ഇടുങ്ങിയ റോഡും അതിവേഗവും അപകടമേഖലയായി ചെട്ടികുളങ്ങര

ചെട്ടികുളങ്ങര : കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ ചെട്ടികുളങ്ങര ഭാഗം അപകടമേഖലയായി മാറുന്നു. വരിക്കോലിൽമുക്കിനും തട്ടയ്ക്കാട്ടുപടിക്കുമിടയിലുള്ള ഭാഗത്താണ് നിത്യേന അപകടമുണ്ടാകുന്നത്. ഒരാഴ്ചയ്ക്കു മുൻപ് സ്കൂട്ടർയാത്രക്കാരനായ എൻജിനിയറിങ് കോളേജ് വിദ്യാർഥി സ്വകാര്യബസിടിച്ചു മരിച്ചതാണ് അവസാനത്തെ സംഭവം. വാഹനങ്ങളുടെ അതിവേഗവും അനധികൃത പാർക്കിങ്ങും സൂചനാ ബോർഡുകളില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. ഈഭാഗം അപകടസാധ്യതാമേഖലയാണെന്ന മോട്ടോർവാഹനവകുപ്പിന്റെ മുന്നറിയിപ്പ് ബന്ധപ്പെട്ടവർ അവഗണിക്കുന്നതിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്.
തട്ടയ്ക്കാട്ടുപടി ജങ്‌ഷനിൽ രണ്ട് പോക്കറ്റ്റോഡുകളാണ് സംസ്ഥാനപാതയിലേക്ക് വന്നുചേരുന്നത്. ഒന്ന് ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂളിൽനിന്നുള്ള റോഡ്, മറ്റൊന്ന് കമ്പനിപ്പടിയിൽനിന്നുള്ള റോഡും. രാവിലെയും വൈകീട്ടും ഇവിടെ വലിയ തിരക്കാണ്. അതിവേഗത്തിൽ സംസ്ഥാനപാതയിൽക്കൂടിവരുന്ന വാഹനങ്ങളും പോക്കറ്റ്റോഡുകളിൽ നിന്നുവരുന്ന വാഹനങ്ങളും കൂട്ടിയിടിച്ചുള്ള അപകടം പതിവാണ്.
ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ വടക്കും തെക്കും നടകളിൽനിന്ന് സംസ്ഥാനപാതയിലേക്ക് കയറുന്ന ഭാഗങ്ങളിലും വരിക്കോലിൽമുക്കിലും സ്ഥിതി വ്യത്യസ്തമല്ല. വരിക്കോലിൽമുക്കിൽ പോക്കറ്റ്റോഡ് വന്നുചേരുന്ന ഭാഗത്ത് സംസ്ഥാനപാതയിലെ ചെറിയ വളവും അപകടസാധ്യത വർധിപ്പിക്കുകയാണ്. ഈ ഭാഗങ്ങളിലെല്ലാം വേഗനിയന്ത്രണ സംവിധാനങ്ങളും മുന്നറിയിപ്പു ബോർഡുകളും അത്യാവശ്യമാണ്. കുംഭഭരണി കെട്ടുകാഴ്ചകൾ കടന്നുവരുന്ന വഴിയായതുകൊണ്ട് അതിന് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള വേഗനിയന്ത്രണ സംവിധാനങ്ങളാണ് ഒരുക്കേണ്ടത്.
ചെട്ടികുളങ്ങര ക്ഷേത്രത്തിനു വടക്ക് സർവീസ് സ്റ്റേഷൻ മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗത്ത് സംസ്ഥാനപാതയ്ക്ക് വീതി തീരെ കുറവാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ വാഹനങ്ങളുൾപ്പടെ പാർക്ക് ചെയ്യുന്നതും ഈ റോഡിന്റെ ഇരുവശത്തുമാണ്. കായംകുളം ഭാഗത്തേക്കും മാവേലിക്കര ഭാഗത്തേക്കുമുള്ള ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഈവഴിയിൽത്തന്നെ. ക്ഷേത്രജങ്ഷനിൽ ബസിറങ്ങി
റോഡുമുറിച്ചുകടക്കുന്നവർ അപകടത്തിൽപ്പെടുന്നത് പതിവാണ്. പെട്ടിവണ്ടിയിലും ഉന്തുവണ്ടിയിലുമായി റോഡു കൈേയറിയുള്ള കച്ചവടവും അപകടം വിളിച്ചുവരുത്തുന്നു. വടക്കേത്തുണ്ടത്തുനിന്നുള്ള റോഡ് ക്ഷേത്രജങ്ഷനിലെത്തുന്ന ഭാഗത്ത് വലിയകയറ്റമാണ്. ഇവിടെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നു. ക്ഷേത്രനഗരമെന്ന ആശയം യാഥാർഥ്യമായാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
ബസുകളുടെ മത്സരയോട്ടവും ഇരുചക്രവാഹനങ്ങളുടെ അതിവേഗവുമാണ് അപകടസാധ്യത വർധിപ്പിക്കുന്ന മറ്റ് ഘടകങ്ങൾ. വേണ്ടത്ര ആലോചനയില്ലാതെ ബസ് പെർമിറ്റ് നൽകുന്നതും ബസ്ട്രിപ്പുകൾ തമ്മിൽ സമയവ്യത്യാസമില്ലാത്തതും മത്സരയോട്ടത്തിന് കാരണമാണ്.
വേഗനിയന്ത്രണത്തിനായി സ്പീഡ് ബ്രേക്കർ, മുന്നറിയിപ്പ് ലൈറ്റുകൾ തുടങ്ങിയവ സ്ഥാപിക്കുക, അനധികൃത പാർക്കിങ്, വഴിയോരക്കച്ചവടം എന്നിവ തടയുക, നിയമലംഘനം തടയാൻ ക്ഷേത്ര ജങ്ഷനിൽ പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കുക തുടങ്ങിയവ അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കേണ്ടതാണ്.