ചമ്പക്കുളം പാലം: അനുബന്ധപാതയുടെ പുനർനിർമാണം പൂർത്തിയായി

ചമ്പക്കുളം : ചമ്പക്കുളം പാലത്തിന്റെ അനുബന്ധപാതയുടെ അറ്റകുറ്റപ്പണി പൂർത്തിയായി. പാലം നിർമാണം പൂർത്തിയായി ഗതാഗതത്തിനായി തുറന്നുകൊടുത്തതിനുശേഷം നിരവധി തവണ അനുബന്ധപാത ഇടിഞ്ഞുതാഴുന്ന സ്ഥിതിയുണ്ടായി. അനുബന്ധപാതയും പാലവും തമ്മിലുള്ള പൊക്കവത്യാസം വാഹനങ്ങൾക്ക് സുഗമമായി യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കി. വാഹനങ്ങൾ പാലത്തിലേക്ക് ഇടിച്ചു കയറ്റേണ്ടി വരുന്നതുമൂലം വാഹനങ്ങൾ നിയന്ത്രണംതെറ്റി അപകടത്തിൽപ്പെട്ടിരുന്നു.

പ്രശ്‌നം സംബന്ധിച്ച് മാതൃഭൂമി വാർത്തകൾ നൽകിയിരുന്നു. റോഡ് ഇടിഞ്ഞു താഴുമ്പോൾ പരിപാലന ചുമതലയുണ്ടായിരുന്ന കരാറുകാരൻ താത്ക്കാലിക അറ്റകുറ്റപ്പണികൾ നടത്തി പ്രശ്നം പരിഹരിക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോൾ പൊതുമരാമത്തുവകുപ്പ് പാലം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പാലത്തിന്റെ പടിഞ്ഞാറെ കരയിലെ അനുബന്ധപാതയുടെ പുനർനിർമാണം പൂർത്തിയാക്കിയത്.

സംരക്ഷണഭിത്തികൾ ഉയർത്തി ബലപ്പെടുത്തിയ ശേഷം റോഡുയർത്തി 40 മീറ്റർ ദൂരം കൊരുപ്പുകട്ട വിരിച്ചു. എ.സി. റോഡിൽനിന്ന് ദേശീയ പാതയിലേക്കും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എളുപ്പം എത്തിച്ചേരാനുള്ള മാർഗമാണ് ചമ്പക്കുളം പാലം വഴിയുള്ള യാത്ര. കൂടാതെ പടഹാരം പാലം കൂടി യാഥാർഥ്യമായതോടെ ജില്ലയുടെ തെക്കൻ മേഖലയിലേക്കും അമ്പലപ്പുഴ തിരുവല്ല റോഡിലേക്കും എത്തിച്ചേരാനുള്ള എളുപ്പ പാതയാണ് ചമ്പക്കുളം പാലം.