വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന: വലഞ്ഞ് ഉടമകൾ

ചെങ്ങന്നൂർ : വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയിലെ അവ്യക്തതമൂലം ഉടമകൾ വലഞ്ഞു. തിങ്കളാഴ്ച രാവിലെ വാഹനങ്ങളുമായി എത്തിയപ്പോൾ ഫിറ്റ്‌നസ് പരിശോധനയില്ലെന്നറിഞ്ഞത് പ്രതിഷേധത്തിനിടയാക്കി. മുൻകൂട്ടി ഫീസടയ്ക്കുകയും ടോക്കൺ നമ്പർ ലഭിക്കുകയും ചെയ്തതിനെത്തുടർന്നാണ് വാഹനങ്ങളുമായി പരിശോധനയ്ക്ക് എത്തിയത്.
പുതിയ നിയമമനുസരിച്ച് ഓട്ടമാറ്റിക് ടെസ്റ്റിങ് കേന്ദ്രത്തിൽ പരിശോധന നടത്തണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇതിൽ പരിശോധന നടത്താൻ സാങ്കേതിക തടസ്സങ്ങളുണ്ടായതിനെത്തുടർന്ന് പഴയരീതിയിൽ മാനുവലായി പരിശോധന നടത്താമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, ഈ നിർദേശം മോട്ടോർവാഹന വകുപ്പ് പൊടുന്നനെ പിൻവലിച്ചതാണ് ഉടമകളെ വലച്ചത്.
പരിശോധനയില്ലെന്നറിഞ്ഞ് ഉടമകൾ ആർ.ടി.ഒ. ഓഫീസിലെത്തി പ്രതിഷേധിച്ചു. ചിലർ വാഹനത്തിന്റെ താക്കോലും മറ്റും ഓഫീസിൽ ഉപേക്ഷിച്ചു. തുടർന്ന്, ഉടമകളുടെ പരാതികൾ ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഓഫീസിൽ അറിയിച്ച് പ്രകാരം തിങ്കളാഴ്ച ടോക്കൺ ലഭിച്ചവരുടെ വാഹനങ്ങളുടെ പരിശോധന മാനുവലായി ചെയ്തുകൊടുക്കാൻ ഉത്തരവ് വന്നു. തുടർന്ന്, 47 വാഹനങ്ങളുടെ ടെസ്റ്റിങ് നടത്തിയതായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.