ജീവൻവെച്ച് മത്സരയോട്ടം

ചാരുംമൂട് : കായംകുളം-പുനലൂർ റോഡും കൊല്ലം-തേനി ദേശീയപാതയും സംഗമിക്കുന്ന ചാരുംമൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യ ബസുകളും ഗതാഗതനിയമങ്ങൾ ലംഘിക്കുന്നു. ഈ രണ്ടു റോഡുകളിലൂടെ ബസുകളടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ദിവസേന ഓടുന്നത്. മത്സരയോട്ടം നടത്തി ജങ്ഷനിലെത്തുന്ന ബസുകൾ സിഗ്നൽ പോലും അവഗണിച്ചാണ് പലപ്പോഴും മുന്നോട്ടെടുക്കുന്നത്. ഇതുമൂലം അപകടങ്ങളും പതിവാണ്.

കഴിഞ്ഞദിവസം സ്വകാര്യബസ് ബൈക്കിലിടിച്ച് പോലീസുദ്യോഗസ്ഥനു പരിക്കേറ്റതാണ് അവസാനമുണ്ടായ അപകടം. നൂറനാട് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിലെ സി.പി.ഒ., കായംകുളം പുല്ലുകുളങ്ങര സ്വദേശി ഗോഗുൽനാഥിനാണ് ഓഫീസിലേക്കു വരുമ്പോൾ പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ഒൻപതരയോടെ ചാരുംമൂട്ടിലെ സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിനു പിന്നിൽ തൊട്ടുപുറകേവന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗോഗുൽനാഥ് റോഡിലേക്കു തെറിച്ചുവീഴുകയും ബൈക്ക് അൻപതു മീറ്റർ മുന്നോട്ടു പോയി മറിയുകയുമായിരുന്നു.

ബസ്‌ ബേകൾ വേണം

ബസുകൾക്ക് റോഡുകളിൽനിന്നുമാറി പാർക്ക് ചെയ്യാൻ ബസ്‌ ബേകൾ ഇല്ലാത്തത് ചാരുംമൂട്ടിലെ ഗതാഗതപ്രശ്നത്തിനു പ്രധാന കാരണമാണ്. റോഡിൽത്തന്നെ ബസുകൾ നിർത്തുന്നതുമൂലം ഗതാഗതക്കുരുക്കുണ്ടാകുന്നു. ചാരുംമൂട് ജങ്ഷനിൽനിന്നു നാലു ഭാഗത്തായുള്ള കാത്തിരിപ്പുകേന്ദ്രങ്ങളിലേക്ക് രാവിലെ ബസുകൾ എത്താതെ ജങ്ഷനിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും ദിവസവും ഉണ്ടാകുന്ന പ്രശ്നമാണ്. പിന്നാലെയെത്തുന്ന ബസ്‌ റോഡിനു കുറുകേ നിർത്തിയിടുന്നതുമൂലം രണ്ടു റോഡുകളിലും ഗതാഗതസ്തംഭനം ഉണ്ടാകുന്നു.

അതുപോലെ ജങ്ഷനിൽ സിഗ്‌നൽ കാത്തുകിടക്കുന്ന ബസുകളിൽനിന്ന് വാതിൽതുറന്ന് യാത്രക്കാരെ ഇറക്കാൻ ജീവനക്കാർ കാണിക്കുന്ന ധൃതി അപകടത്തിനു കാരണമാകുന്നു. സിഗ്നലിനു മുന്നിൽ നിർത്തുന്ന ബസിന്റെ വാതിൽ പെട്ടെന്നുതുറന്ന്‌ റോഡിൽ യാത്രക്കാരെ ഇറക്കുന്നതുമൂലം പിന്നാലെ വരുന്ന ഇരുചക്രവാഹനങ്ങൾ ബസിന്റെ വാതിലിലും ബസിൽനിന്നിറങ്ങുന്ന യാത്രക്കാരെയും ഇടിച്ച് അപകടങ്ങൾ ഉണ്ടാകുന്നു. കായംകുളം ഭാഗത്തേക്കുള്ള കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിൽ ബസ് നിർത്താതെ സിഗ്‌നൽ ഭാഗത്ത് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും ജങ്ഷനിൽ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. കായംകുളത്തിനുള്ള കാത്തിരിപ്പുകേന്ദ്രത്തോടു ചേർന്ന് റോഡരികിൽ നിൽക്കുന്ന മരങ്ങളിൽ കൂടുകൂട്ടിയിട്ടുള്ള ദേശാടനപ്പക്ഷികളുടെ കാഷ്ടം യാത്രക്കാരുടെ ദേഹത്തു പതിക്കുന്നതിനാലാണ് ഈഭാഗത്ത് ബസ് നിർത്താത്തതെന്നാണ് പറയുന്നത്.

അനധികൃത പാർക്കിങ്ങിനെതിരേ നടപടി

ചാരുംമൂട് ജങ്ഷനിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ കെ.പി. റോഡിലും കൊല്ലം-തേനി ദേശീയപാതയിലും മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന തുടങ്ങി. ചാരുംമൂട് ജങ്ഷനിൽനിന്ന് നാലുഭാഗത്തേക്കും അനധികൃതമായി പാർക്കുചെയ്തിരുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുത്തു. നിയമലംഘനം നടത്തിയ ബസുകൾക്കെതിരേയും നടപടിയെടുത്തു. ചാരുംമൂട് ജങ്ഷനിൽനിന്ന് നാലുഭാഗത്തേക്കും പാർക്കിങ് അനുവദിക്കില്ലെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.