ഇവിടുണ്ട് കൂറ്റൻ അന്ത്യത്താഴ ചിത്രം

അർത്തുങ്കൽ : അന്ത്യത്താഴ സ്മരണയിൽ ക്രൈസ്തവർ പെസഹ ആചരിക്കുമ്പോൾ അത്രത്തോളം പ്രാധാന്യത്തോടെ മനസ്സിലേക്കു കടന്നുവരുന്ന ഒരു ചിത്രമാണ് അന്ത്യത്താഴചിത്രം.
ലോകപ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി വരച്ച ചിത്രത്തിന്റെ മാതൃകയിൽ ഒരു കൂറ്റൻ ചിത്രം ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിലുമുണ്ട്. ചിത്രകാരൻ അർത്തുങ്കൽ സ്വദേശിയായ എ.ടി. ജോണാണ്.
1933 ലാണ് ചിത്രകലാധ്യാപകൻ കൂടിയായ അരശ്ശേരിൽ എ.ടി. ജോൺ ചിത്രം പൂർത്തിയാക്കുന്നത്. അന്നുമുതൽ കത്തീഡ്രലിൽ ചിത്രം നിധിപോലെ സൂക്ഷിക്കുന്നു. ഒരിക്കൽ പള്ളിയുടെ ഒരു ഭാഗം മുഴുവനായി ഇടിഞ്ഞുവീണിട്ടും നശിക്കാത്ത ഈ ചിത്രം പുതിയ കത്തീഡ്രലിൽ ഇന്നും പരിപാലിച്ചുപോരുന്നു.
40 അടി നീളവും 14 അടി വീതിയുമുള്ളതാണ് ചിത്രം ഒരുനൂറ്റാണ്ടോളം പഴക്കമുള്ള ചിത്രം കാണാനും പഠിക്കാനും ചിത്രകാരന്മാരുൾപ്പെടെ ധാരാളമാളുകൾ വരുന്നുണ്ടെന്ന് വികാരി ഫാ. ഫ്രാൻസിസ് കൊടിയനാട് പറഞ്ഞു.