വളം കിട്ടാൻ സ്മാർട്ട് ഫോൺ വേണം; സർക്കാരിന്റെ 'ഡിജിറ്റൽ' നിബന്ധനയിൽ വലഞ്ഞ് കർഷകർ

#സഞ്ജു സെബാസ്റ്റ്യൻ
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

വടക്കഞ്ചേരി: 'ഒന്നാം വിളയ്ക്ക് ഞാറ് നട്ടെങ്കിലും വളമിട്ടിട്ടില്ല. വളം കിട്ടാൻ 25,000 രൂപ മുടക്കി പുതിയ മൊബൈൽ ഫോൺ വാങ്ങേണ്ട സ്ഥിതിയാണ്. സപ്ലൈകോയ്ക്ക് നെല്ല് നൽകിയതിന്റെ പണം ഇപ്പോഴും കിട്ടിയിട്ടില്ല. കൃഷിവകുപ്പിൽ നിന്നുള്ള മിക്ക ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുകയാണ്. ഫോൺ വാങ്ങാൻ എങ്ങനെ പണം കണ്ടെത്തുമെന്ന് ഒരു പിടിയുമില്ല.' അഞ്ചുമൂർത്തിമംഗലം തെക്കേത്തറയിലെ കർഷകനായ ജി. ശിവകുമാറിന്റെ ആശങ്കയാണിത്.

വളം കിട്ടാൻ ഫ്രയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ (എഫ്.എഫ്.എസ്.) എന്ന ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയാണ് കർഷകരെ വലയ്ക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്യണെങ്കിൽ കൈയിലുള്ള സ്മാർട്ട് ഫോൺ പുതിയ വേർഷനിൽ ഉള്ളതുമായിരിക്കണം. സ്മാർട്ട് ഫോൺ ഉണ്ടെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും സഹായത്തിനായി അക്ഷയ കേന്ദ്രത്തിലേക്കും കൃഷിഭവനിലേക്കും ഓടുകയാണ് മിക്ക കർഷകരും.

കർഷകർ പതിവായി ഉപയോഗിക്കുന്ന സബ്‌സിഡിയുള്ള നേർവളങ്ങളായ യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ്, ഡൈ അമോണിയം ഫോസ്‌ഫേറ്റ് എന്നിവ കിട്ടണമെങ്കിൽ പുതിയ വേർഷനിലുള്ള സ്മാർട്ട് ഫോൺ നിർബന്ധമാണ്. സ്മാർട്ട് ഫോൺ വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ സബ്‌സിഡിയില്ലാത്ത മിശ്രിതവളം വാങ്ങി തൃപ്തിപ്പെടേണ്ടി വരും.

ആപ്പ് വഴി രജിസ്റ്റർ ചെയ്തു കഴിയുമ്പോൾ, ഫോണിൽ ക്യു.ആർ. കോഡ് ലഭിക്കും. ഇതുമായി വളക്കടയിലെത്തണം. കടയിലെ പി.ഒ.എസ്. മെഷനിൽ ക്യു.ആർ. കോഡ് സ്കാൻ ചെയ്യുമ്പോഴാണ് വളം ലഭിക്കുക. ക്യു.ആർ. കോഡിന്റെ കാലാവധി രണ്ടുദിവസം മാത്രമെ ഉള്ളു. ഇതിനുള്ളിൽ വളം വാങ്ങാനായില്ലെങ്കിൽ വീണ്ടും ആപ്പിൽ രജിസ്റ്റർ ചെയ്ത് പുതിയ ക്യു.ആർ. കോഡ് എടുക്കണം. ഇതിനെല്ലാം പുറമെ, ഓൺലൈൻ സംവിധാനമായ അഗ്രിസ്റ്റാക്കിൽ രജിസ്റ്റർ ചെയ്ത് ഫാർമർ ഐ.ഡി.യും എടുത്തിരിക്കണം. മൊബൈൽ ആപ്പ് വഴി മാത്രം രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന മാറ്റി വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനുള്ള ക്രമീകരണം കൊണ്ടുവരണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

Content Highlights: Kerala farmers face hurdles as government mandates FFS app and smartphone for fertilizer access.