പ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടു; വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ അലയടികൾ രാജ്യത്തെ രാസവളം ഉത്പാദന മേഖലയിലും പ്രതിഫലിക്കുന്നു. യുദ്ധം മൂലം യൂറിയ ഉൾപ്പെടെയുള്ള രാസവളങ്ങളുടെ ഉത്പാദനത്തിന് ആവശ്യമായ ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി.)ത്തിന്റെ വരവ് കുറഞ്ഞതാണ് തിരിച്ചടിയാകുന്നത്.
ഖത്തർ സർക്കാരിന് കീഴിലുള്ള പെട്രോളിയം കമ്പനിയായ ഖത്തർ എനർജിയിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള പ്രകൃതിവാതകത്തിന്റെ വലിയൊരു പങ്കെത്തുന്നത്. തങ്ങളുടെ ഊർജ പ്ലാന്റുകൾക്ക് നേരേ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായതോടെ ഖത്തർ എനർജി ഉത്പാദനം നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ ഖത്തറിൽ നിന്ന് കരാർ പ്രകാരമുള്ള അളവിൽ പ്രകൃതിവാതകം എത്തിക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് ഇന്ത്യയിലെ പ്രകൃതിവാതക വിതരണ കമ്പനിയായ പെട്രോനെറ്റ് എൽ.എൻ.ജി. അറിയിച്ചു. തങ്ങളിൽ നിന്ന് പ്രകൃതിവാതകം വാങ്ങുന്ന ഗെയിൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.), ഭാരത് പെട്രോളിയം (ബി.പി.സി.എൽ.) എന്നിവയ്ക്കുള്ള വിതരണം തടസ്സപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് പെട്രോനെറ്റ് എൽ.എൻ.ജി. അറിയിപ്പ് പുറപ്പെടുവിച്ചത്.
എൽ.എൻ.ജി.യുടെ വരവ് കുറഞ്ഞതോടെ രാജ്യത്തെ പ്രധാന രാസവളം നിർമാണശാലകൾക്ക് ഉത്പാദനം കുറയ്ക്കേണ്ട സാഹചര്യമുണ്ടായേക്കും. നിലവിലുള്ള സ്റ്റോക്ക് കാലിയാകുന്നതിന് മുൻപ് ലഭ്യത ഉറപ്പാക്കാനായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.
ഖത്തറിലെ ഉത്പാദന പ്രതിസന്ധി തുടരുകയാണെങ്കിൽ വ്യാവസായിക ആവശ്യങ്ങൾക്കായുള്ള പ്രകൃതിവാതകത്തിന്റെ വിതരണം വെട്ടിക്കുറയ്ക്കുമെന്നാണ് നിലവിലെ വിവരം. അങ്ങനെയെങ്കിൽ രാസവളം ഉത്പാദനം കൂടുതൽ പരുങ്ങലിലാകും. രാജ്യത്ത് പ്രതിദിനം 19.5 കോടി സ്റ്റാൻഡേഡ് ക്യുബിക് മീറ്റർ പ്രകൃതിവാതകമാണ് ഉപയോഗിക്കുന്നത്. ഇതിൽ ആറ് കോടിയുടെ കുറവാണ് ഖത്തർ എനർജിയിലെ ഉത്പാദന പ്രതിസന്ധി മൂലം ഉണ്ടാകുന്നത്.
ഖത്തറിൽനിന്ന് 42 ശതമാനം എൽ.എൻ.ജി.
ഉപയോഗത്തിനായുള്ള പ്രകൃതിവാതകത്തിന്റെ പകുതിയോളം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ 42 ശതമാനത്തോളം ഖത്തറിൽ നിന്ന് ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. പെട്രോനെറ്റ് എൽ.എൻ.ജി.ക്ക് ഖത്തറുമായി പ്രതിവർഷം 85 ലക്ഷം ടൺ എൽ.എൻ.ജി. വാങ്ങാൻ ദീർഘകാല കരാറുണ്ട്. ഇതിനുപുറമേ ഖത്തറിലെ സ്പോട്ട് മാർക്കറ്റിൽനിന്നും വാതകം വാങ്ങാറുണ്ട്. ഹോർമുസിലെ കുരുക്ക് ഒഴിവാക്കി ഓസ്‌ട്രേലിയയിൽ നിന്നും കാനഡയിൽ നിന്നുമാണ് നിലവിൽ കൂടുതൽ എൽ.എൻ.ജി. എത്തിക്കാനാവുക.
പ്രതിസന്ധിയില്ലെന്ന് ഫാക്ട്
കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ എൽ.എൻ.ജി.യുടെ ലഭ്യതക്കുറവ് മൂലമുള്ള പ്രതിസന്ധിയില്ലെന്ന് ഉദ്യോഗമണ്ഡൽ യൂണിറ്റ് മേധാവി ആർ. ദിലീപ് പറഞ്ഞു. രാസവളം നിർമാണശാലയായ ഫാക്ടിൽ പെട്രോനെറ്റ് എൽ.എൻ.ജി.യുടെ പുതുവൈപ്പ് ടെർമിനലിൽ നിന്നാണ് ആവശ്യത്തിന് പ്രകൃതിവാതകം എത്തുന്നത്. ഇവിടേക്ക് ഓസ്‌ട്രേലിയയിൽനിന്നാണ് എൽ.എൻ.ജി. എത്തിക്കുന്നതെന്നും ഏപ്രിൽ ഒന്ന് വരെയുള്ള ആവശ്യത്തിന് സ്റ്റോക്കുള്ളതായും അദ്ദേഹം വ്യക്തമാക്കി.
Content Highlights: India's fertilizer production faces a crisis due to LNG supply disruptions from Qatar. affects industrial output and supply chains. Get