വയലാർ-ഒളതല രണസ്മരണ പുതുക്കി ആയിരങ്ങൾ

 പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണം സമാപിച്ചു

ചേർത്തല : എൺപതാമതു പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണം ചൊവ്വാഴ്ച വയലാർ-ഒളതല സമരവാർഷികത്തോടെ സമാപിച്ചു. വയലാർ-ഒളതല രണസ്മരണ പുതുക്കി ആയിരങ്ങളാണ് വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത്. ആലപ്പുഴ വലിയചുടുകാട്ടിൽനിന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മേനാശ്ശേരി രക്തസാക്ഷി സ്മാരകത്തിൽനിന്ന്‌ മുതിർന്ന സി.പി.എം. നേതാവ് കെ.വി. ദേവദാസും തെളിച്ച ദീപശിഖ ഉച്ചയോടെ വയലാറിലെത്തിയപ്പോൾ ആയിരങ്ങൾ ചേർന്ന്‌ സ്വീകരിച്ചു.

ദീപശിഖകൾ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി. സിദ്ധാർഥൻ ഏറ്റുവാങ്ങി നേതാക്കളുടെ സാന്നിധ്യത്തിൽ വയലാർ മണ്ഡപത്തിൽ പ്രതിഷ്ഠിച്ചു. നേതാക്കളായ സജി ചെറിയാൻ, ടി.ജെ. ആഞ്ചലോസ്, സി.എസ്. സുജാത, ആർ. നാസർ, പി. പ്രസാദ്, സി.ബി. ചന്ദ്രബാബു, എസ്. സോളമൻ, ടി.ടി. ജിസ്‌മോൻ, എം. ശിവപ്രസാദ്, കെ. പ്രസാദ്, എം.കെ. ഉത്തമൻ, എ.എം. ആരിഫ്, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, എൻ.എസ്. ശിവപ്രസാദ്, കെ. ഉമയാക്ഷൻ, എ. മഹേന്ദ്രൻ, എൻ.പി. ഷിബു, മനു സി. പുളിക്കൽ, എം.എസ്. അരുൺകുമാർ, ബി. വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.

രണ്ടിനു നടന്ന വയലാർ രാമവർമ അനുസ്മരണ സമ്മേളനത്തിൽ വിദ്വാൻ കെ. രാമകൃഷ്ണൻ അധ്യക്ഷനായി. അശോകൻ ചരുവിൽ, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. സുജാ സൂസൻ ജോർജ്, ഒ.കെ. മുരളീകൃഷ്ണൻ, എം.കെ. ഉത്തമൻ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. വൈകീട്ടു നടന്ന പൊതുസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ സംസാരിച്ചു.