വീയപുരം സംരക്ഷിത വനത്തിൽ ശലഭ- പക്ഷി കണക്കെടുപ്പ് നടത്തി

ഹരിപ്പാട് : ജില്ലയിലെ ഏക സംരക്ഷിത വനമായ വീയപുരം 'നഗരവാടിക'യിലും പരിസരപ്രദേശങ്ങളിലും നടത്തിയ ശലഭ-പക്ഷി കണക്കെടുപ്പിൽ 43 ഇനങ്ങളിലെ 716 പക്ഷികളെയും 24 ഇനങ്ങളിലെ 220 ശലഭങ്ങളെയും കണ്ടെത്തി. വനംവകുപ്പിന്റെ ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഭാഗമായാണ് കണക്കെടുപ്പ് നടത്തിയത്. പാതിരാക്കൊക്കും കിന്നരി നീർക്കാക്കയും ഉൾപ്പടെയുള്ള പക്ഷികളെയും വരയൻ കോമാളി, പുലിത്തൈയ്യൻ, വയൽക്കോത തുടങ്ങിയ ശലഭങ്ങളെയും ഇവിടെ കണ്ടു. വീയപുരം നഗരവാടികയിൽ ആദ്യമായാണ് ഇത്തരത്തിലെ കണക്കെടുപ്പു നടത്തുന്നത്.

ആലപ്പുഴ നാച്ചുറൽഹിസ്റ്ററി സൊസൈറ്റി, വനം വകുപ്പിന്റെ ആലപ്പുഴ സാമൂഹിക വനവത്കരണ വിഭാഗം എന്നിവ മേൽനോട്ടം വഹിച്ചു. കായംകുളം എം.എസ്.എം. കോളജ്, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളജ്, ചങ്ങനാശ്ശേരി എസ്.ബി. കോളജ് എന്നിവിടങ്ങളിലെ ഭൂമിത്ര സേനാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ സുമി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. രവീന്ദ്രൻ അധ്യക്ഷനായി. ഡോ. ആർ. അഭിലാഷ്, ഡോ. കൃഷ്ണകുമാർ, റേഞ്ച് ഓഫീസർ ടി.എസ്. സേവ്യർ, കെ.ജി. രമേശ്, ഇ.ആർ. അശോകൻ, സിബു, ജി. ജോസഫ് എന്നിവർ സംസാരിച്ചു.