ചാരുംമൂട്ടിൽ ഭീതിപരത്തി തെരുവുനായ്ക്കൂട്ടം

തദ്ദേശസ്ഥാപന അധികാരികൾ ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിലാണ്.
എ.ബി.സി. നിയമം പഞ്ചായത്തുകൾ നടപ്പാക്കുന്നില്ല
ചാരുംമൂട് : ചാരുംമൂട് മേഖലയിൽ ഭീതിപരത്തി തെരുവുനായ്ക്കൂട്ടം. ചാരുംമൂട്ടിലെ കിഴക്കേ ബസ്‌റ്റോപ്പിനു സമീപംആറുപേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ചൊവ്വാഴ്ച പകൽ 11.50-നായിരുന്നു സംഭവം. ഷൗക്കത്ത്, ബിജു, ചന്ദ്രിക, സുമ, സുജിത്‌ലാൽ എന്നിവർക്കാണ് കടിയേറ്റത്. ഭക്ഷണഅലമാരയിൽനിന്നു ഭക്ഷണപ്പൊതി വാങ്ങാനെത്തിയ അറുപതുകാരനെയും നായ ആക്രമിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഒട്ടേറെ തെരുവുനായ്ക്കളെയും വളർത്തുമൃഗങ്ങളെയും നായ കടിച്ചിട്ടുണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
വ്യാപാരിയായ ഷൗക്കത്തിന്റെ കാലിൽ കടിച്ചിട്ടു ഓടിയനായ യാത്രക്കാരിയായ ചന്ദ്രികയെ കടിച്ചു. തുടർന്ന്, ഭക്ഷണഅലമാരയിൽനിന്നു ഭക്ഷണപ്പൊതി വാങ്ങാനെത്തിയയാളെ ആക്രമിച്ചു. അടുത്ത കടയിലേക്കുവന്ന യുവതിയെ നായ ആക്രമിക്കാനെത്തിയപ്പോൾ തടയാനെത്തിയ ഇദ്ദേഹത്തിനുനേരേ നായ തിരിയുയായിരുന്നു. കടിയേറ്റിട്ടും ഇദ്ദേഹം നായയെ പിടിച്ചു നിർത്തി. ഇതുകണ്ട് വടികളുമായി ഓടിയെത്തിയവർ നായയെ അടിച്ചിട്ടതോടെയാണ് അദ്ദേഹത്തെ രക്ഷിക്കാനായത്.
നൂറനാട്, താമരക്കുളം, ചുനക്കര ഗ്രാമപ്പഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചാരുംമൂട്ടിലെ തെരുവുനായ്ക്കളെ നിയന്ത്രിക്കുവാൻ നടപടി വേണം. പഞ്ചായത്തുകളും മൃഗാശുപത്രിയും ചേർന്ന് തെരുവുനായ്ക്കളെ പിടികൂടി പേവിഷബാധയ്ക്കെതിരേ കുത്തിവെപ്പെടുക്കണമെന്നാണ് ആവശ്യം. ചാരുംമൂട്ടിലെ സ്‌കൂളുകളുടെ പരിസരത്തും തെരുവുനായ്ക്കളുടെ ശല്യമുണ്ട്. മന:സമാധാനത്തോടെ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാൻ കഴിയാതെ ഭയപ്പാടിലാണ് രക്ഷാകർത്താക്കൾ.
കഴിഞ്ഞവർഷം സ്‌കൂൾ വിദ്യാർഥി പേപ്പട്ടിയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. വീടിനു സമീപത്തുകൂടിയുള്ള കനാൽറോഡിൽ സൈക്കിളിൽ പോകുമ്പോൾ തെരുവുനായ കുട്ടിയെ മറിച്ചിട്ടിരുന്നു. ശരീരത്തിൽ മുറിവുകളൊന്നും ഇല്ലാത്തതിനാൽ വീട്ടിൽ പറഞ്ഞിരുന്നുന്നില്ല. ഒരുമാസം കഴിഞ്ഞപ്പോൾ പേവിഷബാധയുടെ ലക്ഷണം കാണിക്കുകയായിരുന്നു.
ചാരുംമൂട്ടിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പും കെ.എസ്.ഇ.ബി. ഓഫീസിന്റെ മുറ്റവും കെ.ഐ.പി. ഓഫീസ് വളപ്പും നെഹ്‌റു പാർക്കും നായ്ക്കൾ കൈയടക്കിയിരിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇവിടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും ഭീതിയിലാണ്. ചാരുംമൂട് ചന്തയിലും കനാൽ റോഡുകളിലും നായ്ക്കൾ സ്വൈരവിഹാരം നടത്തുന്നു. കെ.പി. റോഡിലെയും കൊല്ലം-തേനി ദേശീയപാതയിലെയും കാൽനടയാത്രികർക്കും ഇരുചക്രവാഹനയാത്രക്കാർക്കും നായ്ക്കൾ പേടിസ്വപ്‌നമാണ്.
ചാരുംമൂട് കൂടാതെ നൂറനാട്, താമരക്കുളം, പാലമേൽ, ചുനക്കര, പടനിലം, ഇടപ്പോൺ, കരിമുളയ്ക്കൽ, ആദിക്കാട്ടുകുളങ്ങര, കുടശ്ശനാട്, പയ്യനല്ലൂർ, പാറ്റൂർ, ഉളവുക്കാട്, കോമല്ലൂർ പ്രദേശങ്ങളിലും തെരുവുനായ്ക്കൂട്ടംക്കൊണ്ടു ആളുകൾ പൊറുതിമുട്ടി. നായ്ക്കളുടെ കടിയേറ്റ് ഒട്ടേറെ പേർ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. രാത്രിയിൽ ഇരുചക്രവാഹന യാത്രക്കാരുടെ പിന്നാലെ നായ്ക്കൾ ഓടിയെത്തി കടിക്കുന്നതും പതിവാണ്. വളർത്തുമൃഗങ്ങളെയും കടിച്ചു പരിക്കേൽപ്പിക്കുന്നു.
ചന്തകൾ കേന്ദ്രീകരിച്ചും മാലിന്യം തള്ളുന്ന കെ.ഐ.പി. കനാൽ ഭാഗങ്ങൾ കേന്ദ്രീകരിച്ചുമാണ് നായ്ക്കൾ ഏറെയുള്ളത്. താമരക്കുളം മാധവപുരം, ആദിക്കാട്ടുകുളങ്ങര, എരുമക്കുഴി, പടനിലം, ചുനക്കര ചന്തകളിലും തെരുവുനായശല്യം കൂടുതലാണ്.
നായ്ക്കളെ നിയന്ത്രിക്കേണ്ട തദ്ദേശസ്ഥാപന അധികാരികൾ ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിലാണ്. 2001-ൽ പ്രാബല്യത്തിൽ വന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി.) നിയമം പഞ്ചായത്തുകൾ നടപ്പാക്കുന്നില്ല. തദ്ദേശവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്നതാണ് എ.ബി.സി. പദ്ധതി. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ നിരീക്ഷണ സമിതികൾ രൂപവത്‌കരിക്കണമെന്ന നിർദേശവും നടപ്പാക്കിയിട്ടില്ല.
പഞ്ചായത്തുകൾ നടപടിയെടുക്കണം
: തെരുവുനായ്ക്കളുടെ ക്രമാതീതമായ വർധന തടയാൻ പഞ്ചായത്തുകൾ അടിയന്തര നടപടിയെടുക്കണം. പ്രാണഭയത്തോടെയാണ് സ്‌കൂൾ കുട്ടികളടക്കമുള്ളവർ യാത്ര ചെയ്യുന്നത്. ചാരുംമൂട്ടിൽ പേപ്പട്ടിയുടെ കടിയേറ്റ് ഒൻപതുവയസ്സുകാരൻ മരിച്ചിട്ടും ജനപ്രതിനിധികളുടെയും അധികാരികളുടെയും കണ്ണു തുറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ചാരുംമൂടും പരിസരങ്ങളിലും തെരുവുനായ്ക്കൾ കൂട്ടമായി എത്തുന്നത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വലിയ ശല്യമാണുണ്ടാക്കുന്നത്. നായ്ക്കൾക്കുള്ള വാക്‌സിനേഷനും സർക്കാരിന്റെ കൃത്യമായ ഇടപെടലും അടിയന്തരമായി ആവശ്യമാണ്.
ഗീരീഷ് അമ്മ, ജനറൽ സെക്രട്ടറി, വ്യാപാരിവ്യവസായി ഏകോപനസമിതി, ചാരുംമൂട് യൂണിറ്റ്