് ബജറ്റിൽ പണം വകയിരുത്തിയത്.
ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചില്ല
: ധനകാര്യവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് പാലത്തിന്റെ പുനർനിർമാണം വൈകുന്നത്. അനുമതി ലഭിച്ചാലുടൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിർമാണം ടെൻഡർചെയ്ത് കരാറുകാരനെ ഏൽപ്പിക്കുന്നതിനു നടപടി സ്വീകരിക്കും
എം.എസ്. അരുൺകുമാർ എം.എൽ.എ.