രസമുകുളങ്ങളെ കബളിപ്പിക്കും; പുളിരസം മധുരതരമാക്കും അതിശയഫലം

മിറക്കിൾ ഫ്രൂട്ട് | Photo: veliyathgarden.com
മിറക്കിൾ ഫ്രൂട്ട് | Photo: veliyathgarden.com

ഫ്രഞ്ച് പര്യവേക്ഷകനും നാവികനും അടിമക്കച്ചവടക്കാരനുമായിരുന്ന ഷെവലിയർ ഡെസ് മാർക്കായിസ് പുതിയ ഫലസസ്യങ്ങൾ തേടി നിരന്തരം യാത്രകൾ നടത്തുക പതിവായിരുന്നു. ഒരിക്കൽ അദ്ദേഹം പശ്ചിമ ആഫ്രിക്കയിലേക്കുള്ള യാത്രാമധ്യേ ബെനിൻ എന്ന സ്ഥലത്തെത്തി. അവിടെ അദ്ദേഹം കൗതുകകരമായ ഒരു കാഴ്ച കണ്ടു; ഒരു കൂട്ടം ആദിവാസികൾ വളഞ്ഞിരുന്നു ഭക്ഷണം കഴിക്കാൻ വട്ടംകൂട്ടുന്നു. അവരുമായി ഇടപഴകിയപ്പോൾ ആതിഥ്യമര്യാദയുള്ള നിഷ്കളങ്കരായ ആദിവാസികൾ അദ്ദേഹത്തെയും ഭക്ഷണത്തിനു ക്ഷണിച്ചു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്; പ്രധാനഭക്ഷണം കഴിയ്ക്കുവാൻ തുടങ്ങുന്നതിനു മുൻപായി അവർ  കടുംചുവപ്പുനിറത്തിലുള്ള ഒരു പഴം കഴിക്കുന്നു; അതിനുശേഷമാണ് അവരെല്ലാവരും പ്രധാന ഭക്ഷണം കഴിക്കാൻ തുടങ്ങുന്നത്.
മാർക്കായിസ് ഗോത്രത്തലവനോട് ചോദിച്ചു: ‘എന്തിനാണ് ഈ പഴം നിങ്ങൾ ഭക്ഷണത്തിനു മുൻപ് കഴിക്കുന്നത്?’ 
‘ഈ പഴം കഴിച്ചിട്ട് പിന്നെ ഭക്ഷണം കഴിച്ചാൽ അതിലുള്ള ഒന്നിന്റെയും പുളിയോ കയ്‌പോ നമുക്കനുഭവപ്പെടുകയില്ല… പകരം എന്ത് കഴിച്ചാലും മധുരം മാത്രമേ നാവിലുണ്ടാകുകയുള്ളൂ !’

ഇങ്ങനെയും ഒരു അത്ഭുതഫലമോ? ഏതു രസത്തെയും മധുരതരമാക്കാനുള്ള സിദ്ധി കിട്ടിയ ഈ ഫലം തികഞ്ഞ ഒരു വിസ്മയം തന്നെ; അവരോടൊപ്പം അത് കഴിച്ചുനോക്കിയപ്പോൾ അദ്ദേഹത്തിനും അത് ബോധ്യമായി. കയ്പും പുളിയും ചവർപ്പും ഒക്കെ നിമിഷനേരം കൊണ്ട് മാറ്റിമറിച്ചു മധുരതരമാക്കുന്ന അപൂർവ്വസിദ്ധിയുള്ള ഈ പഴത്തെ കുറിച്ച് പിന്നീടാണ് പുറംലോകം അറിയുന്നത്. ഒരു പക്ഷെ ഈ പഴത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തുന്ന യൂറോപ്യൻ എന്ന ബഹുമതി മാർക്കായിസ് എന്ന ഫ്രഞ്ച് പര്യവേക്ഷകനായിരിക്കും.

Continue reading