ഏവൂർ ക്ഷേത്രം ലെവൽക്രോസ്അടയ്ക്കാൻ നീക്കം

പ്രതിഷേധവുമായി പൗരസംഘം, ജനകീയ സമരത്തിന് കളമൊരുങ്ങുന്നു
ഹരിപ്പാട് : ദേശീയപാതയെയും കായംകുളം-ഏവൂർ-മുട്ടം റോഡും ബന്ധിപ്പിക്കുന്ന ഏവൂർ ക്ഷേത്രം റോഡിലെ ലെവൽക്രോസ് സ്ഥിരമായി അടയ്ക്കാൻ റെയിൽവേ നീക്കം തുടങ്ങി. തീരദേശപാതയിലെ 11 ലെവൽക്രോസുകൾ അടയ്ക്കുന്നതിനുള്ള നടപടിയുമായി റെയിൽവേ മുന്നോട്ടുപോവുകയാണ്. ഇതിൽ ഏവൂർ ക്ഷേത്രം ലെവൽക്രാസും ഉൾപ്പെടുന്നു. ഇതുസംബന്ധിച്ച് തിരുവനന്തപുരം റെയിൽവ ഡിവിഷണൽ എൻജിനിയർ കളക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. തുടർനടപടികളുമായി റെയിൽവേ മുന്നോട്ടുപോകുന്നതിനിടെ ഏവൂരിൽ വലിയ ജനകീയ പ്രക്ഷോഭത്തിനു കളമൊരുങ്ങുകയാണ്.1996 മേയ് 14-ന് ഈ ലെവൽക്രോസിൽ തീവണ്ടിയിലേക്ക് ബസ് ഇടിച്ചുകയറി 36 പേർ മരിച്ചിരുന്നു. ഇതേത്തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്താലാണ് റെയിൽവേ ഇവിടെ കാവൽക്കാരെ നിയോഗിച്ചത്. തീരദേശപാതയിൽ ഏറ്റവുമധികം വാഹനങ്ങൾ കടന്നുപോകുന്ന ലെവൽക്രോസുകൂടിയാണിത്. ദേശീയപാതയിൽ ഗതാഗതതടസ്സമുണ്ടായാൽ വാഹനങ്ങൾ ഏവൂർ-മുട്ടം റോഡിലേക്കു പോകുന്നത് ഈ ലെവൽക്രോസ് വഴിയാണ്. ദേശീയപാതയ്ക്കു സമാന്തരമായി നങ്ങ്യാർകുളങ്ങര- മാവേലിക്കര റോഡിലെ മുട്ടത്തുനിന്നു കായംകുളത്തേക്കുള്ള പ്രധാന പാതയിൽ വേഗം എത്തിച്ചേരാനുള്ള വഴികൂടിയാണ്. മധ്യതിരുവിതാംകൂറിലെ പ്രധാന ശ്രീകൃഷ്ണസ്വാമീ ക്ഷേത്രമാണ് ഏവൂർ. വർഷം മുഴുവൻ കഥകളിവഴിപാട് നടക്കാറുള്ള ഇവിടെ വിഷുദർശനവും ശ്രീകൃഷ്ണജയന്തിയും പ്രധാനാണ്. ക്ഷേത്രത്തിലെ ഉത്സവത്തിന് വലിയഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ചേപ്പാട് ഗ്രാമപ്പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽനിന്നു ദേശീയപാതയിലെത്താനുള്ള പ്രധാനമാർഗവും ഇതുതന്നെയാണ്. ഏവൂർ ക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗം അടച്ചുപൂട്ടുന്നതിനെതിരേ പൗരസംഘം റെയിൽവേ അധികൃതർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകിയിട്ടുണ്ട്.
ജനകീയ സമരത്തിലൂടെ പുനർനിർമിച്ച റോഡ്
: ഏവൂർ ക്ഷേത്രം റോഡ് ജനകീയ പ്രക്ഷോഭത്തിലൂടെ പുനർനിർമിച്ചത് 2012-ലാണ്. അന്ന് പൂർണമായും തകർന്നുകിടന്ന റോഡിന്റെ സംരക്ഷണത്തിന് പൗരസംഘത്തിന്റെ മേൽനോട്ടത്തിൽ അഗ്നിസമരം നടത്തിയിരുന്നു. രമേശ് ചെന്നിത്തല എം.എൽ.എ.യും കെ.സി. വേണുഗോപാൽ എം.പി.യും ഇടപെട്ട് കേന്ദ്രഫണ്ട് ലഭ്യമാക്കിയാണ് അന്ന് ഈ റോഡ് പുനർനിർമിച്ചത്. നാട്ടുകാർ ഒന്നടങ്കമാണ് അന്ന് പ്രക്ഷോഭത്തിനിറങ്ങിയത്. പ്രതിഷേധയോഗങ്ങൾ പലപ്രാവശ്യം നടത്തി. ഒടുവിൽ പന്തംകൊളുത്തി ജനം തെരുവിലിറങ്ങിയതോടെ ബന്ധപ്പെട്ടവർ ചർച്ചയ്ക്കു തയ്യാറായി. ദിവസങ്ങൾക്കം റോഡുനിർമാണം തുടങ്ങി. സമാനസാഹചര്യമാണ് ഇപ്പോഴുള്ളെതെന്നാണ് പൗരസംഘം പ്രതിനിധികൾ പറയുന്നത്.
ബദൽമാർഗം വേണം
: തീരദേശപാതയിലെ തീവണ്ടികളുടെ വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് ലെവൽക്രോസുകൾ അടയ്ക്കുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. ഒഴിവാക്കാനാകാത്ത സാഹചര്യമാണെങ്കിൽ ഏവൂർ ലെവൽക്രോസിന്റെ ഭാഗത്ത് മേൽപ്പാലം അല്ലെങ്കിൽ അടിപ്പാത വേണമെന്നാണ് പൗരസംഘം ബന്ധപ്പെട്ടവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നത്
എച്ച്. ചന്ദ്രസേനൻ നായർ, ഏവൂർ
ആചാരലംഘനം
: ഏവൂർ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിലെ ഒൻപതാം തിരുവുത്സവത്തോടനുബന്ധിച്ച് ചാങ്ങയിൽ നിന്നുള്ള കെട്ടുകാളയുടെ വരവ് ഏവൂർ ലെവൽക്രോസ് വഴിയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഈ ചടങ്ങ് ലെവൽക്രോസ് അടയ്ക്കുന്നതോടെ തടസ്സപ്പെടും
എസ്. ജയകൃഷ്ണൻ, ഏവൂർ വടക്ക്