ഓലമേഞ്ഞ ക്ലാസ്മുറിയിൽനിന്ന് ഡിജിറ്റൽ പഠനത്തിലേക്ക്

ഉന്നതവിദ്യാഭ്യാസത്തിന് കൂടുതൽ അവസരമെങ്കിലും വെല്ലുവിളിയേറെ
ആലപ്പുഴ : ഓലമേഞ്ഞ ക്ലാസ്മുറികളും പരിമിതമായ പഠനസൗകര്യങ്ങളും പിന്നിട്ട് സ്മാർട്ട് ക്ലാസ്മുറികളിലേക്കും ഡിജിറ്റൽ പഠനത്തിലേക്കും ആലപ്പുഴയുടെ വിദ്യാഭ്യാസരംഗവും വളർന്നു. പ്രാഥമിക വിദ്യാഭ്യാസത്തിൽനിന്ന് ഹയർ സെക്കൻഡറിയിലേക്കും ബിരുദ-ബിരുദാനന്തര പഠനത്തിൽനിന്ന് പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്കുമുള്ള അവസരങ്ങൾ വ്യാപിച്ചു. ആലപ്പുഴയുടെ വിദ്യാഭ്യാസവഴി പരിശോധിക്കുമ്പോൾ നേട്ടങ്ങളേറെ. എന്നാൽ, ഈ വളർച്ച പഠനനിലവാരത്തിലും തൊഴിൽസാധ്യതകളിലും എത്രത്തോളം പ്രതിഫലിച്ചുവെന്ന ചോദ്യം ബാക്കിയാണ്.
പരിമിതികളിൽനിന്ന് അവസരങ്ങളിലേക്ക്
: തിരുവിതാംകൂർ പ്രദേശങ്ങളിലെ വിദ്യാഭ്യാസവളർച്ചയും സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളും മത-സാമുദായിക സംഘടനകളുടെ വിദ്യാഭ്യാസ സംരംഭങ്ങളും ജില്ലയുടെ വിദ്യാഭ്യാസചരിത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ്. സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയാൽ തുടർപഠനത്തിനായി ദൂരസ്ഥലങ്ങളിലേക്കു പോകേണ്ടിവരുന്ന സാഹചര്യത്തിൽനിന്ന് സ്വന്തം പ്രദേശത്തുതന്നെ ഹയർ സെക്കൻഡറി, ബിരുദ പഠനാവസരങ്ങൾ ലഭിക്കുന്നതിലൂടെ വലിയ മുന്നേറ്റമാണുണ്ടായത്.
ആലപ്പുഴയിലെ പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് നിലവിലെ സ്കൂൾ കണക്കുകൾ. കൈറ്റിന്റെ സമേതം സ്കൂൾ ഡേറ്റ ബാങ്കിലെയും ഹയർ സെക്കൻഡറി വിദ്യാഭ്യാസ പോർട്ടലിലെയും കണക്കുകൾപ്രകാരം ജില്ലയിൽ 395 ലോവർ പ്രൈമറി സ്കൂളുകളും 156 അപ്പർ പ്രൈമറി സ്കൂളുകളും 199 ഹൈസ്കൂളുകളുമുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 126 സ്ഥാപനങ്ങളുമുണ്ട്.
ജില്ലയുടെ വിദ്യാഭ്യാസചരിത്രത്തിന് രണ്ടുനൂറ്റാണ്ടിനടുത്ത് പഴക്കമുണ്ട്. പട്ടണത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ കോംപൗണ്ട് സി.എം.എസ്. സ്കൂൾ 1816-ൽ തുടങ്ങി. വിദ്യാഭ്യാസം പരിമിതമായിരുന്ന കാലത്ത് മിഷനറി പ്രവർത്തനങ്ങളിലൂടെ തുടങ്ങിയ ഇത്തരം സ്ഥാപനങ്ങൾ പിന്നീട് ജില്ലയിൽ വിദ്യാഭ്യാസം വ്യാപിക്കുന്നതിനു വഴിയൊരുക്കി. ആലപ്പുഴയിലെ ഹൈസ്കൂൾ വിദ്യാഭ്യാസചരിത്രത്തിൽ ലിയോ തേർട്ടീന്ത് സ്കൂളിന് പ്രധാന സ്ഥാനമുണ്ട്. 1888-ൽ ലിയോ തേർട്ടീന്ത് എന്ന പേരു സ്വീകരിച്ച വിദ്യാലയം 1912-ൽ ഹൈസ്കൂളായി ഉയർന്നു. പരിമിതമായിരുന്ന ഉന്നത സ്കൂൾവിദ്യാഭ്യാസ സൗകര്യങ്ങളിൽനിന്ന് കൂടുതൽ വിദ്യാർഥികൾക്ക് തുടർപഠനത്തിന് അവസരമൊരുക്കിയ ആദ്യകാല സ്ഥാപനങ്ങളിലൊന്നായി ഇതു മാറി.
മാറുന്ന പഠനരീതി
: ബ്ലാക്ക്ബോർഡും പാഠപുസ്തകവും കേന്ദ്രീകരിച്ച പഠനരീതിയിൽനിന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ അറിവു നേടുന്ന വിധത്തിലേക്ക് സ്കൂൾവിദ്യാഭ്യാസം മാറി. ഡിജിറ്റൽ ക്ലാസ് മുറികൾ, ഐ.ടി. അധിഷ്ഠിത പഠനം, ശാസ്ത്രലാബുകൾ, ലൈബ്രറികൾ, അടിസ്ഥാനസൗകര്യ നവീകരണം എന്നിവ പൊതുവിദ്യാഭ്യാസത്തെ കൂടുതൽ ആധുനികമാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും തുടർന്നുള്ള നവീകരണപ്രവർത്തനങ്ങളും സർക്കാർ-എയ്ഡഡ് സ്കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ പങ്കുവഹിച്ചു. എന്നാൽ, എല്ലാ സ്കൂളുകളിലും ഒരേ നിലവാരത്തിലുള്ള സൗകര്യങ്ങളുണ്ടെന്ന് കരുതാനാകില്ല.
കോളേജ് വിദ്യാഭ്യാസം: പുതിയ സാധ്യതകളുടെ ലോകം
: സ്കൂൾവിദ്യാഭ്യാസത്തിലെ വളർച്ചയോടൊപ്പം ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും ജില്ലയിൽ വികസിച്ചു. ആർട്സ് ആൻഡ് സയൻസ് വിഷയങ്ങൾ കൂടാതെ, മെഡിക്കൽ, നഴ്സിങ്, ദന്തചികിത്സ തുടങ്ങിയ പ്രൊഫഷണൽ മേഖലകളിലും പഠനസൗകര്യങ്ങൾ ലഭ്യമാണ്. ആലപ്പുഴയിലെ ദീർഘകാല പാരമ്പര്യമുള്ള കോളേജുകളിലൊന്നാണ് എസ്.ഡി. കോളേജ്. സ്ത്രീകളുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ വളർച്ചയിൽ സെയ്ന്റ് ജോസഫ്സ് കോളേജ് ഫോർ വിമെനും ശ്രദ്ധേയമായ പങ്കുവഹിക്കുന്നു.
സ്ത്രീകൾക്കും ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾക്കും ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വർധിച്ചതും ഈ വളർച്ചയുടെ പ്രധാന വശമാണ്.
സ്വകാര്യ മെഡിക്കൽ കോളേജ് സർക്കാരിന്റേതായി
: കേരളത്തിലെ സ്വകാര്യമേഖലയിലെ ആദ്യത്തെ മെഡിക്കൽ കോളേജാണ് ആലപ്പുഴ വണ്ടാനത്തെ ഗവ. ടി.ഡി. മെഡിക്കൽ കോളേജ്. ഇതു പിന്നീട് സർക്കാർ ഏറ്റെടുത്തു.
ആലപ്പുഴ അനന്തനാരായണപുരം തുറവൂർ തിരുമല ദേവസ്വത്തിന്റെ കോളേജിന് 1963 മാർച്ച് ആറിന് മുഖ്യമന്ത്രി ആർ. ശങ്കറാണ് ശിലയിട്ടത്. അതേവർഷം ഓഗസ്റ്റിൽ (ചിങ്ങം ഒന്നിന്) ഒന്നാംവർഷ എം.ബി.ബി.എസ്. ക്ലാസുകളും തുടങ്ങി. 1972 ഒക്ടോബർ 17-ന് ടി.ഡി. മെഡിക്കൽ കോളേജും അതുമായി ബന്ധപ്പെട്ട വസ്തുക്കളും സർക്കാർ ഏറ്റെടുത്തു. സി. അച്യുതമേനോൻ സർക്കാരാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്.
തുടക്കത്തിൽ അൻപതും പിന്നീട് നൂറും ഇപ്പോൾ നൂറ്റൻപതുമായി എം.ബി.ബി.എസ്. സീറ്റുകൾ ഉയർന്നു. ഇപ്പോൾ നൂറിനു മുകളിൽ പി.ജി. സീറ്റുകളുമുണ്ട്. സർവകലാശാലാ റാങ്കുകളിൽ റെക്കോഡുമായി മെഡിക്കൽ കോളേജ് മുന്നേറുമ്പോൾ ഇതിനൊപ്പമുള്ള ആശുപത്രിയുടെ സ്ഥിതി അത്ര മെച്ചമല്ല എന്നതാണ് പ്രധാന വെല്ലുവിളി. 63 കൊല്ലം പിന്നിടുമ്പോഴും സമ്പൂർണ ചികിത്സാകേന്ദ്രമായി മാറാൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് കഴിഞ്ഞിട്ടില്ല എന്നത് യാഥാർഥ്യം.
കലാപഠനത്തിനും ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം
: ആലപ്പുഴയുടെ വിദ്യാഭ്യാസചരിത്രം പൊതുവിദ്യാഭ്യാസത്തിലും സാധാരണ കോളേജ് പഠനത്തിലും മാത്രം ഒതുങ്ങുന്നതല്ല. കലാപഠനരംഗത്തും ജില്ലയ്ക്ക് സമ്പന്നമായ പാരമ്പര്യമുണ്ട്. മാവേലിക്കരയിൽ 1915-ൽ രാജാരവിവർമയുടെ മകനായ ആർട്ടിസ്റ്റ് രാമവർമരാജയുടെ നേതൃത്വത്തിൽ ആരംഭിച്ച രാജാരവിവർമ സ്കൂൾ ഓഫ് പെയിന്റിങ് പിന്നീട് സർക്കാർ സ്ഥാപനമായി മാറി. 2000-ൽ ഫൈൻ ആർട്സ് കോളേജായി ഉയർത്തപ്പെട്ട ഈ സ്ഥാപനം ചിത്രകല, ശില്പകല, അപ്ലൈഡ് ആർട്ട് തുടങ്ങിയ മേഖലകളിൽ പഠനാവസരങ്ങൾ നൽകുന്നു. കേരളത്തിന്റെ കലാപാരമ്പര്യവും ആധുനിക കലാവിദ്യാഭ്യാസവും ബന്ധിപ്പിക്കുന്ന ഈ സ്ഥാപനം ആലപ്പുഴയുടെ വിദ്യാഭ്യാസവളർച്ചയിലെ വേറിട്ട അധ്യായമാണ്.
അസൗകര്യങ്ങളുടെ നടുവിൽ കുട്ടനാട്
: കുട്ടനാട്ടിൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും എയ്ഡഡ്, അൺ എയ്ഡഡ് സ്ഥാപനങ്ങളാണ്. മങ്കൊമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും കാവാലം ഗവ. ടെക്നിക്കൽ ഹൈസ്കൂളിലും അടിസ്ഥാനസൗകര്യം അപര്യാപ്തമാണ്. ആധുനിക ക്ലാസ്മുറികളോ അനുബന്ധസൗകര്യങ്ങളോ ഇവിടെയില്ല.
ടെക്നിക്കൽ സ്കൂൾ സ്ഥാപിച്ചിട്ട് നാലു പതിറ്റാണ്ടായിട്ടും ഒരു സൗകര്യവുമില്ലാതെ ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യുടെ കീഴിൽ 1999-ലാണ് പുളിങ്കുന്ന് എൻജിനിയറിങ് കോളേജ് സ്ഥാപിച്ചത്. കുട്ടനാട് പോലുള്ള ഒരു ഗ്രാമീണമേഖലയിൽ കോളേജ് സ്ഥിതിചെയ്യുന്നതുവഴി വലിയ സാമ്പത്തികച്ചെലവില്ലാതെ പ്രാദേശിക വിദ്യാർഥികൾക്ക് മികച്ച എൻജിനിയറിങ് വിദ്യാഭ്യാസം നേടാൻ സാധിക്കുന്നു. പുളിങ്കുന്നിന്റെയും സമീപ പ്രദേശങ്ങളുടേയും വികസനത്തിന് കോളേജിന്റെ വരവോടെ വഴിയിട്ടു. എന്നാൽ, ലാബുകളുടെ പോരായ്മ വലിയ പ്രതിസന്ധിയാണ്. ഇവിടെ പലതും പഴയ ഉപകരണങ്ങളാണ് ഉള്ളതെന്നും വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി കംപ്യൂട്ടറുകളില്ലെന്നും ആക്ഷേപമുണ്ട്.
മതിയായ ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ മറ്റു സ്ഥലങ്ങളിൽനിന്നു വരുന്ന വിദ്യാർഥികൾക്ക് ഹോംസ്റ്റേകളെയോ സ്വകാര്യ ഹോസ്റ്റലുകളെയോ ആശ്രയിക്കേണ്ടിവരുന്നു. ചില വിഭാഗങ്ങളിൽ ആവശ്യത്തിന് സ്ഥിരം അധ്യാപകരില്ലാത്തത് പഠനനിലവാരത്തെ ബാധിക്കുന്നതായി പരാതിയുണ്ട്.
മികവിന്റെ മാനദണ്ഡം മാറണം
: സ്ഥാപനങ്ങളുടെ എണ്ണവും അടിസ്ഥാനസൗകര്യങ്ങളും വിദ്യാഭ്യാസവികസനത്തിന്റെ പ്രധാന സൂചകങ്ങളാണ്. എന്നാൽ, അതുകൊണ്ടുമാത്രം വിദ്യാഭ്യാസരംഗം മികവിലെത്തിയെന്നു പറയാനാകില്ല. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് അനുയോജ്യമായ തൊഴിൽ ലഭിക്കുന്നുണ്ടോ, തൊഴിൽവിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്സുകൾ മതിയായ രീതിയിൽ ലഭ്യമാണോ, ഗവേഷണത്തിനും സംരംഭകത്വത്തിനും ജില്ലയിൽ എത്ര അവസരങ്ങളുണ്ട് തുടങ്ങിയ ചോദ്യങ്ങളും പ്രസക്തമാണ്. വിദ്യാഭ്യാസം നേടാനുള്ള അവസരം വർധിക്കുന്നതോടൊപ്പം ആ വിദ്യാഭ്യാസം ജീവിതനിലവാരം മെച്ചപ്പെടുത്താനും തൊഴിൽ നേടാനും സഹായിക്കുന്നുണ്ടോ എന്നതും വിലയിരുത്തണം.
ജില്ലയിലെ പ്രധാന നഗരമായിട്ടും കായംകുളം മേഖലയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്ഥാപനങ്ങൾ കുറവാണ്. വിദ്യാർഥികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യവുമില്ല. സർക്കാർ മേഖലയിൽ വിദ്യാഭ്യാസമേഖലയിലെ കെട്ടിടങ്ങൾ ആവശ്യത്തിനുണ്ടെങ്കിലും അത്യാധുനിക ലാബുകളോ സൗകര്യങ്ങളോ ഇല്ല. എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിൽ കാര്യമായ പുരോഗതിയില്ല. വിദ്യാർഥികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഓരോ വർഷവും ഒന്നാം ക്ലാസിൽ ചേരുന്ന വിദ്യാർഥികളുടെ എണ്ണം കുറയുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതു ഏറ്റവും കൂടുതൽ ബാധിക്കുന്നത് പൊതുവിദ്യാഭ്യാസമേഖലയെ ആണ്. ചെങ്ങന്നൂരിൽ രണ്ടുവർഷം മുൻപ് കുട്ടികളുടെ എണ്ണത്തിലെ കുറവുമൂലം നഗരത്തിലെ നാലു സ്കൂളുകൾ ലയിപ്പിച്ച് ഒറ്റ സ്കൂളാക്കിയിരുന്നു. കുട്ടികളുടെ കുറവ് ഹയർ സെക്കൻഡറിയിലും ദൃശ്യമാണ്. കലാലയങ്ങളും ഇതേ പ്രതിസന്ധി നേരിടുകയാണ്. ഇതിനെ മറിക്കാൻ എ.ഐ.യ്ക്ക് പ്രാധാന്യമുള്ള നവീന കോഴ്സുകൾ തുടങ്ങിയിട്ടുണ്ടെങ്കിലും കാര്യമായ ഫലം കാണുന്നില്ല.