വെള്ളപ്പാച്ചിലിൽ റോഡു തകർന്നു; അർത്തുങ്കൽ ബൈപ്പാസ് കവലയിൽ ഗതാഗതക്കുരുക്ക്

ചേർത്തല : ദേശീയപാത അർത്തുങ്കൽ ബൈപ്പാസിൽ വാഹനയാത്രക്കാരെ വലച്ച് വീണ്ടും വെള്ളക്കുരുക്ക്. പാതയ്ക്കടിയിലൂടെ പോകുന്ന കുടിവെള്ളക്കുഴലിലെ ചോർച്ച ശക്തമായതോടെ അടിപ്പാതയോടു ചേർന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് കുരുക്ക്. വെള്ളം റോഡിൽ നിറഞ്ഞ് റോഡു തകർന്നതോടെ കവലയിൽ സ്വാഭാവികമായുണ്ടായിരുന്ന ഗതാഗതക്കുരുക്ക് ഇരട്ടിയായി. പലഘട്ടങ്ങളിലും കവല കടക്കാൻ അരമണിക്കൂർവരെ കാക്കേണ്ട ഗതികേടിലാണ് വാഹനയാത്രക്കാർ.
കവലയിൽ അടിപ്പാതയ്ക്കടിയിലെ വിതരണക്കുഴലിലുണ്ടായ തകരാറിൽ നീണ്ടനാൾ വെള്ളം ചോർന്ന് പ്രതിസന്ധിയായിരുന്നു. പരാതികളുയർന്ന സാഹചര്യത്തിൽ രണ്ടുമാസം മുൻപ് മാതൃഭൂമി നിരന്തരം വാർത്തയാക്കിയിരുന്നു. ദേശീയപാത, ജല അതോറിറ്റി അധികൃതർ ഇടപെട്ട് ഒരുപരിധിവരെ തകരാർ പരിഹരിച്ച് താത്കാലിക പരിഹാരം കണ്ടിരുന്നു. എന്നാൽ, അടുത്തിടെ വീണ്ടും വെള്ളച്ചോർച്ച ശക്തമായി.
വെള്ളപ്പാച്ചിലിലാണ് സർവീസ് റോഡ് പൂർണമായി തകർന്നത്.
നിലവിലെ വെള്ളച്ചോർച്ചയുടെ വ്യാപ്തി കണക്കാക്കുമ്പോൾ ദിവസേന 25,000 ലിറ്റർ വെള്ളം പാഴാകുന്നതായാണു വിവരം. ഇത് റോഡിലേക്കും കാനയിലേക്കും സമീപ വീടുകളിലേക്കുമാണ് ഒഴുകുന്നത്. വെള്ളം വലിയതോതിൽ റോഡിൽത്തന്നെ കെട്ടിക്കിടക്കുകയാണ്. ഇതോടെ റോഡിൽ വലിയ ഗർത്തമായിട്ടുണ്ട്.
നിർമാണത്തിലെ ക്രമീകരണങ്ങളും സർവീസ് റോഡിന്റെ വീതിക്കുറവും മൂലം കവലയിൽ നിരന്തരം ഗതാഗതക്കുരുക്കായിരുന്നു. വെള്ളച്ചോർച്ച ശക്തമായി റോഡു തകർന്നതോടെ കുരുക്ക് വീണ്ടും കൂടി. പലപ്പോഴും വാഹനങ്ങളുടെ നിര റെയിൽവേ സ്റ്റേഷൻ കടന്നും നീളുന്ന സ്ഥിതിയാണ്.