പണിതീർന്നിട്ടും അടിപ്പാതകൾ തുറക്കുന്നില്ല; യാത്രാദുരിതം

അമ്പലപ്പുഴ : ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കളർകോടിനും തോട്ടപ്പള്ളിക്കുമിടയിൽ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പണിപൂർത്തിയായിക്കിടക്കുന്ന അടിപ്പാതകൾ തുറക്കാതെ അധികൃതർ. അടിപ്പാതയുടെ അനുബന്ധറോഡുകളുടെ പണി പൂർത്തിയായിട്ടില്ലെങ്കിലും ഇത് താത്കാലികമായി തുറന്നാൽ ഗതാഗതക്കുരുക്കിനു ചെറിയൊരു ആശ്വാസമാകും. നിലവിൽ ദേശീയപാത കുറുകേ കടക്കാൻ ഏറെദൂരം ചുറ്റിക്കറങ്ങണം.

പറവൂർ ജങ്ഷൻ, കപ്പക്കട ജങ്ഷൻ, പുന്നപ്ര മാർക്കറ്റ് ജങ്ഷൻ, കുറവൻതോട് ജങ്ഷൻ, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജങ്ഷൻ, പുറക്കാട് ജങ്ഷൻ, തോട്ടപ്പള്ളി ഒറ്റപ്പന ജങ്ഷൻ എന്നിവിടങ്ങളിലാണ് കളർകോടിനും തോട്ടപ്പള്ളിക്കുമിടയിൽ പൂർത്തിയായിരിക്കുന്ന അടിപ്പാതകൾ. അമ്പലപ്പുഴ കച്ചേരിമുക്ക് ജങ്ഷനിൽ നിർമാണം ഇഴയുകയാണ്. ഇവിടെ അടിപ്പാതയുടെ ഘടനപോലുമായിട്ടില്ല.

കളർകോട് ബൈപ്പാസ് ജങ്ഷനിലെ അടിപ്പാതയും അനിശ്ചിതത്വത്തിലാണ്. ഇതിൽ പറവൂർ ജങ്ഷനിലെ അടിപ്പാതമാത്രമാണ് ഗതാഗതത്തിനായി തുറന്നത്.

കളർകോട്ട് നിർമാണം അതിവേഗം

ഉന്നതതല തീരുമാനം വരുംവരെ നിർമാണം നിർത്തണമെന്ന് കെ.സി. വേണുഗോപാൽ എം.പി.യുടെ നിർദേശമുണ്ടായിട്ടും കളർകോട് ബൈപ്പാസ് ജങ്ഷനിൽ ജോലികൾ അതിവേഗം തുടരുകയാണ്. ഇവിടെ 30 മീറ്റർ ഒഴിച്ചിട്ടാണ് നിർമാണമെങ്കിലും മേൽപ്പാലമെന്ന നിർദേശം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. രേഖാമൂലം നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരും കരാറുകാരും.

അടിപ്പാത തുറക്കണം -പുന്നപ്ര മർച്ചന്റ്‌സ് അസോ.

പുന്നപ്ര മാർക്കറ്റ് ജങ്ഷനിലെ അടിപ്പാത അടിയന്തരമായി തുറക്കണമെന്ന് പുന്നപ്ര മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അറവുകാട് ക്ഷേത്രം മുതൽ പുന്നപ്ര കളിത്തട്ടുവരെയുള്ള ഭാഗത്ത് മേൽപ്പാലം നിർമിക്കണമെന്നും അപകടങ്ങളൊഴിവാക്കാൻ സർവീസ് റോഡുകൾ സുരക്ഷിതമാക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് കെ.എം. രവീന്ദ്രൻ, സെക്രട്ടറി സി. ദിലീപ്കുമാർ എന്നിവർ കെ.സി. വേണുഗോപാൽ എം.പി., ജി. സുധാകരൻ എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ് എന്നിവർക്കു നൽകിയ നിവേദനത്തിലാവശ്യപ്പെട്ടു.