അഗ്രി ക്ലിനിക്, രോഗകീടനിർണ്ണയ ക്യാമ്പുകൾ; ഗ്രാമീണ കർഷകരെ ചേർത്തുനിർത്തി വെള്ളായണി കാർഷിക കോളേജ്

'ഗ്രാമോദയ' സമാപനം
'ഗ്രാമോദയ' സമാപനം

കാട്ടാക്കട : ഗ്രാമീണ കർഷക സമൂഹത്തോടുള്ള ബന്ധം ഊട്ടിയുറപ്പിച്ച് വെള്ളായണി കാർഷിക കോളേജ് വിദ്യാർഥികൾ. അവസാന വർഷ ബിരുദ വിദ്യാർഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഗ്രാമീണ സഹവാസ പരിപാടി 'ഗ്രാമോദയ’ കർഷക സൗഹൃദ പരിപാടികളിലൂടെ ശ്രദ്ധനേടി.

വെള്ളായണി കാർഷിക കോളേജ്,  കാർഷിക വിജ്ഞാന വിദ്യാഭ്യാസ വിഭാഗം, കാട്ടാക്കട ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഒരാഴ്ച്ച നീണ്ടുനിന്ന പരിപാടിയിൽ മണ്ണ് പരിശോധന, ഗ്രാമീണ വിശകലന പരിപാടി, അഗ്രി ക്ലിനിക്, അടുക്കളത്തോട്ട നിർമാണം, കാർഷിക സെമിനാറുകൾ, പരിശീലന പരിപാടികളുൾപ്പടെ നിരവധി കാർഷിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.   
  
വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും ചേർന്ന് നാഞ്ചല്ലൂർ ഏല സന്ദർശിക്കുകയും പരീച്ഛേദപര്യടനത്തിലൂടെയും(ട്രാൻസെക്ട് നടത്തം) ഗ്രാമീണ വിശകലന പരിപാടിയിലൂടെയും കർഷകരും ജനപ്രതിനിധികളുമായുള്ള സംവാദത്തിലൂടെയും പ്രദേശത്തെ കൃഷി രീതികളും കാർഷിക പ്രശ്നങ്ങളും കാർഷിക വിഭവങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും മനസ്സിലാക്കി. മെമ്പർമാരും വിദ്യാർഥികളും തമ്മിലുള്ള പൊതു ചർച്ചയിലൂടെ പഞ്ചായത്തിലെ കാർഷിക മേഖലയിലെ നിലവിലെ പ്രവർത്തനങ്ങളും പദ്ധതികളും വിലയിരുത്തി. 

കൃഷി സംബന്ധമായ വാർത്തകൾ തത്സമയം വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം https://mbi.page.link/agriculture

കർഷകർക്ക് വിളവ് വർദ്ധിപ്പിക്കാൻ സഹായകമാകുന്ന കാർഷിക രോഗ കീട നിർണ്ണയ ക്യാമ്പുകൾ പഞ്ചായത്തിലെ എട്ട് പ്രദേശങ്ങളിലായി സംഘടിപ്പിച്ചു. വാഴയിലെ മാണവണ്ട്, കപ്പയിലെ പൂപ്പൽ രോഗം, പച്ചക്കറികളിലെ വാട്ടവും പുഴു അക്രമണവും, റബ്ബറിലെ ടാപ്പിങ് പാനൽ ഡ്രൈനെസ്റ്റ് എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന പ്രശ്നങ്ങളായി കണ്ടെത്തിയത്. ഇരുന്നൂറിലേറെ കർഷകർക്ക് സഹായമേകാൻ അഗ്രി ക്ലിനിക്കിലൂടെ വിദ്യാർഥികൾക്ക് സാധിച്ചു. 

അഗ്രി ക്ലിനിക്കിനോടൊപ്പം ബഡ്ഡിങ്, ഗ്രാഫറ്റിങ്, മൈക്രോഗ്രീൻ നിർമ്മാണം, ചെറു ധാന്യ മൂല്യവർധിത ഉത്പന്നങ്ങൾ, ട്രൈക്കോടെർമ, തിരിനന, കായീച്ച ജൈവ കീട നിയന്ത്രണമാർഗ്ഗങ്ങൾ, ചെറുതേനീച്ച കൃഷി, കൂൺകൃഷി എന്നിങ്ങനെ 15ലധികം പ്രായോഗിക പരിശീലന പരിപാടികൾവഴി നിരവധി കർഷകർക്ക് അറിവുകൾ പകർന്നു. എഴുപതിലേറെ മണ്ണ് സാമ്പിളുകളുടെ പരിശോധനയും നടത്തുകയും പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. കോഴി വളർത്തൽ, കാലിവളർത്തൽ, കർഷകരുടെ തദ്ദേശീയ അറിവുകളും അനുഭവങ്ങളും ഉൾപ്പടെ നിരവധി സെമിനാറുകൾ നടത്തുകയും കാട്ടാകട  പഞ്ചായത്തിലെ വിവിധ വാർഡുകളിലായി ഒമ്പതോളം അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ചു നൽകുകയും ചെയ്തു . 

കാർഷിക പ്രദർശന വിപണനമേള, ഗ്രാമീണ കർഷകരുടെയും വിദ്യാർഥികളുടെയും കലാപരിപാടികൾ, കുടുംബശ്രീ പ്രവർത്തകരുടെ പാചക മത്സരം, ലഹരിക്കതിരായ അവബോധം പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധപരിപാടികൾ സംഘടിപ്പിച്ചു. 

Content Highlights: vellayani agriculture college agri workshop