മിനി സിവിൽ സ്റ്റേഷൻ പാലത്തിൽ അപകടക്കെണി

അനുബന്ധപാത താഴുന്നതിന് പരിഹാരമില്ല

മങ്കൊമ്പ് : മിനി സിവിൽ സ്റ്റേഷൻ പാലത്തിന്റെ അനുബന്ധപാത താഴുന്നതിന് പരിഹാരം കാണാതെ അധികൃതർ. ഒരു ദുരന്തമുണ്ടാകാൻ കാത്തിരിക്കുകയാണോ അധികൃതരെന്നാണ് നാട്ടുകാരുടെ ചോദ്യം. മങ്കൊമ്പ് പാലത്തിന്റെ വടക്കേക്കരയിലെ അനുബന്ധപാത അസാധാരണമാംവിധം താഴ്‌ന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. പാലത്തിൽനിന്ന് ഒരടിയോളം താഴ്‌ന്നാണ് റോഡ് സ്ഥിതിചെയ്യുന്നത്. മാത്രമല്ല, പാലവുമായി ചേരുന്ന ഭാഗം റോഡുതകർന്നു കിടക്കുകയുമാണ്.

ഇതുമൂലം ഇരുചക്രവാഹനം ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് പാലത്തിലേക്ക് കയറാനുമിറങ്ങാനും വലിയ ബുദ്ധിമുട്ടാണ്. ഈ നിലയിൽ കയറിയിറങ്ങുന്നതിനിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുകയും കേടുപാട് സംഭവിക്കുകയും ചെയ്യുന്നതു പതിവാണ്.

മുൻപ്‌ സമാനരീതിയിൽ പാലത്തിന്റെ ഇരുകരകളിലെയും അനുബന്ധപാതകൾ താഴ്‌ന്നപ്പോൾ മെറ്റലും ടാറുമിട്ട് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ, ഇത് താത്കാലിക പരിഹാരം മാത്രമാണെന്നാണ് യാത്രക്കാർ പറയുന്നത്.

ഏതാനും നാളുകൾക്കു മുൻപ്‌ ഇവിടെ അപകടത്തിൽപ്പെട്ട ഇരുചക്രവാഹനത്തിൽനിന്ന് തെറിച്ചുവീണ യാത്രക്കാരി മരിച്ചിരുന്നു. അനുബന്ധപാത താഴുന്നത് മാതൃഭൂമി ഉൾപ്പടെയുള്ള മാധ്യമങ്ങൾ പലതവണ വാർത്തയാക്കി. എന്നിട്ടും പൊതുമരാമത്ത് വകുപ്പ് പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.