ശബരിമല തീർഥാടനം: ബി.എസ്.എൻ.എൽ. നെറ്റ്‌വർക്ക് പ്രശ്നങ്ങൾ പരിഹരിക്കും

ചെങ്ങന്നൂർ : ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ മേഖലയിലെ മൊബൈൽ നെറ്റ്‌വർക്ക് കവറേജും ഇന്റർനെറ്റ് ലഭ്യതയും ഉറപ്പാക്കുമെന്ന് ബി.എസ്.എൻ.എൽ. കോൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും 4 ജി സേവനത്തിലേക്കുള്ള തിരിച്ചുവരവ് വേഗത്തിലാക്കുന്നതിനുമായി 30 സൈറ്റുകളിൽ സെഡ്.ടി.ഇ. 3ജി സംവിധാനം പുനഃസ്ഥാപിച്ചു. തടസ്സങ്ങൾ പരിഹരിക്കുന്നതിനും ഉപഭോക്താക്കൾക്ക് കൂടുതൽ സ്ഥിരതയുള്ള ആശയവിനിമയ സൗകര്യം ലഭ്യമാക്കുന്നതിനും ഈ നടപടി സഹായിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ അധ്യക്ഷതയിൽ നടന്ന ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും തീർഥാടനകാലത്ത്‌ തടസ്സമില്ലാത്ത ആശയവിനിമയസൗകര്യം ഉറപ്പാക്കണമെന്ന് അദ്ദേഹം കേരള സർക്കിൾ ജനറൽ മാനേജർ ആർ. സജികുമാറിനോട് ആവശ്യപ്പെട്ടു. നെറ്റ്‌വർക്ക് ശേഷി ഉറപ്പാക്കുകയും തിരക്കേറിയ സമയങ്ങളിൽ സേവനത്തിന്റെ ഗുണനിലവാരം നിലനിർത്തുകയും വേണം. തീർഥാടകരുടെ സുരക്ഷ, യാത്രാവിവരങ്ങൾ കൈമാറൽ, അടിയന്തര ആശയവിനിമയം എന്നിവയ്ക്ക് മികച്ച രീതിയിലുള്ള മൊബൈൽ കണക്ടിവിറ്റി അനിവാര്യമാണ്. തീർഥാടനകാലം തുടങ്ങുന്നതിനു മുൻപായി ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്നും സേവനത്തിലെ പോരായ്മകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല അവലോകനയോഗം ഇന്ന്

ചെങ്ങന്നൂർ : ശബരിമല തീർഥാടന കാലയളവിൽ റെയിൽവേ സ്റ്റേഷനുകളിലും യാത്രാസൗകര്യങ്ങളിലും ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനായി ശനിയാഴ്ച വൈകീട്ട് നാലിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ അവലോകന യോഗം നടക്കും. ട്രെയിൻ സർവീസുകൾ, അധിക കോച്ചുകൾ, പ്ലാറ്റ്‌ഫോം സൗകര്യങ്ങൾ, യാത്രക്കാരുടെ നിയന്ത്രണം, റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ, റിസർവേഷൻ-ടിക്കറ്റ് സൗകര്യങ്ങൾ, സ്റ്റേഷൻ പരിസരത്തെ ഗതാഗത നിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി. അധ്യക്ഷനാകും.