അരൂർ-തുറവൂർ ഉയരപ്പാത; ഒന്നാം ഘട്ട ഭാരപരിശോധന പൂർത്തിയായി

അരൂർ-തുറവൂർ ഉയരപ്പാതയിൽ ടോറസ് ലോറികൾ ഉപയോഗിച്ച് ഭാര പരിശോധന നടത്തുന്നു
അരൂർ-തുറവൂർ ഉയരപ്പാതയിൽ ടോറസ് ലോറികൾ ഉപയോഗിച്ച് ഭാര പരിശോധന നടത്തുന്നു

തുറവൂർ: അരൂർ-തുറവൂർ ഉയരപ്പാതയുടെ 90 ശതമാനം ജോലികളും പൂർത്തിയായ സാഹചര്യത്തിൽ ഒന്നാം ഘട്ട ഭാരപരിശോധന നടത്തി. 36 ടൺ വീതം ഭാരം കയറ്റിയ ഒൻപത് ടോറസ് ലോറികളാണ് ഇതിനായി ഉപയോഗിച്ചത്. ചന്തിരൂരിൽ പില്ലർ നമ്പർ 58 മുതൽ 65 വരെയുള്ള നാലു സ്‌പാനിലായിരുന്നു പരിശോധന.

പാലത്തിന്റെ സുരക്ഷയും ഭാരം താങ്ങാനുള്ള ശേഷിയും വിലയിരുത്തുന്നതിനായി വിദഗ്‌ധ സംഘത്തിൻ്റെ നേതൃത്വത്തിലാണിതു നടത്തിയത്. അരൂർ മുതൽ തുറവൂർ വരെ 354 തൂണുകളിലായിട്ടാണ് നിലവിലെ പാത സ്ഥിതി ചെയ്യുന്നത്. തൂണുകൾ, ഗർഡറുകൾ, ബീമുകൾ, സ്ലാബുകൾ, കൂട്ടിച്ചേർക്കലുകൾ, അടിത്തറ എന്നിവയിൽ വിള്ളലുകളോ കേടുപാടുകളോ ഉണ്ടോയെന്ന് പരിശോധിച്ചു.

ഭാരം കയറ്റുമ്പോൾ പാലം താഴുന്നുണ്ടോയെന്ന് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്ന സെൻസറുകളും ക്ലോക്കു പോലെ നേരിൽ കണ്ടു മനസിലാക്കാൻ കഴിയുന്ന ഉപകരണമായ ഡയൽ ഗേജുകളും സ്ഥാപിച്ചു. തുടർന്ന് റാംപു വഴി കുകളിൽ എത്തിച്ച ഭാരം കയറ്റിയ ലോറികൾ പാലത്തിൽ പലയിടത്തായി നിർത്തിയിട്ടു. പാലത്തിൻ്റെ സ്ലാബിനും ബീമുകൾക്കും ഉണ്ടാകുന്ന ചെറിയ വളവ്, താഴ്ന്നുപോകൽ, വിറയൽ, സമ്മർദം എന്നിവ രേഖപ്പെടുത്തി. ഭാര വാഹനങ്ങൾ 24 മണിക്കൂർ പാതയിൽ നിർത്തിയിട്ടു. പരിശോധന വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

പല ഘട്ടങ്ങളിലായി എട്ടു പരിശോധനകൾ കൂടി ഇനിയും നടത്താനുണ്ട്. തുറവൂരിൽ നീളം കൂട്ടുന്ന ഭാഗത്തെ തൂണുകളുടെ പണിയും അരൂരിലും തുറവൂരിലും അനുബന്ധ റോഡുകളുടെ പണിയും പുരോഗമിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഒറ്റത്തൂൺ പാതയാണിത്. അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കിലോമീറ്ററിൽ പാതയുടെ വശങ്ങളിലും മധ്യഭാഗത്തും കോൺക്രീറ്റു ബാരിയറുകൾ സ്ഥാപിച്ചു കഴിഞ്ഞു. ടാറിങ് ജോലികളും സൗണ്ട് ബാരിയർ സ്ഥാപിക്കലും പൂർത്തിയായിട്ടില്ല. സ്പാനുകൾക്കിടയിലുള്ള വിടവുകൾ കമ്പിയും കോൺക്രീറ്റുമുപയോഗിച്ച് അടയ്ക്കുന്ന ജോലികൾ നടക്കുന്നുണ്ട്.

Content Highlights: The first phase of the load test on the Aroor-Thuravoor elevated highway has been successfully completed using nine fully loaded Taurus trucks.